ശബരിമല തീർഥാടനം ആരംഭിക്കുന്നതിന് മുമ്പായി അച്ചൻകോവിൽ-കോന്നി റോഡിലെ വനംവകുപ്പിന്‍റെ ഭാഗങ്ങൾ നന്നാക്കണമെന്നാവശ്യപ്പെട്ട് അച്ചൻകോവിൽ ക്ഷേത്രോപദേശക സമിതി കോന്നി ,പുനലൂര്‍ ,അച്ചന്‍കോവില്‍ ഡി എഫ്ഒമാര്‍ക്ക് നിവേദനം നൽകി.
തമിഴ്‌നാട്ടിൽനിന്നുള്ള തീർഥാടകർ അച്ചൻകോവിൽ ക്ഷേത്രത്തിലെത്തിയ ശേഷം കാനനപാതയിലൂടെയാണ് കോന്നിയിലെത്തുന്നത്. നടുവത്തുമൂഴി, മണ്ണാറപ്പാറ വനം റേഞ്ചിലൂടെ പോകുന്ന റോഡിൽ വൻ കുഴികളാണ്. കടിയാർ പാലം കഴിഞ്ഞുള്ള രണ്ട് ചപ്പാത്ത് തകർന്നിട്ടുണ്ട്. വാഹനങ്ങൾക്ക് പോകാൻ കഴിയില്ല.
റോഡിന്റെ ഇരുവശങ്ങളിലും കാടുകൾ വളർന്ന് അപകടഭീഷണിയാണ്. കാൽനടയായാണ് തീർഥാടകർ കൂടുതലും ഇതുവഴിവരുന്നത്. ഉണങ്ങിയ മരങ്ങൾ മുറിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടു.കല്ലേലി മുതൽ തുറ വരെയുള്ള റീച്ചിലാണ് കുഴികളും അപകടം ഉണ്ടാക്കുന്ന തരത്തിൽ കാടുംവളർന്നു നിൽക്കുന്നത്.
ഉപദേശകസമിതി പ്രസിഡന്റ് എൻ.കെ.ഉണ്ണിക്കൃഷ്ണപിള്ള, സെക്രട്ടറി സുരേഷ്ബാബു എന്നിവരാണ് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയത്.കോന്നി താലൂക്ക് വികസനസമിതിയിൽ ഒലിച്ചുപോയ ചപ്പാത്തുകൾ നന്നാക്കണമെന്ന് വനംവകുപ്പിനോട് മാസങ്ങൾക്കുമുമ്പേ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.