Saturday, November 23, 2024
Homeസിനിമബംഗാളി സിനിമാ പ്രവർത്തകൻ ആകാശ്സിങ്ങിൽ നിന്ന് രവീന്ദ്രനാഥ് ടാഗോർ അമേഡർ പുരസ്‌കാരം നിധിൻ...

ബംഗാളി സിനിമാ പ്രവർത്തകൻ ആകാശ്സിങ്ങിൽ നിന്ന് രവീന്ദ്രനാഥ് ടാഗോർ അമേഡർ പുരസ്‌കാരം നിധിൻ ദാസ്‌ സ്വീകരിക്കുന്നു.

ചെറുസിനിമകളിലൂടെ ചെറുതല്ലാത്ത കാര്യങ്ങൾ പറഞ്ഞ്‌ വിസ്മയിപ്പിക്കുന്ന തിരക്കിലായിരുന്നു നിധിൻ ദാസ്‌ ഇത്രകാലവും. പത്തിലധികം ശ്രദ്ധേയമായ ചെറുസിനിമകൾ തയ്യാറാക്കിയശേഷം സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കിറങ്ങുകയാണിപ്പോൾ. കോഴിക്കോട് ഉള്ള്യേരി ഒള്ളൂർ സ്വദേശി നിധിൻദാസ്‌ പുതിയ കാല സങ്കേതിക സൗകര്യങ്ങളാൽ ചെറുസിനിമകളുടെ വസന്തമാണ്‌ ചുരുങ്ങിയ കാലംകൊണ്ടുണ്ടാക്കിയത്‌. സ്വന്തം രചനയിലും സംവിധാനത്തിലും ഹ്രസ്വചിത്രം തയ്യാറാക്കാൻ തുടങ്ങുന്നത്‌ പത്തുവർഷം മുമ്പാണ്‌.

ആദ്യ ചെറുചിത്രം ഭയാനകം നാട്ടിൽത്തന്നെ ചിത്രീകരിച്ചു. പെൺകുട്ടികൾക്ക്‌ എതിരെയുള്ള അതിക്രമം വിഷയമാക്കി ഹൊറർ ഫോർമാറ്റിൽ എടുത്തിരിക്കുന്ന ചിത്രം നിരൂപക പ്രശംസ നേടി. രണ്ടാമത്തെ മർഡർ ഷോർട്ട്‌ ഫിലിം നിരവധി വേദികളിൽ പ്രദർശിപ്പിക്കപ്പെട്ടു. ലഹരി എന്ന വിഷയമാണ്‌ മർഡർ കൈകാര്യം ചെയ്തത്‌.
മർഡർനു ശേഷം ചെയ്ത പൊക 80 അവാർഡുകൾ നേടി. പാസീവ് സ്‌മോക്കിങ് എങ്ങനെ സമൂഹത്തെ ബാധിക്കുമെന്ന് ലഘുവായി പറയുന്ന ചിത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കപ്പെട്ടു.

കുറുമ്പ്രനാട് രാജാവിന്റെ സുരക്ഷയ്‌ക്കായി അന്നത്തെ രാജാവ് വടക്കുനിന്ന് കൊണ്ടുവന്ന ഒമ്പത് കളരികളിലെ ഉള്ളൂർ വലിയ മുറ്റം തറവാടിന്റെ ചരിത്രം ഹ്രസ്വചിത്രമാക്കി. ഇതിനു പിന്നാലെ അടി, പ്രതിനായകർ എന്നിവയും പുറത്തിറക്കി. സിനിമാതാരം അരിസ്റ്റോ സുരേഷ് നായകനായി എത്തിയ മുത്തുമണി, അക്ഷയ് അമ്പാടി നായകനായ തോട്ടി എന്നീ ചെറു സിനിമകളും ശ്രദ്ധ നേടി.

മലയാള സിനിമയിലെ മൂന്ന് മുൻനിര നായകർക്കായി എഴുതിയ കഥയുമായാണ്‌ നിധിൻ ദാസിന്റെ സിനിമ ചിത്രീകരണത്തിനൊരുങ്ങുന്നത്‌. സിനിമാ മേഖലയിൽ ബന്ധങ്ങൾ ഇല്ലാതിരുന്നതുകൊണ്ടുമാത്രം ഒരു ചവിട്ടുപടി കിട്ടാതെ സ്വന്തമായി പഠിച്ചു തുടങ്ങിയ ഈ സംവിധായകൻ എല്ലാ അർഥത്തിലും മലയാളത്തിന്‌ പുതുമയുള്ള സിനിമ സമ്മാനിക്കുമെന്നത്‌ ഉറപ്പാണ്‌. നാൽപ്പതിലധികം ദേശീയ പുരസ്കാരം ലഭിച്ചതിന്റെ കരുത്തിലാണ്‌ സിനിമാ സംവിധാനത്തിലേക്ക്‌ കടക്കുന്നത്‌. അവസാനം പശ്ചിമ ബംഗാളിലെ ഹൗറയിൽ നടന്ന രബീന്ദ്രനാഥ ടാഗോർ അമഡർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഷോർട്ട്‌ ഫിലിം വിഭാഗത്തിൽ മികച്ച രചനയ്‌ക്കും സംവിധായകനുമുള്ള രണ്ട് ദേശീയപുരസ്‌കാരം നിധിൻ ദാസിന്‌ ലഭിച്ചു. പൊക എന്ന ഷോർട്ട്‌ ഫിലിമിന്റെ രചനയും സംവിധാനവും നിർവഹിച്ചതിനാണ് അംഗീകാരം.

പയ്യോളി ഗവ. ഹൈ സ്കൂളിൽ പത്താം ക്ലാസ് പൂർത്തിയാക്കി പ്ലസ്ടുവിന് ചേർന്നു. പക്ഷേ, കണക്ക്‌ വില്ലനായതിനാൽ മൂന്നു തവണ ശ്രമിച്ചിട്ടും വിജയിക്കാനായില്ല. ഒടുവിൽ ആ സ്വപ്നം വലിച്ചെറിഞ്ഞു. ഐടിഐയിൽ ചേർന്നു. പ്ലസ്ടുവിന് വില്ലനായ കണക്ക്‌ ഇവിടെ ചതിച്ചില്ല. 87 ശതമാനം മാർക്കോടെ ഐടിഐ പാസായി പോളിയിൽ ചേർന്നു. പക്ഷേ, ബോംബെ ഹൈയിൽ ജോലി ലഭിച്ചതിനാൽ പോളി പഠനം നിർത്തി. മുംബൈയിൽ പോയി ഒന്നര വർഷത്തോളം ഓഫ്‌ഷോറിൽ ജോലി ചെയ്ത്‌ മടങ്ങിയെത്തി. ഐടിഐ യോഗ്യതയിൽ കേബിൾ ഫൈബർ രംഗത്ത്‌ ടെക്നീഷ്യനായി. ഇതിനൊപ്പം സിനിമാമോഹങ്ങളും തളിർത്തു. വെറും ഐടിഐ പാസ്, പോളിടെക്നിക് നോട്ട് കംപ്ലീറ്റഡ് എന്ന സർട്ടിഫിക്കറ്റുകൾമാത്രം കൈമുതലായുള്ള ഒരാൾക്ക് ജീവിതത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നേട്ടങ്ങൾക്ക് പരിമിതികൾ ഉണ്ടെന്ന തിരിച്ചറിവാണ് പാതിവഴിയിൽ അവസാനിപ്പിച്ച പ്ലസ്ടു പൂർത്തീകരിക്കണമെന്ന ചിന്തയിലെത്തിച്ചത്‌.

ഇരുപത്തഞ്ചാമത്തെ വയസ്സിൽ പ്ലസ്ടുവിന് വീണ്ടും ചേർന്നു. നല്ല മാർക്കോടെ വിജയിച്ച്‌ ബികോം പൂർത്തീകരിച്ചു. അതിനിടയിൽ കുന്നമംഗലം പൊയ്യ സ്വദേശിനി ദീപികയുമായുള്ള വിവാഹം നടന്നു. ഫിനാൻസിൽ 79 ശതമാനം മാർക്കോടുകൂടി എംബിഎ പൂർത്തിയാക്കി. ഇന്റേണൽ റിക്രൂട്ട്മെന്റ് വഴി ഏഷ്യാനെറ്റ്‌ ഫൈബർ തൃശൂർ റീജണൽ കസ്റ്റമർ കെയർ മാനേജരായി ജോലി നേടി. ഇതിനിടെയിലൊക്കയും സിനിമയെന്ന സ്വപ്‌നം കൂടെ കൊണ്ടുനടക്കാനായി. സാമ്പത്തികമായി വലിയ മെച്ചമുണ്ടാക്കിയില്ലെങ്കിലും ചെറുസിനിമകൾ ശ്രദ്ധിക്കപ്പെട്ടത്‌ വെള്ളിത്തിരയിലേക്കുള്ള വഴി തുറന്നുകൊടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments