കോയമ്പത്തൂർ: നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ-ഊട്ടി ദേശീയപാതയിലെ നടുവട്ടം ബസാറിലെ നടുവട്ടം പൊലീസ് സ്റ്റേഷനിൽ പുള്ളിപ്പുലി കയറി. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുള്ളിപ്പുലി മുൻവശത്തെ വാതിലിലൂടെ അകത്തേക്ക് കയറുകയായിരുന്നു.
ഹെഡ് കോൺസ്റ്റബിൾ മാരിമുത്തു ഇരുന്ന് ജോലി ചെയ്യുകയായിരുന്നു ഈ സമയം. പുള്ളിപ്പുലി മുറിയിലേക്ക് വരുന്നത് കണ്ട് അദ്ദേഹം ഞെട്ടി മരവിച്ചുപോയി. ശബ്ദമുണ്ടാക്കാൻ പോലും കഴിഞ്ഞില്ല. ഇൻസ്പെക്ടർ ഇരിക്കുന്ന മുറി മുഴുവൻ നോക്കിയ പുലി, വന്ന വഴിയിലൂടെ പുറത്തേക്ക് പോകുകയും ചെയ്തു.
പുള്ളിപ്പുലി പുറത്തേക്ക് പോയിട്ടുണ്ടെന്ന് ഉറപ്പായതോടെ പതുക്കെ ചെന്ന് വാതിൽ പൂട്ടി. അതിനുശേഷം മാത്രമാണ് പൊലീസിന് ആശ്വാസമായത്. നിരീക്ഷണ കാമറകളിൽ ഇതെല്ലാം പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് ജനം പ്രദേശത്ത് തടിച്ചുകൂടി. ജനവാസ മേഖലയിൽ വിഹരിക്കുന്ന പുള്ളിപ്പുലിയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.