അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്‌ഠാചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. 18ന് ശ്രീരാമ വിഗ്രഹം ‘ഗര്‍ഭഗൃഹ’ത്തില്‍ പ്രതിഷ്ഠിക്കും. ജനുവരി 22ന് ഉച്ചയ്‌ക്ക് 12.20നാണ് പ്രാണപ്രതിഷ്‌ഠയെന്നും ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്ബത് റായ് അറിയിച്ചു.
മൈസൂര്‍ സ്വദേശിയായ ശില്‍പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ കൊത്തിയെടുത്ത മൂര്‍ത്തിയെ ആണ് പ്രതിഷ്‌ഠിക്കുക. വാരണാസിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡാണ് പ്രാണപ്രതിഷ്‌ഠയ്‌ക്കുള്ള മുഹൂര്‍ത്തം കുറിച്ചത്. ചടങ്ങുകളുടെ മേല്‍നോട്ടവും ഇദ്ദേഹത്തിനാണ്.
വിഗ്രഹത്തിന് 150-200 കിലോഗ്രാം ഭാരമുണ്ട്. അഞ്ചുകൊല്ലം മുൻപാണ് അരുണ്‍ വിഗ്രഹം പൂര്‍ത്തിയാക്കിയത്. പഴയ രാംലല്ല (ബാലനായ രാമൻ) വിഗ്രഹവും സമീപത്ത് സ്ഥാപിക്കും. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ 21 വരെ തുടരും. 22 ന് ഉച്ചയ്ക്ക് 12.20ന് തുടങ്ങുന്ന പ്രാണ പ്രതിഷ്ഠ
ഒരു മണിയോടെ പൂര്‍ത്തിയാകും.
ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ 121 ആചാര്യന്മാരാണ് ചടങ്ങുകള്‍ നടത്തുന്നത്. കാശിയിലെ ലക്ഷ്മീകാന്ത് ദീക്ഷിതാണ് മുഖ്യ കാര്‍മ്മികൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍.എസ്.എസ് മേധാവി മോഹൻ ഭാഗവത് , ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും. 150 ഓളം ആചാര്യൻമാരും സന്ന്യാസിമാരും ചടങ്ങിനുണ്ടാകും. എല്ലാ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. പ്രാണപ്രതിഷ്ഠ പൂര്‍ത്തിയാക്കിയ ശേഷം ദര്‍ശനം അനുവദിക്കും.