Tuesday, March 18, 2025
Homeഇന്ത്യയുപി വേണ്ട ; രാഹുലിനും പ്രിയങ്കയ്‌ക്കും ചങ്കിടിപ്പ്‌.

യുപി വേണ്ട ; രാഹുലിനും പ്രിയങ്കയ്‌ക്കും ചങ്കിടിപ്പ്‌.

ന്യൂഡൽഹി; ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ പരമ്പരാഗത സീറ്റുകളായ അമേഠിയിലും റായ്‌ബറേലിയിലും മത്സരിക്കാനില്ലെന്ന്‌ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. യുപിയിൽ ഒമ്പത്‌ മണ്ഡലം ഉൾപ്പെടുത്തി നാലാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടപ്പോഴും ഈ രണ്ട്‌ സീറ്റും ഒഴിച്ചിട്ടു. രാഹുലും പ്രിയങ്കയും ഈ മണ്ഡലങ്ങളിൽ മത്സരിക്കണമെന്ന്‌ യുപി നേതൃത്വവും കേന്ദ്രനേതൃത്വത്തിലെ ഒരു വിഭാഗവും ശക്തമായി ആവശ്യപ്പെട്ടിരുന്നു.

ബിജെപിയോട്‌ കോൺഗ്രസിന്റെ പ്രധാന നേതാക്കൾ നേരിട്ട്‌ ഏറ്റുമുട്ടുന്നത്‌ വലിയ രാഷ്ട്രീയമത്സരമായി വിലയിരുത്തപ്പെടുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ, ജയ സാധ്യതയിലുള്ള ഭയം കാരണം രാഹുലും പ്രിയങ്കയും അവിടെ മത്സരത്തിനിറങ്ങാൻ തയ്യാറായിട്ടില്ല.

തുടക്കത്തിലെ കടുംപിടിത്തം ഉപേക്ഷിച്ച കോൺഗ്രസ്‌, സമാജ്‌വാദി പാർടിയുമായി സീറ്റ്‌ ധാരണയായിരുന്നു. അമേഠിയും റായ്‌ബറേലിയും അടക്കം 17 സീറ്റാണ്‌ കോൺഗ്രസിനുള്ളത്‌. രാഹുലിന്റെ ഭാരത്‌ ജോഡോ ന്യായ്‌ യാത്രയിൽ എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ പങ്കെടുക്കുകയും ചെയ്‌തു. എന്നിട്ടും ബിജെപിയെ നേരിട്ടെതിർക്കാൻ കോൺഗ്രസ്‌ നേതാക്കൾ തയ്യാറാകുന്നില്ല.

2004, 2019, 2014 വർഷങ്ങളിൽ അമേഠിയിൽനിന്നും ജയിച്ച രാഹുൽ 2019ൽ ബിജെപിയുടെ സ്‌മൃതി ഇറാനിയോട്‌ ദയനീയമായി പരാജയപ്പെട്ടു. ഇക്കുറിയും സ്‌മൃതി ഇറാനിയാണ്‌ ബിജെപി സ്ഥാനാർഥി. രാഹുൽത്തന്നെ അമേഠിയിൽനിന്നും മത്സരിക്കുമെന്ന്‌ അവിടുത്തെ ചില കോൺഗ്രസ്‌ നേതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സോണിയാ ഗാന്ധി കാലങ്ങളായി പ്രതിനിധീകരിച്ച മണ്ഡലത്തിൽ പ്രിയങ്ക ലോക്‌സഭയിലേക്ക്‌ കന്നിപോരാട്ടം നടത്തുമെന്നും കോൺഗ്രസ്‌ പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നു. സോണിയ രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. പ്രിയങ്ക മത്സരിക്കുന്നെങ്കിൽ നേരത്തെ തന്നെ പ്രഖ്യാപനം ഉണ്ടാകുമായിരുന്നെന്നും വൈകുന്ന സാഹചര്യത്തിൽ സാധ്യത കുറവാണെന്നുമാണ്‌ നിരീക്ഷകരുടെ വിലയിരുത്തൽ.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും കോൺഗ്രസ്‌ ശക്തനായ സ്ഥാനാർഥിയെ നിർത്തുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. രണ്ട്‌ തവണ മോദിയോട്‌ പരാജയപ്പെട്ട അജയ്‌റായ്‌ തന്നെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments