Logo Below Image
Saturday, July 5, 2025
Logo Below Image
Homeകേരളംകാഞ്ഞിരപ്പളളി എസ്ഡി കോളജിൻ്റെ വജ്രജൂബിലി ആഘോഷം: 14 വീടുകളുടെ താക്കോൽ ദാനം തിങ്കളാഴ്ച.

കാഞ്ഞിരപ്പളളി എസ്ഡി കോളജിൻ്റെ വജ്രജൂബിലി ആഘോഷം: 14 വീടുകളുടെ താക്കോൽ ദാനം തിങ്കളാഴ്ച.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളെജിൻ്റെ വജ്രജൂബിലി വർഷത്തിൽ എൻഎസ്എസ് സെല്ലിന്റെയും , മറ്റ് ഇതര സംഘടനകളുടേയും സഹകരണത്തോടെ ഭവനരഹിതർക്കായി നിർമ്മിച്ച 14 വീടുകളുടെ താക്കോൽദാനം 28 തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി ശ്രീ വി എൻ വാസവൻ നിർവ്വഹിക്കും.

സര്ക്കാരിന്റെയും മറ്റ് ഏജൻസികളുടെയും വിവിധ ഭവനപദ്ധതികളിൽ ഒന്നും ഉൾപ്പെടാത്ത ഭവനരഹിതരായ ആളുകളുടെ ‘സ്വന്തമായി വീട്’ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായാണ് സെൻ്റ് ഡൊമിനിക്സ് കോളേജ് എൻഎസ്എസ് യൂണിറ്റ് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനോടും എം ജി യൂണിവേഴ്സിറ്റി എൻഎസ്എസ് സെല്ലിനോടും കൈകോർത്തത്. ‘സ്നേഹവീട്’ എന്ന ഈ സംയുക്തപദ്ധതി വഴി യാഥാർത്ഥ്യമായത് 14 വീടുകളാണ്.

ഇടുക്കി ജില്ലയിൽ കൊക്കയാർ, കോട്ടയം ജില്ലയിലെ മുണ്ടക്കയം, തിടനാട് , ചിറക്കടവ് എലിക്കുളം എന്നീ പഞ്ചായത്തുകളിലായാണ് 14 വീടുകൾ നിർമ്മിക്കപ്പെട്ടത്. ഏറ്റവും അർഹരായവർക്ക് മാത്രം ഭവനങ്ങൾ ലഭിക്കുന്നതിന് ഫൌണ്ടേഷനും എൻഎസ്എസും ശ്രദ്ധിച്ചിരുന്നു. അഞ്ചു സെൻറിൽ അധികം ഭൂമി സ്വന്തമായില്ലാത്തവർക്കാണ് വീടുകൾ നിർമ്മിച്ചു നല്കുന്നത്. നിബന്ധനകൾ പ്രകാരം കണ്ടെത്തിയ പതിനാലിൽ മൂന്നു കുടുംബങ്ങൾക്ക് സ്വന്തമായി സ്ഥലം ഇല്ലാതിരുന്നതിനാൽ അവർക്ക് ഭൂമി കണ്ടെത്തി നൽകിയാണ് വീട് നിർമ്മിച്ചത്.

ഈ ഉദ്യമത്തിൽ സെൻറ് ഡൊമിനിക്സ് കോളജ് എൻഎസ്എസ് യൂണിറ്റിന് നാട്ടിലെ സുമനസ്സുകളായ ഒട്ടേറെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അകമഴിഞ്ഞ സഹകരണം ലഭിച്ചു എന്ന് പ്രോഗ്രാം ഓഫീസർ ഡോ ജോജി തോമസ് പറഞ്ഞു. വീട് നിർമ്മിക്കുന്നതിന് സ്ഥലം വിട്ടുനൽകിയും സാമ്പത്തികസഹായം നൽകിയും ഒട്ടേറെ ആളുകൾ ഒപ്പം നിന്നതിനാലാണ് പതിനാല് വീടുകൾ എന്ന വലിയ നന്മയിലേക്ക് ഒറ്റ വർഷം കൊണ്ട് എത്തിച്ചേരാൻ കോളജിലെ എൻ എസ് എസ് യൂണിറ്റിന് സാധിച്ചത്.

വീടില്ലാത്തവർക്ക് വീട് ലഭിച്ചു എന്ന നന്മയെപ്പോലെതന്നെ വിലമതിക്കുന്നതാണ് ഈയൊരു പ്രക്രിയയിലൂടെ കോളജിലെ എൻഎസ്എസ് അംഗങ്ങൾ നേടിയ സമഗ്രപരിശീലനം എന്ന് പ്രിൻസിപ്പൽ ഡോ സീമോൻ തോമസ് പറഞ്ഞു. പതിനാല് ഭവനങ്ങളുടെ നിർമ്മാണത്തിലൂടെ സ്നേഹത്തിന്റെയും, സാമൂഹ്യ പ്രതിബദ്ധതയുടെയും അമൂല്യമാതൃക ഒരുക്കുകയായിരുന്നു സെൻറ് ഡൊമിനിക് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും.

അർഹരായ കുടുംബങ്ങളെ കണ്ടെത്തുക; നിർമ്മാണസ്ഥലം സന്ദർശിച്ച് ഭവനനിർമ്മാണ ആസൂത്രണം നടത്തുക; സാമ്പത്തിക സഹായം, സർക്കാർ രേഖകൾ, അംഗീകാരങ്ങൾ, പ്ലാൻ, എസ്റ്റിമേറ്റ് മുതലായവ തയാറാക്കുക; സുമനസ്സുകളെ സഹകരിപ്പിക്കുക എന്നിങ്ങനെ നേതൃത്വപരമായ എല്ലാ ഘട്ടങ്ങളിലും വിദ്യാർത്ഥികൾ പങ്കാളികളായി. വാഹന സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ നിർമ്മാണ സാമഗ്രികൾ ചുമന്ന് എത്തിക്കാനും മണ്ണ് കുറവുള്ള പാറ നിറഞ്ഞ പ്രദേശത്ത് തറ കെട്ടുന്നതിന് മണ്ണ് ചുമന്ന് എത്തിക്കാനും അടക്കം വീട് നിർമ്മാണത്തിൻ്റെ വിവിധഘട്ടങ്ങളിൽ കൈമെയ് മറന്നുള്ള കായികാധ്വാനവും എൻഎസ്എസ് വോളൻ്റിയർമാരുടെ വകയായിരുന്നു.

എൻഎസ്എസ് വോളണ്ടിയർമാർക്ക് സാമൂഹ്യ സേവനത്തിൻ്റെ പുതിയ ഒരു അനുഭവമായിരുന്നു ഈ ഭവനനിർമാണ കാലഘട്ടം. അക്രമത്തിലേക്കും ലഹരിയിലേക്കും വഴിമാറാതെ യുവാക്കളുടെ ക്രിയാത്മകത ശരിയായ രീതിയിൽ വിനിയോഗിച്ചാൽ ഇത്തരം നന്മയുടെ അത്ഭുതങ്ങൾ പിറക്കുമെന്ന് എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി അതുൽ കൃഷ്ണൻ പറഞ്ഞു. കോളേജ് മാനേജർ റവ. ഡോ. കുര്യൻ താമരശ്ശേരി, കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ, വോളണ്ടിയർ സെക്രട്ടറിമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറ് എൻഎസ്എസ് വോളണ്ടിയർമാർ നടത്തിയ തീവ്രപരിശ്രമമാണ് വിജയം വരിച്ചിരിക്കുന്നത്. .

ഏപ്രിൽ 28 തിങ്കളാഴ്ച കോളേജിൽ നടക്കുന്ന താക്കോൽദാന സമ്മേളനം കോളജ് എൻഎസ്എസ് യൂണിറ്റും എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് സെല്ലും ചേർന്നാണ് സംഘടിപ്പിക്കുന്നത്. സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി ശ്രീ വി എൻ വാസവൻ താക്കോൽ ദാനം നിർവഹിക്കുന്ന ചടങ്ങിൽ കോളേജ് മാനേജർ റവ. ഡോ. കുര്യൻ താമരശ്ശേരി അധ്യക്ഷത വഹിക്കും. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യാതിഥിയായിരിക്കും. സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോക്ടർ ആൻസർ, എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ ഇ എൻ ശിവദാസൻ, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പ്രതിനിധികൾ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോജി തോമസ്, ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യൻ വോളണ്ടിയർ സെക്രട്ടറിമാരായ അതുൽ കൃഷ്ണൻ, ഭാഗ്യലക്ഷ്മി രാജ്, ആൽബിൻ തോമസ്, ദിയ തെരേസ് ജോഷി എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ