പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ–പാക്ക് ബന്ധം വഷളാകുന്നതിനിടെ വ്യോമാതിര്‍ത്തി അടച്ച് നടപടി കടുപ്പിച്ച് ഇന്ത്യ. സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചു, അട്ടാരി അതിർത്തി അടച്ചു, പാകിസ്ഥാൻ പൗരന്മാരെ തിരിച്ചയച്ചു, നയതന്ത്ര പ്രാതിനിധ്യം വെട്ടിക്കുറച്ചു എന്നിവയുൾപ്പെടെ നിരവധി നടപടികളുടെ തുടർച്ചയായാണ് ഇന്ത്യയുടെ വ്യോമാതിർത്തി നീക്കം. പാകിസ്ഥാൻ ആസ്ഥാനമായുള്ള വിമാനക്കമ്പനികളുടെ എല്ലാ വിമാനങ്ങൾക്കും ഇന്ത്യയിൽ വിലക്ക്. നേരത്തെ ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാനും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വ്യോമസേനയുടെ അറിയിപ്പ് (NOTAM) പ്രകാരം, പാകിസ്ഥാൻ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും പാകിസ്ഥാൻ എയർലൈനുകളോ ഓപ്പറേറ്റർമാരോ പ്രവർത്തിപ്പിക്കുന്നതോ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ വിമാനങ്ങൾക്കും (സൈനിക വിമാനങ്ങൾ ഉൾപ്പെടെ) ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാനാകില്ല. മെയ് 23 വരെ നിയന്ത്രണങ്ങൾ നിലനിൽക്കും.
എന്നിരുന്നാലും, പാകിസ്ഥാനിൽ നിന്ന് പറക്കുന്ന വിദേശ വിമാനക്കമ്പനികൾക്ക് (എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ്, ടർക്കിഷ് എയർലൈൻസ് മുതലായവ) പതിവുപോലെ ഇന്ത്യൻ വ്യോമാതിർത്തി ഉപയോഗിക്കുന്നത് തുടരാം. ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനങ്ങൾ ചൈന വഴി ക്വാലാലംപൂർ പോലുള്ള സ്ഥലങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നത് അധിക സമയത്തിനും ചെലവിനും കാരണമാകുന്നു.