Monday, December 23, 2024
Homeകേരളംപോളിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി.

പോളിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി.

പുൽപ്പള്ളി:പാക്കത്ത് ആന ചവിട്ടിക്കൊന്ന വെള്ളച്ചാലിൽ പോളിന്റെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി എംപി. രാവിലെ 8.15നാണു രാഹുൽ പോളിന്റെ വീട്ടിലെത്തിയത്. കുടുംബത്തോടൊപ്പം അൽപ്പനേരം ചിലവഴിച്ച രാഹുൽ ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. പോളിന്റെ മകൾ സോനയോട് ഭാവിയിൽ എന്താകാനാണ് ആഗ്രഹമെന്നു രാഹുൽ ചോദിച്ചു. ആഗ്രഹം എന്താണെന്നു പറയാൻ മടിച്ച സോന വിതുമ്പി. ആഗ്രഹം പറഞ്ഞിട്ട് അത് നടാക്കാതെ പോയാലോ എന്നായിരുന്ന സോനയുടെ മറുപടി. എന്നാൽ രാഹുൽ ഗാന്ധി നിർബന്ധിക്കുകയും ആഗ്രഹം തുറന്നു പറഞ്ഞാലെ തനിക്കു സഹായിക്കാൻ സാധിക്കു എന്നും പറഞ്ഞു. ഇതോടെ സർക്കാർ ജീവനക്കാരിയാകണമെന്നു സോന പറഞ്ഞു

രാഹുൽ വീണ്ടും ചോദിച്ചപ്പോൾ ഐഎഎസ് ആകണമെന്നായിരുന്നു സോനയുടെ മറുപടി. തുടർന്നു മാനന്തവാടി മെഡിക്കൽ കോളജിന്റെ പരിതാപകരമായ അവസ്ഥയും സോന പറഞ്ഞു. അടിയന്തരമായി ചികിത്സാ സൗകര്യം ഒരുക്കണമെന്നും സോന ആവശ്യപ്പെട്ടു. എല്ലാ സഹായവും നൽകാമെന്ന് രാഹുൽ ഉറപ്പു നൽകി. വീട് പുതുക്കിപ്പണിയുന്നതിനാവശ്യമായ സഹായം നൽകുമെന്നു രാഹുൽ പറഞ്ഞു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎയെ അതിനു ചുമതലപ്പെടുത്തി. വീഴ്ച വരുത്തിയാൽ തന്നെ അറിയിക്കണമെന്നും രാഹുൽ പറഞ്ഞു. വീട്ടിൽ എത്തിയപ്പോൾ മുതൽ രാഹുൽ പോളിന്റെ ഭാര്യ സാലിയുടെയും മകൾ സോനയുടെയും കൈ ചേർത്തുപിടിച്ചു. സാലിയുടെ പിതാവ് തോമസാണ് രാഹുലിനോട് കാര്യങ്ങൾ ഇംഗ്ലീഷിൽ അവതരിപ്പിച്ചത്. തോമസിന്റെ ഇംഗ്ലീഷ് നല്ലതാണെന്നും രാഹുൽ പറഞ്ഞു. പോൾ എവിടെ വച്ചാണു കൊല്ലപ്പെട്ടതെന്ന് രാഹുൽ ചോദിച്ചു. പോളിന്റെ ഫോട്ടോ കാണണമെന്നും രാഹുൽ പറഞ്ഞു. പോളിന് ഇഷ്ടപ്പെട്ട ഭക്ഷണം എന്തായിരുന്നുവെന്നും രാഹുൽ ചോദിച്ചു.

തുടർന്ന് എല്ലാ സഹായവും നൽകുമെന്ന ഉറപ്പു നൽകിയാണു രാഹുൽ വീട്ടിൽ നിന്നിറങ്ങിയത്. റോഡിൽ കാത്തു നിന്ന ആൾക്കൂട്ടത്തിലേക്കും രാഹുൽ നടന്നു ചെന്നു. ചിലർ വൈകാരികമായി രാഹുലിനോട് വന്യമൃഗ ശല്യത്തിന്റെ ദുരവസ്ഥ വിവരിച്ചു. ജനം നൽകിയ നിവേദനവും വാങ്ങിയാണു രാഹുൽ മടങ്ങിയത്. രാഹുലിന്റെ സന്ദർശനം വലിയ ആത്മവിശ്വാസം നൽകുന്നുവെന്നു മകൾ സോന പറഞ്ഞു. ആവശ്യങ്ങൾ നടപ്പാകുമെന്നാണു വിശ്വാസമെന്നും സോനയും സാലിയും മാധ്യമങ്ങളോട് പറഞ്ഞു .

RELATED ARTICLES

Most Popular

Recent Comments