കരളിന്റെ ആരോഗ്യം അപകടത്തിലാകുന്നതിന് മുന്നോടിയായി അത് ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
കരളിന്റെ ആരോഗ്യം മോശമായി തുടങ്ങുമ്പോള്‍ ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറും. കരളിന്റെ അനാരോഗ്യം കാരണം ഉണ്ടാകുന്ന മഞ്ഞപ്പിത്തം എന്ന അസുഖത്തിന്റെ പ്രധാന ലക്ഷണമാണിത്. കരളിന്റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടും. പ്രധാനമായും മൂത്രത്തിന്റെ നിറവ്യത്യാസമാണ് ഇതിന്റെ പ്രധാന ലക്ഷണം. അതിനാല്‍ മൂത്രത്തില്‍ നിറവ്യത്യാസം ഉണ്ടെങ്കില്‍, ഉടനെ ഡോക്ടറെ കാണണം.
കരളിന് അസുഖം ബാധിക്കുമ്പോള്‍ ശരീരത്ത് ഉടനീളം ചൊറിച്ചില്‍ അനുഭവപ്പെടാം. ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വയര്‍, കാല്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതുകൊണ്ടാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്. വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക തുടങ്ങിയവയും കരള്‍ രോഗത്തിന്റെ ലക്ഷണങ്ങളാകാം.
തലകറക്കം, ഛര്‍ദി, ക്ഷീണം തുടങ്ങിയവയും ചിലപ്പോള്‍ കരളിന്റെ അനാരോഗ്യത്തെ സൂചിപ്പിക്കാം. ഭക്ഷണം കഴിച്ചയുടന്‍ തന്നെ മലമൂത്രവിസര്‍ജനം നടത്താനുള്ള ആഗ്രഹം കരളിന്റെ പ്രശ്‌നത്തെ സൂചിപ്പിക്കുന്നു. കാരണം, നിങ്ങള്‍ കഴിക്കുന്നത് ആഗിരണം ചെയ്യാനും ഉപയോഗിക്കാനും കരളിന് കഴിയില്ല.