Thursday, December 26, 2024
Homeഅമേരിക്കഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ വിയോഗത്തിന് 26 വയസ്....✍️

ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ വിയോഗത്തിന് 26 വയസ്….✍️

ലാലു കോനാടിൽ

ആധുനിക കേരളത്തിന്റെ ഭാവി നിര്‍ണയിച്ച ഭരണകര്‍ത്താവും സാമൂഹ്യ-സാംസ്‌കാരിക ഇടപെടലുകളിലൂടെ പകരംവക്കാനാകാത്ത വ്യക്തിമുദ്ര പതിപ്പിച്ച കമ്യൂണിസ്റ്റ് നേതാവുമായിരുന്നു ഇ.എം.എസ്…

കേരളത്തിന്‍റെ ആദ്യമുഖ്യമന്ത്രിയായ ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന ഇ.എം.എസ് ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ തലവനായി അറിയപ്പെടുന്നു. ചരിത്രകാരന്‍, മാര്‍ക്സിസ്റ്റ്, തത്വശാസ്ത്രജ്ഞന്‍, സാമൂഹിക പരിഷ്ക്കര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനായ ഇ.എം.എസ് ആധുനിക കേരളത്തിന്‍റെ ശില്‍പികളില്‍ പ്രധാനിയാണ്..

14-ാം വയസില്‍ സാമൂഹ്യ രംഗത്ത് കാല്‍വെയ്പ്പ്. സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ തന്നെ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തില്‍ പങ്കാളിയായി. ഇന്ത്യയില്‍ കമ്മ്യൂണിറ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിലും കെട്ടിപ്പടുക്കുന്നതിലും പ്രധാനി. നിരവധി തവണ അറസ്റ്റും ജയില്‍വാസവും ഒളിവു ജീവിതവും…

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ച 1940 കളുടെ ഒടുക്കം ഇ.എം.എസ് അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ തലയ്ക്ക് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചു. പോലീസിന്‍റെ പിടിയില്‍പ്പെടാതെ ദിവസങ്ങളോളം ഇ.എം.എസ് ഒളിവില്‍ കഴിഞ്ഞത് പത്തനാപുരം കല്ലുംകടവിലായിരുന്നു…

മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഒന്നായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് അടിയുറച്ച് വിശ്വസിച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍. ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടെന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന് ജീവിതവും തികഞ്ഞ രാഷ്ട്രീയപ്രവര്‍ത്തനമാണ്…

1957ല്‍ ലോകത്തിലാദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റിലൂടെ അധികാരത്തില്‍ വന്നപ്പോള്‍ സര്‍ക്കാരിനെ നയിച്ചത് ഇ.എം.എസ് നമ്പൂതിരിപ്പാട്. അധികാരത്തിലേറി ഒരാഴ്ചക്കകം ഭൂപരിഷ്‌കരണ നിയമം പാസാക്കി. ഇതിനോടൊപ്പം പാസാക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്‌കരണ നിയമവും സാമൂഹ്യ വ്യവസ്ഥിതിയെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു…

രണ്ട് വര്‍ഷത്തിന് ശേഷം 1959ല്‍ ഉണ്ടായ വിമോചനസമരം ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിടുന്നതിലാണ് അവസാനിച്ചത്. 1967-ല്‍ ഇഎംഎസ് വീണ്ടും മുഖ്യമന്ത്രിയായി. സപ്തകക്ഷി മുന്നണിയെ നയിച്ചു. മുന്നണിഭരണ സമവാക്യങ്ങള്‍ ആദ്യമായി വിജയകരമായി പ്രയോഗിക്കപ്പെട്ടു…

കേരളത്തിന്റെ ഭാവിയെത്തന്നെ നിര്‍ണയിച്ച ദീര്‍ഘവീക്ഷണമുള്ള ഒട്ടേറെ നടപടികള്‍ ഇ.എം.എസ് സര്‍ക്കാര്‍ നടപ്പിലാക്കി. പിന്നീട് കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന്റെയും കേരള മോഡല്‍ എന്ന കാഴ്ചപ്പാടിന്റെയും അടിത്തറ വിപ്ലവകരമായ ഈ ഭരണ നടപടികളാണ്. ഏത് രാഷ്ട്രീയ സാഹചര്യത്തെയും വ്യത്യസ്തമായി വ്യാഖ്യാനിക്കാനുള്ള കൗശലവും ധിഷണാശക്തിയും ഒരുപോലെ പ്രകടിപ്പിച്ചു ഇ.എം.എസ് ആറ് തവണ കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഇ.എം.എസ് രണ്ട് തവണ മുഖ്യമന്ത്രിയും ഒന്നര ദശാബ്ദത്തോളം പ്രതിപക്ഷ നേതാവുമായിരുന്നു…

സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ ശില്‍പി. രാഷ്ട്രീയവും സാമുദായികവും ദാര്‍ശനികവുമായ നിരവധി ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും സൃഷ്ടാവ്. ഒരു കാലത്ത് കേരളം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത് ഇ.എം.എസ് ലേഖനങ്ങളുടെ ഉള്ളടക്കമായിരുന്നു. 1998 മാര്‍ച്ച് 19 ന് അന്തരിച്ചു…

ലാലു കോനാടിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments