Wednesday, December 25, 2024
Homeകേരളംഅമ്മയുടെ പിറന്നാൾ ആഘോഷത്തിനുപിന്നാലെ വാക്കുതർക്കം, അച്ഛനെ തല്ലിക്കൊന്നു; മക്കൾ അറസ്റ്റിൽ.

അമ്മയുടെ പിറന്നാൾ ആഘോഷത്തിനുപിന്നാലെ വാക്കുതർക്കം, അച്ഛനെ തല്ലിക്കൊന്നു; മക്കൾ അറസ്റ്റിൽ.

വെഞ്ഞാറമൂട്: അമ്മയുടെ പിറന്നാൾ ആഘോഷം കഴിഞ്ഞുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് അച്ഛനെ മർദിച്ചു കൊലപ്പെടുത്തിയ മക്കൾ അറസ്റ്റിൽ. കീഴായിക്കോണം ഗാന്ധിനഗർ സുനിതാഭവനിൽ സുധാകരൻ(55) ആണ് മരിച്ചത്. ഇരട്ട സഹോദരങ്ങളായ ഹരി(24), കൃഷ്ണൻ(24) എന്നിവരെയാണ്‌ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു സംഭവം.

സുധാകരന്റെ ഭാര്യ സുനിതയുടെ ജന്മദിനത്തിൽ വീട്ടിൽ ആഘോഷങ്ങളുണ്ടായിരുന്നു. ഇതിനിടെ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് സുധാകരനും ഇളയമകനായ ആരോമലും ഒരുപക്ഷത്തും അമ്മയും മൂത്ത മക്കളായ കൃഷ്ണനും ഹരിയും മറ്റൊരു പക്ഷത്തുമായി വീട്ടിൽ വെച്ച് വാക്കേറ്റമുണ്ടാവുകയും അടിപിടിയുണ്ടാകുകയും ചെയ്‌തെന്ന്‌ പോലീസ്‌ പറഞ്ഞു.

ഇളയമകനായ ആരോമലിനെ മർദിക്കുന്നതു തടയാൻചെന്ന സുധാകരനും അടിയേറ്റു. ഇദ്ദേഹം സമീപത്തെ തോട്ടിലേക്കു വീഴുകയും അവിടെ വെച്ച് മക്കൾ ക്രൂരമായി മർദിക്കുകയും ചെയ്യുകയുമായിരുന്നുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഇതിനിടയിൽ ബഹളംകേട്ട് നാട്ടുകാർ എത്തി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച രാത്രി ഒരു മണിയോടെ സുധാകരൻ മരിച്ചു.

വെഞ്ഞാറമൂട് പോലീസും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വെഞ്ഞാറമൂട് എസ്.എച്ച്.ഒ. രാജേഷ് പി.എസ്., എസ്.ഐ. ജ്യോതിഷ് ചിറവൂർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം സുധാകരന്റെ മൃതദേഹം സംസ്‌കരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments