കല്പറ്റ: വയനാട്ടിൽ ഹരിത കമർമ്മസേന ശേഖരിച്ച് കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. നെന്മേനി പഞ്ചായത്തിൽ ചുള്ളിയോട് ചന്തയ്ക്കു സമീപമാണ് ഹരിതകർമസേന മാലിന്യം ശേഖരിച്ചു വെച്ചിരുന്നത്. ഈ മാലിന്യക്കൂമ്പാരത്തിന് അർദ്ധരാത്രിയോടെ തീപിടിക്കുകയായിരുന്നു. ചുള്ളിയോട് അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്.
മാലിന്യക്കൂമ്പാരത്തിന് അടുത്തുള്ള ഷെഡ്ഡിൽ ഭാസ്കരൻ കിടന്നുറങ്ങുകയായിരുന്നു. തീപിടിക്കുന്നത് ഭാസ്കരൻ അറിഞ്ഞിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തീ ആളിപ്പടർന്നാണ് മരണമുണ്ടായത്. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു തീ പടർന്നു അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ബത്തേരിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തിരച്ചില്‍ നടത്തി. ഈ തിരച്ചിലിലാണ് ഭാസ്കരന്റെ മൃതദേഹം കിട്ടിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്ന മൃതദേഹം സുൽത്താൻബത്തേരി താലൂക്കാശുപത്രി മോർച്ചറിയിലേക്കു മാറ്റി.