Thursday, December 26, 2024
Homeയാത്രമൈസൂർ - കൂർഗ് - കേരള യാത്രാ വിശേഷങ്ങളുമായി …റിറ്റ ഡൽഹി

മൈസൂർ – കൂർഗ് – കേരള യാത്രാ വിശേഷങ്ങളുമായി …റിറ്റ ഡൽഹി

റിറ്റ ഡൽഹി✍

എല്ലാ വായനക്കാർക്കും നമസ്കാരം🙏

ദക്ഷിണേന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ രണ്ടാമത്തെ വലിയ നഗരമാണ് മൈസൂർ .

‘കൊട്ടാരങ്ങളുടെ നഗരം ‘ എന്നതിന് പേര് കേട്ടിട്ടുള്ള നഗരമാണ് മൈസൂർ.

മൈസൂർ  സിറ്റി പാലസ്

മൈസൂർ നഗരത്തിൻ്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന ‘ അംബ വിലാസ് പാലസ് അല്ലെങ്കിൽ മൈസൂർ കൊട്ടാരം എന്നറിയപ്പെടുന്ന ഈ കൊട്ടാരമടക്കം ഏഴ് കൊട്ടാരങ്ങളാണ് ഇവിടെയുള്ളത്. വലിയ ഉദ്യാനത്താൽ കൊട്ടാരം ചുറ്റപ്പെട്ടിരിക്കുന്നു. മാർബിളിൽ തീർത്ത അർധ കുംഭകങ്ങളോടുകൂടിയ മൂന്നു നില മന്ദിരമാണിത്.  നഗരത്തിൻ്റെ ഹൃദയഭാഗത്ത്  തലയെടുപ്പോടെയുള്ള ആ കാഴ്ച തന്നെ അതി മനോഹരം.ഇന്ത്യയുടെ  പ്രധാന ആകർഷണങ്ങളിൽ  ഒന്നായ താജ് മഹൽ കഴിഞ്ഞാൽ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മൈസൂർ കൊട്ടാരം.

ഞങ്ങൾ അവിടെ എത്തിയപ്പോൾ, ഏതാനും സ്കൂൾ ബസ്സിൽ നിന്ന് കുട്ടികളെ വരി-വരിയായി നിറുത്തുന്ന അദ്ധ്യാപികമാരും കുട്ടികളുമായി ആകെ ശബ്ദമുഖരിതം. ഞാനും സ്കൂൾ പിക്നിക് ആയി ഇവിടെ വന്നിട്ടുണ്ടെങ്കിലും അന്നൊന്നും അവിടുത്തെ വിശേഷങ്ങൾ വായിക്കാനും കേൾക്കാനും അധികമാരുമില്ലാത്തതു കൊണ്ട് ആ കാഴ്ചകളും വിശേഷങ്ങളുമൊക്കെ ആ പിക്‌നിക് അവസാനിക്കുന്നതോടെ അവസാനിച്ചിരുന്നു.

ഇത് ഒരു ചരിത്ര കൊട്ടാരവും ഇപ്പോഴും വാഡിയാർ  രാജകുടുംബത്തിൻ്റെ  വസതിയുമാണ്.ഇൻഡോ- സാർസനിക് എന്നറിയപ്പെടുന്ന വാസ്തു ശൈലിയിലാണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്.14-ാം നൂറ്റാണ്ടിലുണ്ടായിലുണ്ടായിരുന്ന കൊട്ടാരം തടികൊണ്ടുള്ളതായിരുന്നു. അത് നിരവധി തവണ കത്തിക്കുകയും പുനർനിർമ്മിക്കുകയും ചെയ്തു.’ ഹെൻ്റി ഇർവി’ എന്ന ബ്രിട്ടീഷുകാരനാണ് ഈ കൊട്ടാര സമുച്ചയത്തിൻ്റെ വാസ്തുശില്പി.

അന്നത്തെ ‘ ആർമി ‘ എന്ന രീതിയിൽ കാണിച്ചിരിക്കുന്ന  ‘ painting ‘ ലെ  യോദ്ധാക്കളുടെ മുഖമെല്ലാം ആ കാലത്തുണ്ടായിരുന്ന ശരിയായ യോദ്ധാക്കളുടെ തന്നെയായിരുന്നു എന്നാണ് ഗൈഡ് പറഞ്ഞത്.

ഒറിജിനൽ ആനയെ വെല്ലുന്ന , നല്ല നീളമുള്ള കൊമ്പുകളുള്ള ആനയുടെ  കൃതിമമായ തല.

  അന്നൊന്നും മോഡേൺ ആർട്ടിന് വലിയ പ്രാധാന്യമില്ലാത്തതു കൊണ്ടായിരിക്കാം ജീവൻ തുളുമ്പുന്ന രവിവർമ്മ ചിത്രങ്ങൾ കണ്ടിട്ടും മതിവരാത്ത പോലെ.

കൊട്ടാരം തന്നെ അതിശയിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതാണെങ്കിലും അതുക്കും മേലേ എന്ന മട്ടിലാണ് ദർബാർ  ഹാളും അതിൻ്റെ അലങ്കരിച്ച മേൽക്കൂരയും. ഒന്നിലധികം വർണ്ണങ്ങളുള്ള ബെൽജിയൻ സ്റ്റെയിൻഡ് ഗ്ലാസ്സ് സീലിംഗ് ഉള്ള ഗംഭീരമായ അഷ്ടഭുജാ കൃതിയിലുള്ള ഹാൾ.  ചുവരുകളും മേൽക്കൂരകളും ഇന്ത്യൻ യൂറോപ്യൻ തീമുകൾ കൊണ്ട് വളരെ മനോഹരമായിരിക്കുന്നു.

നമ്മുടെ സ്കൂൾ കുട്ടികൾ ഓടി നടന്ന് ഫോട്ടോ എടുക്കുന്ന തിരക്കിലാണ്. എൻ്റെ സ്കൂൾ യാത്രയിൽ ക്യാമറയുള്ളത് ഒന്നോ- രണ്ടോ കുട്ടികൾക്ക് മാത്രം.

എല്ലാ വർഷവും ശരത്ക്കാലത്ത് നടക്കുന്ന  മൈസൂർ ദസറ മഹോത്സവത്തിൻ്റെ പ്രധാന വേദി മൈസൂർ കൊട്ടാരമാണ്. ഏകദേശം എട്ട് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെന്നാണ് പറയുന്നത്. ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം വഹിക്കാൻ 750 കിലോഗ്രാം ഭാരമുള്ള ഗോൾഡൻ ഹൗഡ ഇപ്പോഴും ഉപയോഗിക്കുന്നു.

കണ്ണുകൾക്ക് മനോഹരമായ വിരുന്ന് സമ്മാനിച്ച ആ കൊട്ടാരത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ  അദ്ധ്യാപികമാരും കുട്ടികളും കൂടി ഉദ്യാനത്തിൽ നിന്ന് ഫോട്ടെയെടുക്കുന്നതാണ് കണ്ടത്. കൂളിംഗ് ഗ്ലാസ്സ് ഷെയർ ചെയ്യുന്നതിൻ്റെ തിരക്കിലാണ് അവരെല്ലാവരും . ഫോട്ടോ എടുത്ത് തീരുന്നതും ടീച്ചറിൻ്റെ മുഖത്ത് നിന്നൊക്കെ ഗ്ലാസ്സ് ഊരി കൊണ്ടു പോകുന്നത് കാണുമ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. എന്നാലും അത്രയും ഊഷ്മളമായ ബന്ധം സ്കൂളികളിൽ മാത്രമാണെന്ന് തോന്നുന്നു.

പതിവുപ്പോലെ ടൂറിസ്റ്റുകളെ കാത്തിരിക്കുന്ന വഴിക്കച്ചവടക്കാരിൽ നിന്ന് അത്യാവശ്യം ‘ വിലപേശൽ’ നടത്തി ഒന്നു – രണ്ടു സാധനങ്ങളും സ്വന്തമാക്കി അവിടെ നിന്നും യാത്ര പറയുമ്പോൾ, സിറ്റി പാലസ് , ഇന്ത്യയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രം എന്നതിൽ സംശയമേയില്ല!

Thanks

റിറ്റ ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments