ന്യൂഡൽഹി: ഖരഗ്പുർ ഐ.ഐ.ടി.യിൽ പഠിക്കുന്ന മകനെ സന്ദർശിക്കാൻ ഹോസ്റ്റൽ മുറിയിലെത്തിയ രക്ഷിതാക്കൾ കണ്ടത് മുറിയിൽ തൂങ്ങിയാടുന്ന മകന്റെ മൃതദേഹം. ഷോൺ മാലിക് (21) എന്ന മൂന്നാംവർഷ ഇലക്ട്രിക്കൽ എഞ്ചിനീയർ വിദ്യാർത്ഥിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഖരഗ്പുർ ഐ.ഐ.ടിയുടെ ആസാദ് ഹാൾ ഓഫ് റെസിഡൻസിലാണ് ഷോൺ മാലിക്കിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർച്ചയായി വിളിച്ചിട്ടും മറുപടി ലഭിക്കാതിരുന്നതിനെത്തുടർന്ന് ഷോണിന്റെ മാതാപിതാക്കളും ഹോസ്റ്റൽ സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് മുറിയുടെ വാതിൽ ബലംപ്രയോഗിച്ച് തുറക്കുകയായിരുന്നു.
ഇങ്ങനെയൊരു കടുംകൈ ചെയ്യാൻ വിദ്യാർത്ഥിയെ പ്രേരിപ്പിച്ച കാരണമെന്തെന്ന് അറിയില്ലെന്ന് ഖരഗ്പുർ ഐ.ഐ.ടി ഡയറക്ടർ അമിത് പത്ര പറഞ്ഞു.
ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഭക്ഷണവുമായാണ് ആ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ വന്നത്. എല്ലാ ഞായറാഴ്ചയും അവർ ഇങ്ങനെ വരാറുണ്ടായിരുന്നു.സ്വന്തം മകന്റെ മൃതദേഹം തൂങ്ങിക്കിടക്കുന്നതാണ് അവർ കണ്ടത്. മരിച്ച ഷോൺ പഠനത്തിൽ മിടുക്കനായിരുന്നെന്നും അമിത് പത്ര പറഞ്ഞു.