പഴയ സ്മാർട്ട്ഫോണില്‍ വാട്സ്‌ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ജനുവരി 1 മുതല്‍ വാട്സ്‌ആപ്പ് സപ്പോർട്ട് ഉണ്ടാകില്ല എന്ന് വാട്സ്‌ആപ്പ് അറിയിച്ചു.
കിറ്റ്കാറ്റ് ഒഎസിലോ അതിന് മുൻപുള്ള ഒഎസുകളിലോ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകള്‍ക്കുള്ള പിന്തുണ 2025 ജനുവരി 1 മുതല്‍ നിർത്തലാക്കും എന്നാണ് അറിയിപ്പ്. ഏറ്റവും പുതിയ ഫീച്ചറുകളും സുരക്ഷാ സൗകര്യങ്ങളും വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് വാട്സ്‌ആപ്പിന്റെ ഈ നടപടി. ഇപ്പോള്‍ ഉപയോഗത്തിലുള്ള മിക്ക സ്മാർട്ട്ഫോണുകളും പുതിയ ആൻഡ്രോയിഡ് ഒഎസുകളില്‍ ആണ് പ്രവർത്തിക്കുന്നത്. എങ്കിലും ചില പഴയ ഫോണുകളില്‍ 2013-ല്‍ അവതരിപ്പിക്കപ്പെട്ട ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഒഎസ് ഉപയോഗിക്കുന്നുണ്ട്. ഈ ഫോണുകള്‍ക്കാണ് പണികിട്ടാൻ പോകുന്നത്.
കിറ്റ്കാറ്റ് ഒഎസിനുള്ള പിന്തുണ ഘട്ടം ഘട്ടമായി പിൻവലിക്കാനാണ് വാട്സ്‌ആപ്പിന്റെ മാതൃകമ്ബനിയായ മെറ്റയുടെ തീരുമാനം. പുതിയ ഒഎസുകള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് വാട്സ്‌ആപ്പിന്റെ പല ഫീച്ചറുകളും എത്താറുള്ളത്. പഴയ ഫോണുകളില്‍ ഈ പുതിയ ഫീച്ചറുകള്‍ പ്രവർത്തിക്കില്ല. ഈ സാഹചര്യത്തിലാണ് ഉപയോക്താക്കളുടെ സുരക്ഷകൂടി കണക്കിലെടുത്തുകൊണ്ട് വാട്സ്‌ആപ്പ് ഇടയ്ക്കിടയ്ക്ക് ഇത്തരത്തില്‍ പഴയ ഒഎസുകള്‍ക്കുള്ള പിന്തുണ പിൻവലിക്കാറുള്ളത്.
സാംസങ്, മോട്ടറോള, എച്ച്‌ടിസി, എല്‍ജി, സോണി തുടങ്ങിയ സ്മാർട്ട്ഫോണ്‍ ബ്രാൻഡുകള്‍ വർഷങ്ങള്‍ക്ക് മുൻപ് പുറത്തിറക്കിയ ചില സ്മാർട്ട്ഫോണുകളിലാണ് ജനുവരി മുതല്‍ വാട്സ്‌ആപ്പ് പിന്തുണ ലഭ്യമാകാത്തത്. ആ ആൻഡ്രോയിഡ് ഫോണുകളുടെ പൂർണ്ണ ലിസ്റ്റ് ഇവിടെ പരിചയപ്പെടാം. ഇവ ഉപയോഗിക്കുന്നവർ ഉണ്ടെങ്കില്‍ ഉടൻ തന്നെ കുറച്ചുകൂടി പുതിയ സ്മാർട്ട്ഫോണുകളിലേക്ക് മാറുന്നത് നന്നായിരിക്കും.
ജനുവരി മുതല്‍ വാട്സ്‌ആപ്പ് പിന്തുണ ലഭ്യമാകാത്ത ആൻഡ്രോയിഡ് ഫോണുകള്‍: സാംസങ്- ഗാലക്സി S3, ഗാലക്സി നോട്ട് 2, ഗാലക്സി എയ്സ് 3, ഗാലക്സി എസ്4 മിനി. മോട്ടറോള ഫോണുകള്‍: മോട്ടോ ജി (1st ജെൻ), റേസർ HD, മോട്ടോ E 2014. എച്ച്‌ടിസി ഫോണുകള്‍: വണ്‍ x, ഡിസയർ 500, ഡിസയർ 601.
എല്‍ജി ഫോണുകള്‍: ഒപ്റ്റിമസ് G, നെക്സസ് 4, G2 മിനി, L90. സോണി ഫോണുകള്‍: എക്സ്പീരിയ Z, എക്സ്പീരിയ SP, എക്സ്പീരിയ V. ഇത്രയും ആൻഡ്രോയിഡ് ഫോണുകളിലാണ് ജനുവരി 1 മുതല്‍ വാട്സ്‌ആപ്പ് അപ്ഡേറ്റുകള്‍ ലഭിക്കാത്തത്. ആൻഡ്രോയിഡ് ഫോണുകള്‍ക്ക് മാത്രമല്ല, ഐഫോണുകള്‍ക്കും വാട്സ്‌ആപ്പിന്റെ ഈ നയം ബാധകമാണ്.
2025 മെയ് 5 മുതല്‍ iOS 15.1-ന് മുൻപുള്ള പഴയ ഒഎസിലുള്ള ഫോണുകള്‍ ഉപയോഗിക്കുന്നവർക്ക് വാട്സ്‌ആപ്പ് ആക്‌സസ് ചെയ്യാൻ കഴിയില്ല. നിലവില്‍ iOS 12, അതിന് ശേഷമുള്ള ഐഒഎസ് വേർഷനുകള്‍ എന്നിവയെ വാട്സ്‌ആപ്പ് പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ പുതിയ തീരുമാനം നടപ്പാകുന്നതോടെ ഒപ്റ്റിമല്‍ പ്രവർത്തനത്തിനായി കുറഞ്ഞത് iOS 15.1 എങ്കിലും ഉള്ള ഐഫോണുകള്‍ ആയിരിക്കണം.
2025 മേയ് 5ന് ശേഷം വാട്സ്‌ആപ്പ് അപ്ഡേഷൻ ലഭ്യമല്ലാത്ത ഐഫോണുകള്‍: ഐഫോണ്‍ 5s, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയുടെ ഉപയോക്താക്കളെയാണ് ഈ പ്രശ്നം ബാധിക്കുക. കാരണം ഒരു ദശാബ്ദത്തിന് മുമ്ബ് പുറത്തിറങ്ങിയ ഈ മോഡലുകള്‍ iOS 12.5.7 വരെ മാത്രമേ പിന്തുണയ്ക്കൂ.അടിസ്ഥാന വാട്സ്‌ആപ്പ് ആപ്പിനും വാട്സ്‌ആപ്പ് ബിസിനസ്സിനും ഈ മാറ്റം ബാധകമാണ്, കാരണം രണ്ടിന്റെയും അടിസ്ഥാന സിസ്റ്റം ആവശ്യകതകള്‍ ഒരേപോലെയാണ്. പുതിയ ഐഒഎസ് അപ്ഡേറ്റുകളില്‍ ഒരുപാട് പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യ പിന്തുണകളും ഉണ്ട്. ഇവയുടെ പ്രയോജനം വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിനും വാട്സ്‌ആപ്പ് ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ പഴയ ഫോണുകള്‍ക്കുള്ള പിന്തുണ വാട്സ്‌ആപ്പ് നിർത്തലാക്കുന്നത്.