കോട്ടയം: കോട്ടയം പനമ്പാലത്ത് ലോൺ അടവ് മുടങ്ങിയതിന് ഗൃഹനാഥനെ വീട്ടിൽ കയറി മർദ്ദിച്ചു. ഹൃദയരോഗിയായി സുരേഷിനെയാണ് ബെൽസ്റ്റാർ ഫിനാൻസിലെ ജീവനക്കാരൻ ജാക്സൺ ആക്രമിച്ചത്.പ്രതിയെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെൽസ്റ്റാർ ഫിനാൻസിലെ ജീവനക്കാരൻ ജാക്ക്സൺ ഇന്ന് രാവിലെയാണ് സുരേഷിന്‍റെ പനംപാലത്തുള്ള വീട്ടിലെത്തിയത്. സിറ്റൗട്ടിലിരുന്ന സുരേഷിനോട് ജാക്സൺ പണം അടയ്ക്കാൻ ആവശ്യപ്പെട്ടു.
നിലവിൽ കയ്യിൽ പണമില്ലെന്നും സാവകാശം വേണമെന്നും സുരേഷ് ആവശ്യപ്പെട്ടു. പിന്നാലെ ജാക്സൺ സുരേഷിനെ അസഭ്യം പറഞ്ഞു. ഇതിനിടയിൽ വീട്ടിലുണ്ടായിരുന്ന പ്ലാസ്റ്റർഓഫ് പാരീസ് പ്രതിമയെടുത്ത് ജാക്സൺ സുരേഷിനെ അടിച്ചു.തലയ്ക്കും ചെവിക്ക് പിന്നിലും പരിക്കേറ്റു. ബഹളംകേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി ഗാന്ധിനഗർ പൊലീസിൽ ഏൽപ്പിച്ചത്.
35000 രൂപയാണ് സുരേഷ് വായ്പയായി എടുത്തത്.
കൃത്യമായി പണം അടച്ചു വരികയായിരുന്നു. കുറച്ച് നാൾ മുമ്പ് ആഞ്ചിയോപ്ലാസ്റ്റി ചെയ്തതും ചികിത്സ തുടർന്നതും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കി.ഇതോടെയാണ് പണം അടക്കുന്നത് മുടങ്ങിയത്. ഇനി പതിനായിരം രൂപയിൽ താഴെ മാത്രമാണ് അടക്കാനുള്ളത്.ചെവിക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റ സുരേഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ജാക്സണെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.