തെരുവ് നായകൾക്ക് താവളം ഒരുക്കിയതിന് കൊച്ചുകുട്ടികളുടെ പരാതിയിൽ കുറ്റക്കാർക്കെതിരെ ആരോഗ്യവകുപ്പ്കേരള പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുത്തു. നിയമലംഘനത്തിന് കരുവാൻതടം സ്വദേശികളായ നസീമുദ്ദീൻ കെ, സൈതലവി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഏപ്രിൽ 24ന് ഗൃഹപ്രവേശ ചടങ്ങിൽ അവശേഷിച്ച മാലിന്യങ്ങളും ഭക്ഷണങ്ങളും ആണ് തെരുവ് പട്ടികൾക്ക് ഈ പ്രദേശത്ത് വിഹാരകേന്ദ്രമാകാൻ കാരണമായത്.
വീടിനടുത്ത് പറമ്പിൽ കളിച്ചുകൊണ്ടിരിക്കവേ 10 വയസ്സ് പ്രായമുള്ള 7 ഓളം കുട്ടികളെ പെരുവള്ളൂർ പറമ്പിൽപീടിക കരുവാൻതടം ഭാഗത്തുള്ള ഒഴിഞ്ഞ പറമ്പിലെ തെരുവ് നായകൾ ആക്രമിക്കാൻ വരികയായിരുന്നു. ആത്മരക്ഷാർത്ഥം ഓടി വീട്ടിൽ കയറിയതിനാൽ ജീവൻ തിരിച്ചുകിട്ടിയെന്നും പട്ടികളിൽ നിന്നും തങ്ങളെ രക്ഷിക്കണമെന്ന പരാതിയിമേ ൽ പെരുവള്ളൂർ മെഡിക്കൽ ഓഫീസർ ഡോ: മുഹമ്മദ് റാസിയുടെ നിർദ്ദേശപ്രകാരം പെരുവള്ളൂർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലൈജു ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള ആർ ആർ ടി സംഘം സ്ഥലത്ത് എത്തുകയായിരുന്നു. പരിശോധനയിൽ ആക്രമണോത്സുകരായ നായകൾ തൊട്ടടുത്ത പറമ്പിൽ സ്വൈര്യ വിഹാരം നടത്തുന്നതായും ഇവക്ക് ഭക്ഷണവും താവളവും ഒരുക്കുന്ന തരത്തിൽ മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിക്ഷേപിച്ചതായും കണ്ടെത്തിയതിനാണ് കുറ്റക്കാർക്കെതിരെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുത്തത്.
നായകൾക്കും മറ്റ് ആക്രമിക്കുന്ന മൃഗങ്ങൾക്കും ഭക്ഷണമോ താവളമോ ഒരുക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരവും ശിക്ഷാർഹവും ആണ്. 5000 രൂപ വരെ പിഴ ലഭിക്കാവുന്ന പ്രസ്തുത കുറ്റം ആവർത്തിക്കുന്ന പക്ഷം ബിഎൻ എൻഎസ് പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് താക്കീത് നൽകി. പൊതുജനങ്ങൾ പട്ടികൾക്കും കുറുനരികൾക്കും താവളം ആകുന്ന തരത്തിൽ പറമ്പുകൾ കാടു മൂടി കിടക്കുന്ന അവസ്ഥയിൽ ഇടുന്നതും ഇവയ്ക്ക് ഭക്ഷണം നൽകുന്ന തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതും അങ്ങാടികളിലോ അറിവ് ശാലകളിലോ അറവു മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പട്ടികൾക്ക് താവളം ഒരുക്കുന്നതും പറമ്പുകളിൽ മനുഷ്യന് അപകടം ഉണ്ടാവുന്ന തരത്തിൽ പൊട്ടക്കിണറുകളോ കുഴികളോ നിലനിർത്തുന്നതും കുറ്റകരമാണെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുന്നറിയിപ്പു നൽകി.
നിർദ്ദേശങ്ങൾ ലഭിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. ടീമിൽ മുരളി, അർഷദലി, മുസ്തഫ, കാരാടൻ അമീർ എന്നിവരും
പങ്കെടുത്തു.