Friday, May 17, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | മെയ് 03 | വെള്ളി ✍പ്രൊഫസ്സർ എ.വി....

“ഇന്നത്തെ ചിന്താവിഷയം” 2024 | മെയ് 03 | വെള്ളി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

എല്ലാത്തിനുമൊരു പരിധി വേണം
——————————————————

വൃദ്ധനാകാൻ വിധിക്കപ്പെട്ട യയാതിക്ക്, ശുക്രാചാര്യർ ശാപമോക്ഷം അനുവദിച്ചത് തന്റെ പുത്രന്മാരിൽ ആരെങ്കിലും വാർദ്ധക്യം സ്വീകരിച്ച്‌, തന്റെ യൗവ്വനം അദ്ദേഹത്തിനു നൽകണമെന്ന വ്യവസ്ഥയിലായിരുന്നു. ഇളയ പുത്രനിലൂടെ ശാപമോക്ഷം നേടിയ യയാതി, ആയിരം വർഷം ജീവിച്ചു. അവസാന കാലത്ത് അദ്ദേഹം മകനെ വിളിച്ചിട്ടു പറഞ്ഞു. “സുഖഭോഗങ്ങൾ ആസ്വദിച്ചു തീർക്കാമെന്ന്, ഒരിക്കലും കരുതരുത്. ആനന്ദം കൂടുന്നതിന് അനുസരിച്ചു ആസക്തിയും കൂടും”

ആയുസ്സും ആഘോഷവും ഒരിക്കലും അവസാനിക്കരുതെന്നാകും എല്ലാവരുടെയും ആഗ്രഹം. ആയുർ ദൈർഘ്യം കൂടുന്നതിന് അനുസരിച്ചു ജീവിതത്തിന്റെ ആനന്ദാനുഭൂതിയും കൂടുമെന്ന ധാരണയിൽ നിന്നാണ്, ആളുകൾ ദീർഘായുസ്സ് ആശംസിക്കുന്നതു തന്നെ. എക്കാലവും ശൈശവത്തിലോ, കൗമാരത്തിലോ, യൗവനത്തിലോ കഴിയണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക. പക്ഷെയതു നടക്കാത്ത കാര്യമാണെന്നു മാത്രം.

വാർദ്ധക്യം നീണ്ടാലും, അതിനു പൂർവ്വ അവസ്ഥകളുടെ സവിശേഷ ഊർജ്ജമോ,
ഉണർവ്വോ ഉണ്ടാകണമെന്നില്ല. ഏതെങ്കിലും അവസ്ഥയോടുള്ള അഭിനിവേശം മൂലം, അതു ആയുസ്സു മുഴുവൻ നീണ്ടു നിൽക്കണമെന്നു മോഹിക്കുന്നതു ദുരാഗ്രഹമാണ്. ഓരോ കാലവും, നിശ്ചിത സമയത്തിനുള്ളിൽ മറയുന്നുവെന്നതിലാണ് ആ കാലത്തിന്റെ ഭംഗി പോലും, അടിസ്ഥാനപ്പെട്ടിരിക്കുന്നത്. എല്ലാറ്റിനുമൊരു സമയ പരിധിയുണ്ടായിരിക്കണം. കാണുന്ന കാഴ്ചകൾക്കും കേൾക്കുന്ന പാട്ടുകൾക്കും, ആഘോഷിക്കുന്ന ഉത്സവങ്ങൾക്കും, കടന്നു പോകുന്ന സുഖാനുഭവങ്ങൾക്കുമെല്ലാം.

എത്ര മനോഹരമായ പാട്ടും, മടുപ്പില്ലാതെ, എത്ര തവണ തുടർച്ചയായി കേൾക്കാനാകും. പരിധിയിലാണ് പരമാനന്ദം. എല്ലാമതു അർഹിക്കുന്ന സമയത്തിനുള്ളിൽ അവസാനിക്കുന്നുവെന്നതാണെല്ലാ തുടക്കങ്ങളുടെയും ആകർഷണീയത. നിലവിലുള്ള പലതും അവസാനിക്കുന്നതിനാലാണു പല പുതിയ തുടക്കങ്ങൾക്കും കാരണമാകുന്നത്. ഒന്നിനും ഒരവസാനവുമില്ലായെങ്കിൽ, അതൊരു ദുരനുഭവം തന്നെയായിരിക്കും.

പകൽ തീരാതെയെങ്ങനെ രാത്രി വരും. രാത്രിയിൽ മാത്രം തെളിയുന്നവയെ കാണാനാകും. രാത്രി അവസാനിക്കുന്നില്ലെങ്കിൽ പ്രപഞ്ചഘടന പോലും മാറിപ്പോകില്ലെ. വീണ പൂവിനും കൊഴിഞ്ഞ ഇതളുകൾക്കും പറയാനുള്ളത് ഓരോ അവസാനവും, മറ്റൊരു തുടക്കമാണെന്നു തന്നെയാണ്.

ഒരിക്കലും അവസാനിക്കാതിരിക്കുന്നതിലല്ല, എത്ര നന്നായി അവസാനിപ്പിക്കാൻ കഴിയുന്നു എന്നതിലാണു കാര്യം. തുടക്കത്തേക്കാൾ കൃത്യതയോടെയും, കണിശതയോടെയും ചെയ്യേണ്ട കാര്യമാണ്, അവസാനിപ്പിക്കുകയെന്നത്. എത്ര പൂർണ്ണ ചന്ദ്രന്മാരെ കണ്ടുവെന്നതിനേക്കാൾ, എത്ര അർത്ഥപൂർണ്ണമായി ജീവിച്ചുവെന്നതല്ലെ ജീവിത ഗുണനിലവാര സൂചിക.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments