മുംബൈ: കരിയർ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുടെ തർക്കത്തിനൊടുവിൽ 25 കാരനായ എൻജിനീയറിങ് വിദ്യാർഥി മാതാപിതാക്കളെ കൊലപ്പെടുത്തി ദിവസങ്ങളോളം വീട്ടിൽ ഉപേക്ഷിച്ചു. നാഗ്പൂരിലാണ് ദാരുണമായ സംഭവം.
ഡിസംബർ 26നാണ് കുറ്റകൃത്യം നടന്നതെങ്കിലും ബുധനാഴ്ച രാവിലെ നാഗ്പൂരിലെ കപിൽ നഗർ പ്രദേശത്തുള്ള വീട്ടിൽനിന്ന് അയൽവാസികൾക്ക് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹത്തിന് ആറു ദിവസം പഴക്കമുണ്ടായിരുന്നു.
കുറ്റകൃത്യം കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർഥിയായ ഉത്കർഷ് ധാക്കോളിനെ ബുധനാഴ്ച തന്നെ അറസ്റ്റ് ചെയ്തു.സാമൂഹിക പ്രവർത്തകൻ ലീലാധർ ധക്കോൾ (55), സ്വകാര്യ സ്കൂൾ അധ്യാപികയായ അരുണ (50) എന്നിവരാണ് മകന്റെ കയ്യാൽ ദാരുണമായി കൊല്ലപ്പെട്ടത്.
പൊലീസ് പറയുന്നതനുസരിച്ച്, പ്രതിയായ ഉത്കർഷ് ധാക്കോൾ തുടർച്ചയായി വിഷയങ്ങളിൽ പരാജയപ്പെട്ടിട്ടും എൻജിനീയറിങ് തുടരാനുള്ള തീരുമാനത്തിന്റെ പേരിൽ കോഴ്‌സ് ഉപേക്ഷിക്കാൻ മാതാപിതാക്കൾ അവനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഈ ദേഷ്യത്തിൽ ഡിസംബർ 26ന് ഉച്ചകഴിഞ്ഞ് ഉത്കർഷ് ആദ്യം അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ പിതാവിനെ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആറു വർഷമായി ഉത്കർഷ് എൻജിനീയറിങ് പാസാകാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ‘എൻജിനീയറിങ് കോഴ്‌സിൽ നിരവധി വിഷയങ്ങൾ ക്ലിയർ ചെയ്യുന്നതിൽ ഉത്കർഷ് പരാജയപ്പെട്ടു.
അതിനാൽ, ആ കോഴ്സ് ഉപേക്ഷിച്ച് മറ്റെന്തെങ്കിലും തെരഞ്ഞെടുക്കണമെന്ന് അവന്റെ മാതാപിതാക്കൾ താൽപര്യം പ്രകടിപ്പിച്ചു.
എന്നാൽ, അവൻ അവരുടെ നിർദേശത്തിന് എതിരായിരുന്നു’ -ഡെപ്യൂട്ടി സൂപ്രണ്ട് നികേതൻ കദം പറഞ്ഞു.
ബുധനാഴ്ച മൃതദേഹങ്ങൾ കണ്ടെടുത്ത ശേഷം പൊലീസ് ഉത്കർഷിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ കുറ്റം ചെയ്തതായി സമ്മതിച്ചുവെന്നും അവർ പറഞ്ഞു.ഉത്കർഷ് തന്റെ സഹോദരിയിൽനിന്ന് കുറ്റകൃത്യം മറച്ചുവെക്കുകയും അവളെ അവരുടെ അമ്മാവന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
അവിടെ രണ്ടുപേരും കുറച്ച് ദിവസം താമസിച്ചു. മാതാപിതാക്കൾ മൊബൈൽ ഫോണുകൾ അനുവദിക്കാത്ത ഒരു ധ്യാന സെഷനിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ പോയെന്ന് അവളെ തെറ്റിദ്ധരിപ്പിച്ചു.ഉത്കർഷ് പിതാവിന്റെ മൊബൈൽ ഫോൺ തന്റെ പക്കൽ സൂക്ഷിച്ചിരുന്നു. സഹോദരിക്ക് സംശയം തോന്നാതിരിക്കാൻ ഡിസംബർ 27ന് പിതാവിന്റെ മൊബൈലിൽ നിന്ന് ജനുവരി 5നകം മടങ്ങിവരുമെന്ന് അറിയിച്ചുകൊണ്ട് സന്ദേശം അയച്ചതായും ഡി.സി.പി പറഞ്ഞു.
ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.