Tuesday, December 3, 2024
HomeKeralaസ്പോർട‍് സ് ഹബ്ബാകാൻ കേരളം; ക്രിക്കറ്റിനും ഫുട്‌ബോളിനും പുതിയ രാജ്യാന്തര സ്‌റ്റേഡിയങ്ങൾ.

സ്പോർട‍് സ് ഹബ്ബാകാൻ കേരളം; ക്രിക്കറ്റിനും ഫുട്‌ബോളിനും പുതിയ രാജ്യാന്തര സ്‌റ്റേഡിയങ്ങൾ.

തിരുവനന്തപുരം: രാജ്യാന്തര കായിക ഉച്ചകോടിയുടെ തുടക്കം വമ്പൻ പ്രഖ്യാപനത്തോടെ. കേരളത്തിലെ കളി ആരാധകർ കാത്തിരുന്ന ക്രിക്കറ്റ്‌, ഫുട്‌ബോൾ സ്‌റ്റേഡിയങ്ങൾ ഇനി സ്വപ്‌നമല്ല. കൂടുതൽ രാജ്യാന്തര മത്സരങ്ങൾക്ക്‌ ഇനി കേരളം വേദിയാകും. കേരള ക്രിക്കറ്റ്‌ അസോസിയേഷൻ സമർപ്പിച്ച കൊച്ചി സ്‌പോർട്‌സ്‌ സിറ്റി യാഥാർഥ്യമായാൽ ലോകകപ്പ്‌ അടക്കമുള്ള മത്സരങ്ങൾക്ക്‌ വേദിയാകും.

ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റ്‌ മത്സരങ്ങൾക്ക്‌ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയമാണ്‌ വേദി. ഫുട്‌ബോളിന്‌ കൊച്ചി നെഹ്‌റു സ്‌റ്റേഡിയവും. കോഴിക്കോട്‌, കണ്ണൂർ, മലപ്പുറം സ്‌റ്റേഡിയങ്ങളിലാണ്‌ ഫുട്‌ബോൾ മത്സരങ്ങൾ നടക്കുന്നത്‌. രാജ്യാന്തര നിലവാരത്തിലുള്ള ഫുട്‌ബോൾ സ്‌റ്റേഡിയമില്ലാത്തത്‌ പോരായ്‌മയായിരുന്നു. അതിന്‌ പരിഹാരമായി മലപ്പുറം മഞ്ചേരി പയ്യനാട്ട്‌ രാജ്യാന്തര നിലവാരത്തിലുള്ള സ്‌റ്റേഡിയം ഉയരും. അർജന്റീനയുടെ ലോകകപ്പ്‌ ടീം അടുത്തവർഷം ഒക്‌ടോബറിൽ കേരളത്തിലെത്തിയാൽ പുതിയ സ്‌റ്റേഡിയത്തിലാകും കളിക്കുക.

കേരള ഫുട്‌ബോൾ അസോസിയേഷനുമായി സഹകരിച്ച്‌ ഗ്രൂപ്പ്‌ മീരാൻ കമ്പനി സമർപ്പിച്ച നിർദേശങ്ങളിൽ എട്ട്‌ ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളും നാല്‌ പരിശീലന അക്കാദമികളുമുണ്ട്‌.
ഉച്ചകോടിക്ക്‌ ആദ്യദിവസം മികച്ച പ്രതികരണമാണ്‌. ഇന്ത്യയിലേയും വിദേശങ്ങളിലേയും പ്രമുഖ സ്‌പോർട്‌സ്‌ അസോസിയേഷനുകളും കമ്പനികളും 26 വരെ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായിട്ടുണ്ട്‌. 5000 കോടിയുടെ നിക്ഷേപമാണ്‌ പ്രതീക്ഷിക്കുന്നത്‌. ആദ്യദിവസം 2000 കോടിയോളം രൂപയുടെ നിക്ഷേപം നേടാനായത്‌ ഉച്ചകോടിക്ക്‌ നേട്ടമായി.

വിവിധ വിഷയങ്ങളിലെ സെമിനാറുകൾ, സ്‌പോർട്‌സ്‌ എക്‌സ്‌പോ, കായിക ചലച്ചിത്രോത്സവം എന്നിവ ഇന്നുമുതൽ ആരംഭിക്കും. 13 വിഷയങ്ങളിൽ 105 സമ്മേളനങ്ങൾ, സെമിനാറുകൾ, സ്പോർട്സ് എക്സ്പോ എന്നിവയും സംഘടിപ്പിക്കും. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുൾപ്പെടെ വിദഗ്ധരടക്കം ആയിരത്തോളം പ്രതിനിധികൾ ഉച്ചകോടിക്ക്‌ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌.
ആദ്യദിനത്തിൽ അമ്പെയ്‌ത്ത്‌, കിക്ക്‌ ബോക്സിങ് മത്സരങ്ങളും സംഘടിപ്പിച്ചു. തെലങ്കാന, തമിഴ്നാട്, കേരളം സംസ്ഥാനങ്ങളിലെ ഇരുപതോളം ക്ലബ്ബുകളിൽനിന്നായി 130 താരങ്ങളാണ്‌ മത്സരിച്ചത്‌. സ്പോർട്സ് എക്സ്പോയ്‌ക്കും തുടക്കമായി. സ്പോർട്സ് ഉപകരണ നിർമാതാക്കളുടെയും സ്റ്റാർട്ടപ് സംരംഭങ്ങളുടെയും നാൽപ്പതോളം സ്റ്റാളുകൾ എക്‌സ്‌പോയിലുണ്ട്‌. കായിക ഉപകരണങ്ങൾക്കുപുറമെ ജിം ഉപകരണങ്ങൾ, ഹെൽത്ത് കെയർ, സ്പോർട്സ് ഉപകരണങ്ങളുടെ പ്രദർശനവുമുണ്ട്‌.

സൂപ്പര്‍ പവറാകും: മന്ത്രി വി അബ്ദുറഹിമാൻ
ഇന്ത്യൻ കായികമേഖലയിലെ സൂപ്പർ പവറായി കേരളത്തെ മാറ്റുകയാണ്‌ ലക്ഷ്യമെന്ന്‌ കായികമന്ത്രി വി അബ്ദുറഹിമാൻ. ഈ ലക്ഷ്യം കൈവരിക്കുന്നതിന്‌ കായിക ഉച്ചകോടി സുപ്രധാന ചുവടുവയ്പാകും. ആരോഗ്യവും ശാരീരികക്ഷമതയും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു ജനതയെ സൃഷ്ടിച്ച്‌, ലോകത്തിനുതന്നെ അനുകരണീയമായ ഒരു ‘കേരള കായിക മോഡൽ’ രൂപപ്പെടുത്തും. രാജ്യത്തിനൊട്ടാകെ മാതൃകയാകുന്ന തരത്തിൽ കേരള കായികരംഗത്ത് മാറ്റങ്ങൾ അനിവാര്യമാണെന്ന് ഈ സർക്കാർ കണ്ടെത്തിയിരുന്നു. അതിന്റെ ആദ്യഘട്ടമായാണ് സമ്പൂർണ കായികനയം രൂപപ്പെടുത്തിയത്. ആദ്യമായി സമ്പൂർണ കായികനയം രൂപീകരിച്ച സംസ്ഥാനമായി കേരളം മാറി.

കായികതാരങ്ങൾക്കും കായിക അനുബന്ധ വ്യവസായങ്ങൾക്കും സമൂഹത്തിനും പ്രയോജനം ചെയ്യുന്ന ഒരു സുസ്ഥിര കായിക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും കായികരംഗത്തെ സാമ്പത്തിക സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ഉച്ചകോടിയിലൂടെ സാധിക്കും. കായികവിദഗ്‌ധരും പ്രമുഖ കായികതാരങ്ങളും നിക്ഷേപകരും സംരംഭകരും പങ്കെടുക്കുന്നുണ്ട്. ലഭിക്കുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരുവർഷംനീളുന്ന തുടർപ്രവർത്തനങ്ങളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ കായികരംഗത്തിന്‌ കേരളം നൽകിയ സംഭാവനകൾ മികച്ചതാണെന്ന്‌ മുൻ രാജ്യാന്തര അത്‌ലീറ്റ്‌ അശ്വിനി നച്ചപ്പ. കായിക ഉച്ചകോടി മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ മാതൃകയാണ്‌. കായികമേഖലയിലെ പരസ്‌പര സഹകരണത്തിനും നിക്ഷേപത്തിനും ഇത്‌ സഹായകമാകും. അഞ്ചാം ക്ലാസ്‌മുതൽ കായിക പ്രാധാന്യത്തെക്കുറിച്ച്‌ കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ പാഠപുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം അഭിനന്ദനാർഹമാണെന്നും അവർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments