മംഗളൂരു: കുടകിൽ അജ്ഞാതർ നവജാത ശിശുവിനെ കാപ്പിത്തോട്ടത്തിൽ ഉപേക്ഷിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി നാപോക്ലു പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാലാമവതി ഗ്രാമത്തിലെ പേരൂരിൽനിന്നുള്ള ഗ്രാമീണനാണ് പൊലീസ് ഹെൽപ് ലൈനായ 112ൽ വിളിച്ച് തന്റെ എസ്റ്റേറ്റിലെ ലേബർ ലൈൻ വീട്ടിൽ ആരോ നവജാത ശിശുവിനെ ഉപേക്ഷിച്ചതായി അറിയിച്ചത്.
സ്ഥലത്തെത്തിയ പൊലീസ് ഉടമയുടെ വീട്ടിൽനിന്ന് 600 മീറ്റർ അകലെ എസ്റ്റേറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. ആളൊഴിഞ്ഞ നേരം അജ്ഞാതരായ ചിലർ കുഞ്ഞിനെ ഉപേക്ഷിച്ചുപോയതായി പൊലീസ് പറഞ്ഞു. അവർ ഉടൻ കുട്ടിയെ രക്ഷപ്പെടുത്തി നാപോക്ലു ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് മടിക്കേരി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.