തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം അനുവദിക്കുന്നതിൽ കേന്ദ്ര കുടിശിക 813.977 കോടിയെന്ന് മന്ത്രി എംബി രാജേഷ് സഭയിൽ. ആവശ്യപ്പെട്ടതിന്റെ പകുതിയിൽ താഴെ തുക മാത്രമാണ് കേന്ദ്രം സംസ്ഥാനത്തിന് നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യത്തിലും ഇന്ത്യയിൽ മികച്ച രീതിയിൽ തൊഴിലുറപ്പ് നടപ്പാക്കുന്നത് കേരളത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആസൂത്രിതമായി തൊഴിലുറപ്പിനെ കേന്ദ്രം ഇല്ലാതാക്കുകയാണ്. തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചു നൽകണം എന്ന് ആവശ്യപ്പെട്ട് നാല് ഘട്ടമായി ഉദ്യോഗസ്ഥ തലത്തിലും പുറമേ മന്ത്രി എന്ന നിലയിലും കേന്ദ്രത്തിന് കത്തയച്ചു. എന്നാൽ അനുകൂല നടപടി കേന്ദ്രത്തിൽ നിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പിനെ ഒറ്റയടിക്ക് നിർത്തലാക്കാൻ സാധിക്കില്ല. അതുകൊണ്ട് ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള നടപടി സ്വീകരിക്കുകയാണ് കേന്ദ്രം. അതിൻറെ ഭാഗമായി അനാകർഷണം ആക്കി പദ്ധതിയിൽ നിന്ന് തൊഴിലാളികളെ അകറ്റാൻ ശ്രമിക്കുകയാണ്. കേരളത്തിൻറെ കാര്യത്തിൽ മിനിമം കൂലിയുടെ പകുതി പോലും ലഭിക്കുന്നില്ല. തൊഴിലുറപ്പ് വേതനത്തിന്‍റെ കുടിശ്ശിക ലഭ്യമാക്കാൻ സംസ്ഥാനം നിരന്തരമായി സമ്മർദം ചെലുത്തുന്നുണ്ട്.
യുഡിഎഫിന്റെ 18 എംപിമാർ കൂടി കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.15 ദിവസത്തിനകം വേതനം നൽകാനുള്ള നടപടി സംസ്ഥാനം സ്വീകരിച്ചു വരുന്നുണ്ട്. കേന്ദ്രം വരുത്തുന്ന കാലതാമസത്തിന് നഷ്ടപരിഹാരം നൽകേണ്ടത് കേന്ദ്രം തന്നെയാണെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന് തന്നെയാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും എന്നാൽ മിനിമം വേതനത്തിൽ വെള്ളം ചേർത്തത് കേന്ദ്രസർക്കാരാണെന്നും എംബി രാജേഷ് ചൂണ്ടിക്കാട്ടി.