Saturday, September 7, 2024
Homeസിനിമവിശേഷം ആയോ?’; ആ ചോദ്യത്തിനുള്ള മറുപടിയാണ് ഈ സിനിമ.

വിശേഷം ആയോ?’; ആ ചോദ്യത്തിനുള്ള മറുപടിയാണ് ഈ സിനിമ.

മലയാളികൾ മാത്രം അനുഭവിക്കുന്ന ചില പ്രതിസന്ധികളുണ്ട്. അതിലൊന്നാണ് വിവാഹം കഴിഞ്ഞ ഉടെനെ വരുന്ന ചോദ്യം ‘വിശേഷം ഉണ്ടോ?’ ഒരു കുഞ്ഞിനെ ജനിപ്പിച്ചു വളർത്തുക എന്നത് ദമ്പതികളുടെ മാത്രം സ്വാതന്ത്ര്യമാണെന്നിരിക്കെ ഈ ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കാത്ത ചെറുപ്പക്കാർ വിരളമാകും. അത്തരമൊരു ചോദ്യത്തിന് സാധാരണക്കാരായ രണ്ടുപേർ തങ്ങളുടെ ജീവിതം കൊണ്ട് കൊടുക്കുന്ന മറുപടിയാണ് ‘വിശേഷം’ എന്ന കൊച്ചു ചിത്രം. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ കഥയെഴുതി അഭിനയിച്ച ചിത്രം നമുക്ക് ചുറ്റുമുള്ള നിസ്സഹായരായ ചില മനുഷ്യരുടെ ജീവിതം മനോഹരമായി തിരശീലയിൽ കോറിയിട്ടിരിക്കുന്നു.

തന്റേതല്ലാത്ത കാരണത്താൽ വിവാഹമോചനം നേടേണ്ടിവന്ന ചെറുപ്പക്കാരനാണ് ഷിജു ഭക്തൻ. മോട്ടിവേഷൻ ക്ലാസ് എടുത്തും കൃഷി ചെയ്തും ജീവിതം സ്വച്ഛമായി കൊണ്ടുപോകുന്ന ഷിജുവിന് പക്ഷേ മനസ്സിലേറ്റ മുറിപ്പാടാണ് വിവാഹം കഴിഞ്ഞയുടനെ മണ്ഡപത്തിൽ നിന്ന് കാമുകനോടൊപ്പം പോയ വധു. സ്നേഹനിധികളായ ഷിജുവിന്റെ അമ്മയും ഏട്ടനും വീണ്ടുമൊരു വിവാഹത്തിന് നിർബന്ധിച്ചപ്പോൾ മനസ്സില്ലാമനസ്സോടെയാണ് ഷിജു സമ്മതിച്ചത്. കൂട്ടുകാരൻ സജു നടത്തുന്ന മാര്യേജ് ബ്യൂറോയിൽ നിന്ന് കഷണ്ടി കയറിയ തലയുമായി ഒട്ടും ന്യൂജെൻ ലുക്കില്ലാത്ത തനിക്ക് ഒരു വധുവിനെ കിട്ടുക അസാധ്യമാണ് എന്ന സത്യം ഷിജു മനസിലാക്കുന്നു.

ഒടുവിൽ രണ്ടാംകെട്ടുകാരിയെ ആലോചിക്കാം എന്ന തീരുമാനത്തിൽ എത്തിച്ചേർന്ന ഷിജുവിന് മുന്നിൽ എത്തിയത് ഗാർഹിക പീഡനത്താൽ വലഞ്ഞ് വിവാഹമോചനം നേടി ആദ്യഭർത്താവിന് രണ്ടു കൊടുക്കാൻ വേണ്ടി പൊലീസുകാരിയായ സജിത. ഒരൽപം തടിച്ച ശരീരമെങ്കിലും നിഷ്കളങ്കമായ മനസ്സുള്ള കരളുറപ്പുള്ള ആ പോലീസുകാരിയെ ഷിജുവിന് നന്നേ ബോധിച്ചു. ഷിജുവിനെപ്പറ്റി സജിതക്കും എതിരഭിപ്രായമുണ്ടായില്ല. ലളിതമായ ചടങ്ങുകളോടെ വിവാഹിതരായി പ്രണയം പങ്കുവച്ചു ജീവിക്കുന്നതിനിടെ അസ്വസ്ഥതകൾ ഉടലെടുക്കാൻ പോന്ന ഒരു ചോദ്യം അവരെ വേട്ടയാടാൻ അധികം സമയമെടുത്തില്ല, ‘വിശേഷം ആയില്ലേ?’…

അണ്ഡങ്ങളുടെയും ബീജങ്ങളുടെയും ഇടയിലൂടെ ഒരു യാത്ര എന്ന ടാഗ്‌ലൈനോടെയാണ് വിശേഷം എത്തിയത്. പൊടിമീശ മുളയ്ക്കണ കാലം’ പോലുള്ള ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകനായ ആനന്ദ് മധുസൂദനൻ ആദ്യമായി കഥയെഴുതി അഭിനയിച്ച ചിത്രമാണ് വിശേഷം. ചിത്രത്തിന്റെ തിരക്കഥ, വരികൾ, സംഗീതം എന്നിവ നിർവഹിച്ചിരിക്കുന്നതും ആനന്ദ് തന്നെയാണ്. സാധാരണക്കാരുടെ ജീവിതത്തിൽ നടക്കുന്ന നിരവധി പ്രതിസന്ധികൾ നർമത്തിൽ ചാലിച്ച് കെട്ടുറപ്പോടെ എഴുതിയ തിരക്കഥയാണ് ചിത്രത്തിന്റെ പ്രത്യേകത. ആനന്ദിന്റെ കഥയുടെ ഗൗരവമൊട്ടും ചോരാതെ അതൊരു മനോഹരചിത്രമാക്കി മാറ്റിയ സംവിധായകൻ സൂരജ് ടോമിനെ അഭിനന്ദിക്കാതെ തരമില്ല. ഹൃദയഹാരിയായ പാട്ടുകളും പശ്ചാത്തല സംഗീതവും മനോഹരമായ ഈ കുടുംബചിത്രത്തിന്റെ അഴകിന് മാറ്റുകൂട്ടുന്നു. ഇത് തന്റെ കഥയല്ലേ എന്ന പ്രതീതി ഓരോ പ്രേക്ഷകനിലും ജനിപ്പിക്കുന്നതുകൊണ്ട് കഥാപാത്രങ്ങളുടെ മാനസിക വികാരങ്ങളുടെ ഉയർച്ച താഴ്ചകളും പ്രക്ഷുബ്ധതയുമെല്ലാം പ്രേക്ഷകന്റെ മനസിനെ വല്ലാതെ സ്പർശിക്കുന്നുണ്ട്.

ഒരു പുതുമുഖത്തിന്റെ പതർച്ചയെതുമില്ലാതെയാണ് ആനന്ദ് മധുസൂദനൻ ഷൈജു എന്ന കഥാപാത്രത്തെ സ്വന്തം തോളിലേറ്റിയത്. ഇതുവരെയുള്ള നായകസങ്കല്‍പങ്ങളെലാം കാറ്റിൽപറത്തുന്ന പ്രകടനമാണ് സാധാരണക്കാരനായ ഷിജു ഭക്തൻ എന്ന കഥാപാത്രത്തിലൂടെ ആനന്ദ് നടത്തിയത്. ആനന്ദിന് ഒപ്പത്തിനൊപ്പം നിന്ന ചിന്നു ചാന്ദ്നിയും കോൺസ്റ്റബിൾ സജിത എന്ന കഥാപാത്രമായി തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചു. ബൈജു എഴുപുന്നയാണ് എടുത്തുപറയേണ്ട പ്രകടനം നടത്തിയ മറ്റൊരു താരം. ജോണി ആന്റണി, അൽത്താഫ് സലിം, കുഞ്ഞി കൃഷ്ണൻ, വിനീത് തട്ടിൽ, മാലാ പാർവതി, ഷൈനി രാജൻ, ജിലു ജോസഫ്, സരസ ബാലുശ്ശേരി, അജിത മേനോൻ, അമൃത, ആൻ സലീം എന്നിവരടങ്ങുന്ന വലിയൊരു താരനിരയും ചിത്രത്തിന് കരുത്ത് പകരുന്നു.

സമൂഹം എന്തുപറയും എന്ന ചിന്തയിൽ സ്വന്തം ജീവിതം നശിപ്പിക്കുന്ന മലയാളികളുടെ കണ്ണുതുറപ്പിക്കുന്ന ചിത്രമാണ് വിശേഷം.ദാമ്പത്യവും അതിലെ സൗന്ദര്യപ്പിണക്കങ്ങളും പ്രണയവും രസക്കൂട്ടുകളുമെല്ലാം രണ്ടു വ്യക്തികളുടെ മാത്രം സ്വകാര്യതയാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ചിത്രം. വിവാഹവും വന്ധ്യതയും കുടുംബ ബന്ധങ്ങളും ഉൾപ്പടെ സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾ ഏറെ ഗൗരവത്തോടെ ചർച്ചചെയ്യുന്ന ‘വിശേഷം’ എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ചിത്രമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments