പത്തനംതിട്ട — അച്ചൻകോവിലാറ്റിൽ കോന്നി ഐരവൺ, അരുവാപ്പുലം കരകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന പാലത്തിന്‍റെ ശിലാസ്ഥാപനം 22-ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. ഐരവൺ പാലത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം വ്യാഴാഴ്ച്ച രാവിലെ 11ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുമെന്നു അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.കോന്നിയുടെ വികസന സ്വപ്നങ്ങൾക്ക് മാറ്റു കൂട്ടുന്ന ഐരവൺ പാലത്തിന്റെ നിർമാണം പ്രദേശവാസികളുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ശ്രമഫലമായി റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 12.25 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. കൊല്ലം സ്വദേശിയായ കരാറുകാരൻ കെ രാജീവ് ആണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.
വ്യാഴം രാവിലെ 11 മണിക്ക് പൊതുമരാമത്ത് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിക്കും, ജനപ്രധിനിധികൾ, ഉദ്യോഗസ്‌ഥ പ്രമുഖർ, രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ എന്നിവർ പങ്കെടുക്കും. പാലത്തിന്റെ നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കുന്നത്തോടെ അരുവാപ്പുലം പഞ്ചായത്തിലെ 4വാർഡുകളെ മറ്റു 11വാർഡുകളുമായി ബന്ധിപ്പിക്കാൻ സാധിക്കും.ഈ പാലം കോന്നി മെഡിക്കൽ കോളേജിലേക്കുള്ള എളുപ്പവഴിയുമാകും.
232.15 മീറ്റർ നീളവും 11-മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്.രണ്ടുവശത്തും നടപ്പാതയുമുണ്ട്. 12.25 കോടി രൂപയ്ക്കാണ് പാലവും അനുബന്ധ റോഡിന്റെയും പണികൾ കരാർ നൽകിയിരിക്കുന്നത്. പാലത്തിന് നദിക്കു കുറുകെ 3 സപാനുകളും ഇരുകരകളിലുമായി 6 ലാൻഡ് സപാനുകളുമാണുള്ളത്.ഇവയിൽ 1 ലാൻഡ് സപാൻ ഐരവൺ ഭാഗത്തും 5 ലാൻഡ് സപാനുകൾ അരുവാപ്പുലം ഭാഗത്തുമാണുള്ളത്.നദിക്ക് കുറുകേയുള്ള സ്പാനുകൾക്ക് Post Tensioned PSC Girder രൂപകൽപ്പനയും ലാൻഡ് സ്പാനുകൾക്ക് RCC Slab Integrated with Substructure രൂപകൽപ്പനയുമാണ് സ്വീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി എം& ബിസിഉപരിതല നിർമ്മാണവും ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും ഉൾപ്പെടുത്തിയാണ് പാലത്തിനുള്ള സമീപനപാത വിഭാവനം ചെയ്തിട്ടുള്ളത്.
18-മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. പറമ്പിനാട്ട് കടവിനെയും പഞ്ചായത്ത് കടവിനെയും ബന്ധിപ്പിച്ചാണ് പാലംവരുന്നത്.ഐരവൺ, പരുത്തിമൂഴി, കുമ്മണ്ണൂർ, മാവനാൽ പ്രദേശങ്ങളിലുള്ളവർക്ക് പഞ്ചായത്ത് ആസ്ഥാനമായ അരുവാപ്പുലത്ത് എത്തിച്ചേരാനാകും.
ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തിക്കുന്ന നെടുമ്പാറ ഉൾപ്പെടെ 4 വാർഡുകൾ നദിക്ക് അക്കരെയാണ്. മുളകുകൊടിത്തോട്ടം, കുമ്മണ്ണൂർ, മാവനാൽ, ഐരവൺ വാർഡുകളിലെ 2000ൽ അധികം ആളുകൾ ഇപ്പോഴും പഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ എത്തണമെങ്കിൽ കോന്നി പാലം വഴി 12 കിലോമീറ്റർ സഞ്ചരിക്കണം.അതിനു ഒരു പരിഹാരം ആണ് ഈ പാലം . അരുവാപ്പുലം പഞ്ചായത്ത് കടവിൽനിന്ന് ഐരവൺ മുരുകൻ കോവിൽ ഭാഗത്തേക്കാണ് പാലം വരുന്നത് . പാലം വരുമ്പോള്‍ അരുവാപ്പുലത്തുകാർക്ക് മെഡിക്കൽ കോളജിലേക്ക് എത്താനുള്ള ദൂരം കുറയും.കാലാകാലങ്ങളിൽ മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികൾ പാലം എന്ന ആവശ്യവുമായി ഒട്ടേറെ നിവേദനങ്ങളുംപ്രമേയങ്ങളും സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രി പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ടൗണിലെ തിരക്ക് കൂടും. മെഡിക്കൽ കോളജ്, സിഎഫ്ആർഡി, ഐരവൺ സ്കൂൾ, ഇരുപതേക്കർ, മാവനാൽ, ആനകുത്തി, മഞ്ഞക്കടമ്പ്, നെടുമ്പാറ, വട്ടമൺ, പെരിഞൊട്ടയ്ക്കൽ, മുളന്തറ, കുമ്മണ്ണൂർ, ഫോറസ്റ്റ് സ്റ്റേഷൻ, പരുത്തിമൂഴി, ഐരവൺ ലക്ഷംവീട്, പുതിയകാവ്, മാളാപ്പാറ തുടങ്ങി വിവിധ പ്രദേശങ്ങളിലേക്ക് അരുവാപ്പുലം മേഖലയിൽ നിന്ന് എത്തുന്നതും അവിടെയുള്ളവർ അരുവാപ്പുലം ഭാഗത്തേക്കു പോകുന്നതും കോന്നി ടൗൺ വഴിയാണ്. പാലം നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഈ കുരുക്ക് അഴിയും .തമിഴ്നാട്ടിൽനിന്നും കൊല്ലം ജില്ലയിൽ നിന്നുമുള്ളവർക്കും പ്രയോജനം ലഭിക്കും. നിർദിഷ്ട അച്ചൻകോവിൽ– ചിറ്റാർ– പ്ലാപ്പള്ളി റോഡ് യാഥാർഥ്യമാകുമ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർഥാടകർക്ക് അച്ചൻകോവിൽ, കല്ലേലി, അരുവാപ്പുലം, ഐരവൺ, പയ്യനാമൺ, തണ്ണിത്തോട്, ചിറ്റാർ, പ്ലാപ്പള്ളി വഴി പമ്പയിലേക്കു പോകാനുള്ള എളുപ്പമാർഗവുമാകും.
കോന്നി മെഡിക്കൽ കോളജിലേക്ക് കൊല്ലം ജില്ലയിൽ നിന്നും തമിഴ്നാട്ടിലെ ചെങ്കോട്ട ഉൾപ്പെടുന്ന പ്രദേശത്തു നിന്നും അച്ചൻകോവിൽ, പുനലൂർ, പത്തനാപുരം മേഖലകളിൽ നിന്നൊക്കെയും പെട്ടെന്ന് എത്തിച്ചേരാൻ കഴിയും. ഐരവൺ, അരുവാപ്പുലം പ്രദേശങ്ങളുടെ പ്രദേശങ്ങളുടെ വികസനവും യാഥാർഥ്യമാകും.