ജയ്‌പുർ; രാജസ്ഥാൻ റോയൽസിനായി സഞ്‌ജു സാംസൺ കാഴ്‌ചവച്ചത് ക്യാപ്‌റ്റന്റെ കളി. ഓപ്പണർ ജോസ് ബട്‌ലറെ നഷ്‌ടമായശേഷം മൂന്നാംഓവറിൽ ക്രീസിലെത്തി 20 ഓവർവരെ ബാറ്റ് ചെയ്‌ത് ടീമിന് മികച്ച സ്‌കോർ സമ്മാനിച്ചു. ഒട്ടും പിഴവില്ലാത്ത ഇന്നിങ്സായിരുന്നു. മോശം പന്തുകൾ തെരഞ്ഞെടുത്ത് പ്രഹരിച്ചുള്ള ഉത്തരവാദിത്വമുള്ള കളി. അമിതാവേശം കാട്ടാതെ സിക്‌സറടിക്കുകയും ചെയ്‌തു. തുടർച്ചയായി അഞ്ചാംസീസണിലും ആദ്യകളിയിൽ അർധസെഞ്ചുറി പിന്നിട്ടതാണ് മറ്റൊരു സവിശേഷത.
ക്രീസിലെത്തിയശേഷമുള്ള രണ്ട് ഓവർ ക്ഷമയോടെയാണ് ബാറ്റ് ചെയ്‌തത്. മൊഹ്‌സിൻ ഖാനെ ഫോറും സിക്‌സറും പറത്തിയാണ് ആക്രമണത്തിന് തുടക്കമിട്ടത്. യാഷ് താക്കൂറിന്റെ ഒരോവറിൽ രണ്ടു സിക്‌സർ നേടി. ഈ ഓവറിൽ പിറന്നത് 21 റൺ. 33 പന്തിലായിരുന്നു അർധസെഞ്ചുറി. ഐപിഎല്ലിലെ 21–-ാംഅർധസെഞ്ചുറിയാണ്.
ഒപ്പമുള്ള റിയാൻ പരാഗിനും ധ്രുവ് ജുറേലിനും അവസരം നൽകുന്നതിൽ ശ്രദ്ധിച്ചായിരുന്നു ബാറ്റിങ്. എങ്കിലും അവസാന ഓവറിൽ സിക്‌സറടിച്ച് സ്‌കോർ 200ന് അടുത്തെത്തിക്കാൻ സഞ്‌ജുവിനായി. ഐപിഎല്ലിൽ 153 മത്സരങ്ങളിൽ 3970 റൺ നേടിയിട്ടുണ്ട്. മൂന്നു സെഞ്ചുറിയും 21 അർധസെഞ്ചുറിയും. കഴിഞ്ഞ സീസണിൽ 363 റണ്ണെടുത്തു. 2022ൽ 458, 2021ൽ 484.
മറുപടിയിൽ ഫീൽഡിങ്ങിലും ക്യാപ്‌റ്റൻ സഞ്ജു നിർണായകമായി. സഹതാരങ്ങളെ പ്രോത്സാഹിപ്പിച്ചും ആക്രമണ ഫീൽഡിങ് വിന്യസിച്ചും മികവുകാട്ടി. ഒരുസമയം ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ജയത്തിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും സമ്മർദത്തിന് അടിമപ്പെടാതെ ടീമിനെ നയിച്ചു. ദക്ഷിണാഫ്രിക്കൻ പേസർ നൻഡ്രെ ബർഗറിന് പകരം ആവേശ് ഖാന് അവസാന ഓവർ നൽകാനുള്ള തീരുമാനവും നിർണായകമായി.
ആദ്യകളിയിലെ പ്രകടനം.
2024–- 82*(52) ലഖ്‌നൗ
2023–- 55 (32) ഹൈദരാബാദ്
2022–- 55 (27) ഹൈദരാബാദ്
2021–- 119 (63) പഞ്ചാബ്
2020–- 74 (32) ചെന്നൈ.