Sunday, November 24, 2024
Homeഇന്ത്യഇന്ത്യ കൂട്ടായ്‌മയുടെ ‘ഇന്ത്യ’ മഹാറാലി 31ന്‌.

ഇന്ത്യ കൂട്ടായ്‌മയുടെ ‘ഇന്ത്യ’ മഹാറാലി 31ന്‌.

ന്യൂഡൽഹി; രാജ്യത്തെ ജനാധിപത്യത്തെ തച്ചുടയ്ക്കാനുള്ള സ്വേച്ഛാധിപത്യ നീക്കങ്ങൾക്കെതിരെ ഡൽഹി രാംലീല മൈതാനത്ത്‌ 31ന്‌ ഇന്ത്യ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ മഹാറാലി. പൊതുതെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ അറസ്റ്റ്‌ ചെയ്‌ത കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ നടപടിയുടെ പശ്ചാത്തലത്തിലാണ്‌ തീരുമാനം. ആം ആദ്‌മി പാർടി ഡൽഹി കൺവീനറും മന്ത്രിയുമായ ഗോപാൽ റായ്‌യുടെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ റാലി പ്രഖ്യാപിച്ചത്‌.

ജനാധിപത്യം അപകടത്തിലാണ്‌. രാജ്യതാൽപ്പര്യത്തിനും ജനാധിപത്യ സംരക്ഷണത്തിനുമായി നടത്തുന്ന മഹാറാലിയിൽ ഇന്ത്യ കൂട്ടായ്‌മയിലെ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കുമെന്ന്‌ റായ്‌ പറഞ്ഞു. രാജ്യത്തെയും ഭരണഘടനയെയും ബഹുമാനിക്കുന്ന ഓരോ പൗരനും കെജ്‌രിവാളിന്റെ അറസ്റ്റിൽ ക്ഷുഭിതരാണ്‌. കെജ്‌രിവാളിനെ മാത്രമല്ല, പ്രതിപക്ഷത്തെ മുഴുവൻ തുടച്ചുനീക്കാനാണ്‌ ബിജെപി ശ്രമം. പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും കള്ളക്കേസിൽ കുടുക്കുന്നു. ആദ്യം ഹേമന്ദ്‌ സോറനെ ജയിലിലടച്ചു. കെജ്‌രിവാളിന്റെ കുടുംബത്തെ വീട്ടുതടങ്കലിലാക്കിയായിരുന്നു അറസ്റ്റ്‌. ഒറ്റരൂപയുടെ പോലും അഴിമതി കണ്ടെത്താൻ രണ്ടുവർഷമായി കേന്ദ്ര ഏജൻസികൾക്ക്‌ കഴിഞ്ഞിട്ടില്ല. ജനാധിപത്യ സംരക്ഷണത്തിനായി പ്രതിപക്ഷം ഒറ്റക്കെട്ടാണ്‌––അദ്ദേഹം പറഞ്ഞു.

മദ്യനയ അഴിമതിയിയിൽ അറസ്റ്റിലായ ശരത്ചന്ദ്ര റെഡ്ഡി 60 കോടി രൂപ ഇലക്‌ടറൽ ബോണ്ടുവഴി നൽകിയാണ്‌ മോചനം സാധ്യമാക്കിയയെന്നും അതിനെക്കുറിച്ച്‌ ബിജെപി മിണ്ടുന്നില്ലെന്നും മന്ത്രി സൗരഭ്‌ ഭരദ്വാജ്‌ പറഞ്ഞു. ഇലക്ടറൽ ബോണ്ട്‌ വിവരം പുറത്തുവന്നതിൽനിന്ന്‌ ശ്രദ്ധതിരിക്കാനാണ്‌ കെജ്‌രിവാളിനെ അറസ്റ്റുചെയ്‌തതെന്ന്‌ സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറിയറ്റംഗം രാജീവ് കൻവർ പറഞ്ഞു. പാർടികളും മുന്നണിയുമല്ല മറിച്ച്‌ ജനാധിപത്യത്തിന്റെ അതിജീവനമാണ്‌ ഇപ്പോൾ പ്രധാന പ്രശ്‌നമെന്ന്‌ ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ്‌ ലൗലി പറഞ്ഞു. മഹാറാലി ഒരു രാഷ്‌ട്രീയ പ്രക്ഷോഭം മാത്രമല്ല. കേന്ദ്രത്തിനും ബിജെപിക്കെതിരെയുമുള്ള പോരാട്ടത്തിനും ജനാധിപത്യ സംരക്ഷണത്തിനുള്ള ആഹ്വാനമാണ്‌. ഇന്ത്യ കൂട്ടായ്‌മയിലെ പാർടികൾക്കൊപ്പം കോൺഗ്രസ്‌ അടിയുറച്ച്‌ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി അതീഷി മർലേനയും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments