മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ലയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആണ് അപകടം ഉണ്ടായത്. 13 പേരുമായി പോയ വാനാണ് അപകടത്തില്‍പ്പെട്ടത്.
കച്ചരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ബൈക്കിലിടിച്ച ശേഷം റോഡിൽ നിന്ന് തെന്നിമാറി കിണറ്റിൽ വീണാണ് അപകടം ഉണ്ടായത്. കിണറ്റില്‍ വിഷവാതകം ഉണ്ടായിരുന്നതായും ഇത് ശ്വസിച്ചാണ് പത്ത് പേര്‍ മരണപ്പെട്ടതെന്നുമാണ് പ്രാഥമിക നിഗമനം.
വാനിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 13 പേരാണ് ഉണ്ടായിരുന്നത്. സംഭവ സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) മറ്റ് യൂണിറ്റുകളും ഉൾപ്പെടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാൻ കിണറ്റില്‍ നിന്നും ഉയര്‍ത്തിയിട്ടുണ്ട്
ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദ അപകട സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന് കാരണം അശ്രദ്ധയോ മെക്കാനിക്കൽ തകരാറോ ആണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.