Tuesday, December 24, 2024
HomeKeralaയാക്കോബായ സഭക്ക് ഏഴ് പുതിയ റമ്പാൻമാർ.

യാക്കോബായ സഭക്ക് ഏഴ് പുതിയ റമ്പാൻമാർ.

യാക്കോബായ സുറിയാനി സഭയ്ക്ക് പുതുതായി ഏഴ് റമ്പാൻമാരെ വാഴിക്കും.
ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായാണ് ഏഴ് വൈദികർക്ക് റമ്പാൻ സ്ഥാനം നൽകുന്നത്. കോട്ടയം തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ ഫെബ്രുവരി എട്ടിന് രാവിലെ ഏഴിന് പ്രഭാത നമസ്കാരവും ,എട്ടിന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും. കുർബാന മധ്യേനടക്കുന്ന പ്രത്യേക ശുശ്രൂഷയിൽ ഏഴ് വൈദികരെ പരിശുദ്ധ പാത്രിയർക്കീസ് ബാവാ റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തും.

ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയൻ അതിഭദ്രാസന നിയുക്ത മെത്രാപ്പോലീത്തയായി തെരഞ്ഞെടുക്കപ്പെട്ട ഫാ. ജോർജ് വയലിപ്പറമ്പിൽ, മോർ അന്തോണിയോസ് മൊണാസ്ട്രിക്കുവേണ്ടി ഫാ. ഡോ: കുര്യാക്കോസ് കൊള്ളന്നൂർ, ഫാ. ജോഷി വെട്ടിക്കാട്ടിൽ, ഫാ. കുര്യൻ പുതിയപുരയിടത്തിൽ, ഫാ. കുര്യാക്കോസ് ജോൺ പറയൻകുഴിയിൽ, പൗരസ്ത്യ സുവിശേഷ സമാജത്തിനു വേണ്ടി ഫാ. മാത്യു ജോൺ പൊക്കതയിൽ, ഫാ. വർഗീസ് കുറ്റിപ്പുഴയിൽ എന്നിവർക്കാണ് റമ്പാൻ സ്ഥാനം നൽകുന്നത്.

പാത്രിയർക്കീസ് ബാവയുടെ സന്ദർശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിവരുന്നുവെന്നും ക്രമീകരണങ്ങൾക്കായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നതായും ധ്യാനകേന്ദ്രം ഡയറക്ടറും ഇടുക്കി ഭദ്രാസനാധിപുമായ സഖറിയാസ് മോർ പീലക്സീനോസ് മെത്രാപ്പോലീത്ത അറിയിച്ചു. ആദ്യമായിട്ടാണ് മലങ്കരയിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഏഴ് വൈദികർക്ക് ഒരുമിച്ച് റമ്പാൻ സ്ഥാനാരോഹണം നടത്തുന്നത്. തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രഥമ സന്ദർശനമെന്ന പ്രത്യേകതയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫാ. ജോർജ്ജ് വയലിപ്പറമ്പിൽ

അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയൻ അതിഭദ്രാസന നിയുക്ത മെത്രാപ്പോലീത്ത. നിലവിൽ ഓസ്ട്രേലിയൻ അതിഭദ്രാന സെക്രട്ടറിയാണ്. വടവാതൂർ പൊന്തിഫിക്കൽ സെമിനാരിയിൽ ഓറിയന്റൽ തിയോളജിയിൽ പി.എച്ച്.ഡി. ചെയ്യുന്നു. ബാംഗ്ലൂർ ധർമ്മാരാം വിദ്യാക്ഷേത്രത്തിൽനിന്നു സ്പിരിച്ച്വാലിറ്റി ആൻഡ് കൗൺസിലിംഗിലും കോട്ടയം എം.ജി. സർവകലാശാലയിൽനിന്നു സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദങ്ങൾ നേടി. 2007 ഏപ്രിൽ 28ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയിൽനിന്ന് കശീശാ സ്ഥാനം സ്വീകരിച്ചു. സ്വദേശത്തും വിദേശത്തുമായി 22ൽ അധികം പള്ളികളിൽ വികാരിയായിരുന്നു. വിദേശത്ത് മൂന്നിലധികം കോൺഗ്രിഗേഷൻ സ്ഥാപിച്ചു. പരേതനായ പൈനാടത്ത് വർക്കി മത്തായിയുടെയും ഓമനയുടെയും മകനാണ്.

ഫാ. മാത്യു ജോൺ പൊക്കതയിൽ

അങ്കമാലി നടുവട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം. പൗരസ്ത്യ സുവിശേഷ സമാജം കർണ്ണാടക മേഖലയുടെ വൈസ് പ്രസിഡന്റാണ്. ജാർഖണ്ട് സർവകലാശാലയിൽനിന്നു ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം. സെമിനാരി വിദ്യാഭ്യാസത്തിന് ശേഷം 1999 മാർച്ച് ആറിന് ഗീവർഗീസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായിൽനിന്നു കശീശ സ്ഥാനം സ്വീകരിച്ചു. എട്ടോളം പള്ളികളിൽ വികാരിയായിരുന്നു. പൊക്കതയിൽ യോഹന്നാന്റെയും പരേതയായ സാറാക്കുട്ടിയുടെയും മകനാണ്.

ഫാ. വർഗീസ് കുറ്റിപ്പുഴയിൽ

ഇടുക്കി രാജകുമാരി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം. പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസന സെക്രട്ടറിയാണ്. എം.ജി. സർവകലാശാലയിൽനിന്നു പൊളിറ്റിക്സിൽ ബിരുദം. മഞ്ഞനിക്കര ദയറായിൽനിന്നു ലിറ്റർജിക്കൽ പഠനം. 2003 ജൂൺ അഞ്ചിന് ഗീവർഗീസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായിൽനിന്നു കശീശ സ്ഥാനം സ്വീകരിച്ചു. 14 പള്ളികളിൽ വികാരിയായിരുന്നു. പരേതനായ ജോസഫിന്റെയും ശോശാമ്മ ജോസഫിന്റെയും മകനാണ്.

ഫാ. ഡോ: കുര്യാക്കോസ് കൊള്ളന്നൂർ

കോയമ്പത്തൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം. ഇടുക്കി തട്ടേക്കണ്ണി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരിയും മുളന്തുരുത്തി എം.എസ്.ഒ.ടി. സെമിനാരി അധ്യാപകനുമാണ്. തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം, തിരുവഞ്ചൂർ മോർ അന്തോണിയോസ് മൊണാസ്ട്രി എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു. റോം പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഡോക്ടറേറ്റ്. 2006 ജൂൺ രണ്ടിന് തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയിൽനിന്നു കശീശ സ്ഥാനം സ്വീകരിച്ചു. സ്വദേശത്തും വിദേശത്തുമായി പത്തിൽ അധികം പള്ളികളിൽ വികാരിയായിരുന്നു. പരേതനായ കൊള്ളന്നൂർ ഇട്ടി മാത്യുവിന്റെയും ചിന്നമ്മ മാത്യുവിന്റെയും മകനാണ്.

ഫാ. കുര്യാക്കോസ് വെട്ടിക്കാട്ടിൽ

വയനാട് അമ്പുകുത്തി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം. യൂറോപ്പ് അതിഭദ്രാസന സെക്രട്ടറിയാണ്. വിയന്നാ യൂണിവേഴ്സിറ്റിയിൽ ലിറ്റർജിക്കൽ ആൻഡ് സാക്രമെന്റൽ തിയോളജിയിൽ ഡോക്ടറേറ്റ് ചെയ്യുന്നു. ഓസ്ട്രിയായിലെ സാൾസ്ബർഗ് യൂണിവേഴ്സിറ്റിയിൽനിന്നു സിറിയക് തിയോളജിയിൽ ബിരുദാനന്തര ബിരുദം. 2007 മാർച്ച് മാസം നാലാം തീയതി യൂഹാനോൻ മോർ പീലക്സീനോസ് മെത്രാപ്പോലീത്തായിൽനിന്നു കശീശ സ്ഥാനം സ്വീകരിച്ചു. സ്വദേശത്തും വിദേശത്തുമായി 13 പള്ളികളിൽ ശുശ്രൂഷ ചെയ്തു. വിദേശത്ത് നാലിൽ അധികം കോൺഗ്രിഗേഷൻ സ്ഥാപിച്ചു. വെട്ടിക്കാട്ടിൽ മർക്കോസിന്റെയും മേരിയുടെയും മകനാണ്.

ഫാ. കുര്യൻ പുതിയപുരയിടത്തിൽ

ഇടുക്കി കട്ടപ്പന സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനിപ്പള്ളി ഇടവകാംഗം. ഇടുക്കി ചീന്തലാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വികാരിയാണ്. തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം, തിരുവഞ്ചൂർ മോർ അന്തോണിയോസ് മൊണാസ്ട്രി എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു. മുളന്തുരുത്തി എം.എസ്.ഒ.ടി. സെമിനാരിയിൽനിന്നു ബിരുദം. 2008 മെയ് 29ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയിൽനിന്ന് കശീശാ സ്ഥാനം സ്വീകരിച്ചു. സ്വദേശത്തും വിദേശത്തുമായി 16 പള്ളികളിൽ വികാരിയായിരുന്നു. പുതിയപുരയിടത്തിൽ വീട്ടിൽ പി.എസ്. കുര്യന്റെയും സാറാമ്മ കുര്യന്റെയും മകനാണ്.

ഫാ. കുര്യാക്കോസ് പറയൻകുഴിയിൽ

പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകാംഗം. തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം, തിരുവഞ്ചൂർ മോർ അന്തോണിയോസ് മൊണാസ്ട്രി എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു. വടവാതൂർ സെന്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയിൽനിന്നു ഫിലോസഫിയിലും തിയോളജിലും ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി. 2017 നവംബർ രണ്ടിന് സഖറിയാസ് മോർ പീലക്സീനോസ് മെത്രാപ്പോലീത്തയിൽനിന്നു കശീശ സ്ഥാനം സ്വീകരിച്ചു. അഞ്ചോളം പള്ളികളിൽ വികാരിയായിരുന്നു. പറയൻകുഴിയിൽ പരേതനായ യോഹന്നാന്റെയും ഏലിയാമ്മയുടെയും മകനാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments