ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്), 24 ന്യൂസിന്റെ സഹകരണത്തോടെ ഏപ്രിൽ 24-ന് ലോക ഭൗമദിനം ഉജ്ജ്വലമായി ആചരിച്ചു. സ്റ്റാഫോർഡിലെ കേരള ഹൗസിൽ നടന്ന വർണ്ണാഭമായ ചടങ്ങുകളിൽ നൂറോളം പേർ പങ്കെടുത്തു. കഴിഞ്ഞ വർഷത്തെപ്പോലെ 24 യുഎസ്എയുമായി സഹകരിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. സമൂഹത്തിലെ പ്രമുഖർക്കൊപ്പം നിരവധി കുട്ടികളും മാതാപിതാക്കളും പങ്കാളികളായി.
രാവിലെ 9 മണിക്ക് ആരംഭിച്ച ചടങ്ങിൽ 50-ലധികം കുട്ടികളുടെ സാന്നിധ്യം ശ്രദ്ധേയമായി. ഭൂമിയുടെയും അതിന്റെ ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം മുഖ്യാതിഥിയായ സ്റ്റാഫോർഡ് മേയർ കെൻ മാത്യു ഊന്നിപ്പറഞ്ഞു. വായു മലിനീകരണവും മറ്റു പാരിസ്ഥിതിക വെല്ലുവിളികളും മനുഷ്യന്റെയും ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഭീഷണിയാണെന്നും പരിസ്ഥിതി സൗഹൃദ മാറ്റങ്ങൾ അനിവാര്യമാണെന്നും ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി സുരേന്ദ്രൻ പട്ടേൽ അഭിപ്രായപ്പെട്ടു. ഫോമാ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ ആശംസകൾ നേർന്നു.
മാഗ് പ്രസിഡന്റ് ജോസ് കെ. ജോൺ സ്വാഗത പ്രസംഗത്തിൽ, ഭാവി തലമുറയെ ഭൗമസംരക്ഷണത്തിനായി ഒരുക്കുകയാണ് ഈ ആഘോഷത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി. തുടർന്ന് കുട്ടികൾ കൊണ്ടുവന്ന വൃക്ഷതൈകൾ പരസ്പരം കൈമാറി നട്ടു. ഈ പ്രവൃത്തി കുഞ്ഞുങ്ങൾക്ക് വലിയ സന്തോഷം പകർന്നു. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി സുരേന്ദ്രൻ പട്ടേലും ഫോക്കാന ഇന്റർനാഷണൽ നാഷണൽ സെക്രട്ടറി എബ്രഹാം കെ. ഈപ്പനും വൃക്ഷതൈകൾ നട്ട് മാതൃകയായി.
പത്ത് മണിയോടെ ‘Save the Earth’ എന്ന വിഷയത്തിൽ കുട്ടികൾക്കായി ചിത്രരചന മത്സരം നടന്നു. ഹൈസ്കൂൾ, മിഡിൽ സ്കൂൾ, എലിമെന്ററി സ്കൂൾ വിഭാഗങ്ങളിലായി 50-ലധികം കുട്ടികൾ മത്സരിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ഹാന റോജി വർഗീസ് (ഒന്നാം സ്ഥാനം), മെർലിൻ ജോമി (രണ്ടാം സ്ഥാനം), മിഡിൽ സ്കൂൾ വിഭാഗത്തിൽ നിഹാൽ കൊച്ചോത്ത് (ഒന്നാം), ജനിത സാജൻ (രണ്ടാം), ജെഫ്‌ലി റോബി (മൂന്നാം), എലിമെന്ററി വിഭാഗത്തിൽ റബേക്ക ജോൺ (ഒന്നാം), ജനിത ഫിലിപ് (രണ്ടാം), സത്യാ ഷിജു (മൂന്നാം) എന്നിവർ പുരസ്കാരങ്ങൾ നേടി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ടീ-ഷർട്ടുകൾ, ട്രോഫികൾ, മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകി ആദരിച്ചു.
മാഗിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവർക്ക് ബോർഡ് മെമ്പർ വിഘ്നേഷ് ശിവൻ നന്ദി രേഖപ്പെടുത്തി. വിനു ജേക്കബ്, സാജൻ ടി. ജോൺ, ആഷാ സതിഷ് എന്നിവർ വിധികർത്താക്കളായി. ട്രഷറർ സുജിത്ത് ചാക്കോ, മാത്യു ചാണ്ടി പിള്ള, ക്രിസ്റ്റഫർ ജോർജ്, സുനിൽ തങ്കപ്പൻ, രേഷ്മ വിനോദ്, ജോൺ ഡബ്ല്യു. വർഗീസ്, ബിജോയ് തോമസ്, അലക്സ് മാത്യു, ജോസഫ് കൂനാത്താൻ, മിഖായേൽ ജോയ്, പ്രഭിത്മോൻ വെള്ളിയാൻ, റിനു വർഗീസ്, ജിജു കുളങ്ങര (Sea to Sky കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകി. എസ്.കെ. ചെറിയാൻ, ജോജി ജോസഫ്, വിനോദ് വാസുദേവൻ എന്നിവരും പങ്കെടുത്തു. ഹോഗൻ ആൻഡ് അസോസിയേറ്റ്സ്, നൂപുര സ്കൂൾ ഓഫ് ഡാൻസ് എന്നിവർ പ്രധാന സ്പോൺസർമാരായിരുന്നു.