ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം മറ്റന്നാൾ അവസാനിക്കും. ദേശീയ പ്രാദേശിക വിഷയങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങളും ചൂട് പിടിക്കുകയാണ്.പൗരത്വ ഭേദഗതി നിയമം തന്നെയായിരുന്നു ഇന്നും മുഖ്യമന്ത്രി ഉയർത്തിയത്. ബിജെപിയെ താഴെയിറക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇത് അവസാനത്തെ തിരഞ്ഞെടുപ്പ് ആകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതികരിച്ചു.
തിരഞ്ഞെടുപ്പാവേശം കൊട്ടിക്കലാശത്തിലേക്കു കടക്കുമ്പോൾ മൂന്നു മുന്നണികൾക്കും പ്രതീക്ഷകൾ പലത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള പ്രതിഷേധം തിരഞ്ഞെടുപ്പ് അനുകൂലമാക്കുമെന്നാണ്
യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ.പൗരത്വ നിയമഭേദഗതി കാര്യമായി ഉയർത്തിയതോടെ ബിജെപിക്ക് ബദൽ തങ്ങളെന്ന ചിന്ത 2019 നേക്കാൾ സീറ്റ് ഉറപ്പിക്കുമെന്നു ഇടതു ക്യാമ്പും പ്രതീക്ഷ പുലര്ത്തുന്നു. പ്രധാനമന്ത്രിയടക്കം നിരവധി തവണ എത്തിയ പ്രചാരണ തന്ത്രം ഫലം കാണുമെന്നാണ് ബിജെപിയുടെ ചിന്ത.പ്രചാരണ വിഷയമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും ഉയർത്തിയത് പൗരത്വ നിയമഭേദഗതിയാണ്.രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും പൗരത്വ നിയം വിഷയത്തിൽ മൗനമെന്നു മുഖ്യമന്ത്രി.
രാഹുൽ ഗാന്ധി കേരളത്തിലെ ലോക്കൽ നേതാക്കളുടെ നിലവാരത്തിലേക്ക് താഴ്ന്നുവെന്നായിരുന്നു പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവന്റെ പ്രതികരണം.പ്രധാനമന്ത്രി പച്ചയായ വർഗീയത പറയുന്നുവെന്നും,ഇനിയും ബിജെപി അധികാരത്തിൽ വന്നാൽ ഇനിയൊരു പാർലമെന്റ് തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.