കൊച്ചി: വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്ത സിബിഐ കോടതിയുടെ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി.മാതാപിതാക്കള്‍ വിചാരണകോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും സിംഗിള്‍ ബെഞ്ച് ഇളവ് നല്‍കി. അവധിക്കാലത്തിന് ശേഷം ഹരജിയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ തങ്ങളെയും പ്രതിചേർത്ത സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച സിംഗിള്‍ ബെഞ്ച്, മാതാപിതാക്കള്‍ക്കെതിരെയുള്ള സിബിഐ കോടതിയുടെ എല്ലാ നടപടികളും തടഞ്ഞു.വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും കോടതി ഇളവ് നല്‍കിയിട്ടുണ്ട്. ഈ മാസം 25 -ന് ഹാജരാകാനാണ് സിബിഐ കോടതി മാതാപിതാക്കള്‍ക്ക് സമൻസ് അയച്ചിരുന്നത്.
പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ വിവരം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇക്കാര്യം മറച്ചുവച്ചതിനാണ് ഇവരെ സിബിഐ കേസില്‍ പ്രതികളാക്കിയത്.കേസ് അട്ടിമറിക്കുന്നതിന് സിബിഐ നടത്തുന്ന ആസൂത്രിതമായ അന്വേഷണത്തിൻ്റെ ഭാഗമായാണ് തങ്ങളെ പ്രതി ചേർത്തതെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.