Wednesday, December 25, 2024
Homeപുസ്തകങ്ങൾ" ഷെഹ്നായി മുഴങ്ങുമ്പോൾ - നോവൽ - ഒരു അവലോകനക്കുറിപ്പ് "

” ഷെഹ്നായി മുഴങ്ങുമ്പോൾ – നോവൽ – ഒരു അവലോകനക്കുറിപ്പ് “

രാധാ പ്രമോദ്

ഡോ. പ്രേംരാജ് കെ കെ യുടെ “ഷെഹ്നായി മുഴങ്ങുമ്പോൾ” എന്ന നോവലിനെക്കുറിച്ച് രാധാ പ്രമോദ് തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ്.”

Novus, novella- ‘പുതിയത്’ എന്നാണല്ലോ Novel എന്ന പദത്തിൻ്റെ വിവക്ഷ . പേര് അന്വർത്ഥമാക്കുന്നത് പോലെ തന്നെ ,നവ നവങ്ങളായ അനുഭവലോകങ്ങളെ അതിലേറെ നവീനമായ ആഖ്യാനതന്ത്രങ്ങളിലൂടെ ആവിഷ്കരിക്കുക എന്നതാണല്ലോ ഏതൊരു നോവലെഴുത്തുകാരൻ്റെയും ലക്ഷ്യം. ക്രമാനുഗതവും ചിട്ടവട്ടങ്ങൾക്കനുസൃതവുമായ ജീവിതസാഹചര്യങ്ങളിൽ നിന്നകന്ന് തികച്ചും അപരിചിതമായ നഗരജീവിതത്തിൻ്റെ മായികതയിലേക്ക് ചേക്കേറാൻ ഇഷ്ടപ്പെടുന്നവരാണ് പുതുതലമുറയിൽ ഏറെയും. ഈ കൂടു മാറ്റത്തിലൂടെ വ്യത്യസ്തവും വൈചിത്ര്യം നിറഞ്ഞതുമായ ജീവിതാനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാനും അത്തരം അനുഭവങ്ങളെ വായനക്കാരെ അമ്പരപ്പിക്കുന്ന രചനാ വൈഭവത്തോടെ ആവിഷ്ക്കരിക്കാനും മലയാളത്തിലെ പുതിയ നോവലെഴുത്തുകാർക്ക് സാധിച്ചിട്ടുണ്ട് . ഏത് പ്രായക്കാരെയും വായനയിലേക്ക് അടുപ്പിക്കാൻ പ്രസ്തുത നോവലെഴുത്തുകാർക്ക് സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.

ഡോ. പ്രേംരാജ് കെ കെ യുടെ “ഷെഹ്നായി മുഴങ്ങുമ്പോൾ ” എന്ന നോവൽ വായിച്ച് കഴിഞ്ഞപ്പോൾ മേല്പറഞ്ഞ വസ്തുതകളാണ് എൻ്റെ മനസ്സിൽ തോന്നിയത്. ……ആരെയും മോഹിപ്പിക്കുന്ന ‘ബോംബെ ‘എന്ന നിഗൂഢ നഗരത്തിലെ ജീവിതാനുഭവങ്ങളായിരിക്കാം പ്രേംരാജിൻ്റെ പുതിയ നോവലിൻ്റെ പശ്ചാത്തലം.

നോവലിൻ്റെ നട്ടെല്ല് എന്നു പറയുന്നത് അതിൻ്റെ കഥാതന്തുവാണ്. സംഗീതപ്രേമിയായ; വയലിനിസ്റ്റായ തോമസ് എന്ന മലയാളി ചെറുപ്പക്കാരൻ ബോംബെ നഗരത്തിലെത്തുന്നത് സംഗീതരംഗത്ത് കൂടുതൽ അവസരങ്ങൾ തേടിയാണ് എന്നാൽ അനാഹിതയെന്ന പാഴ്സി പെൺകുട്ടിയോടുള്ള പ്രണയവും തുടർന്നുള്ള പ്രണയഭംഗവും തോമസിൻ്റെ മാനസികനില തകരാറിലാക്കുന്നതും സ്വാഭാവിക ജീവിതത്തിലേക്കുള്ള തിരിച്ചുവരവുമാണ് ഈ നോവലിൻ്റെ കാതൽ എന്നു ഒറ്റവായനയിൽ തോന്നാം…….
എന്നാൽ കേവലമൊരു പ്രണയ കഥ പറഞ്ഞു പോവുക എന്നതല്ല നോവലിസ്റ്റിൻ്റെ ഉദ്ദേശ്യം നമുക്ക് അപരിചിതമായ സൗരാഷ്ട്രരുടെ -പാഴ്സി കുടുംബങ്ങളുടെ തികച്ചും വ്യത്യസ്തമായ ജീവിത രീതികൾ, ആഘോഷങ്ങൾ, മരണാനന്തരം മൃതശരീരം കഴുകന്മാർക്ക് വിട്ടുകൊടുക്കുക എന്ന ഏറേ വിചിത്രമെന്നു തോന്നാവുന്ന ആചാരങ്ങൾ ഒക്കെ ഒരു ചരിത്രാന്വേഷിയുടെ കൗതുകത്തോടെ നോവലിസ്റ്റ് വിവരിക്കുന്നുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. ബോംബെ നഗരത്തിലെ ദൈനംദിന ജീവിത ചിത്രീകരണം മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്.

നമ്മുടെ ദൃശ്യവും ശ്രാവ്യവും രുചി പരവുമായ ഇന്ദ്രിയങ്ങളെ ത്രസിപ്പിക്കുന്ന വൈവിധ്യമാർന്ന ചിത്രരചനകൾ. സംഗീത വിരുന്നുകൾ , വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങൾ തുടങ്ങിയവയുടെ വിവരണങ്ങൾ കഥയുടെ ഒഴുക്കിനോടൊപ്പം തന്നെ ഇഴചേർന്നു നിൽക്കുന്നു. 80കളിലെ ബോംബെ – തിരക്കേറി വരുന്ന ഗല്ലികൾ, ആരെയും ആകർഷിക്കുന്ന മറൈൻ ഡ്രൈവ്’, ചർച്ച് ഗേറ്റ് സ്റ്റേഷൻ….. ഇന്ത്യയുടെ വൈവിധ്യങ്ങൾ മുഴുവൻ പകർത്തിവെച്ച നഗരം പല ഭാഷകൾ, പല വേഷങ്ങൾ പല സംസ്കാരങ്ങൾ … നഗരത്തെ നിറങ്ങളിൽ മുക്കുന്ന ഹോളി….. രംഗോലിയും പൂക്കളും കൊണ്ടലങ്കരിക്കപ്പെടുന്ന നവ്റോസ്….. അഭ്രപാളിയിലെന്നപോലെ ,’അംചിമുംബൈ’യുടെ മനോഹര ചിത്രം ……. നോവലിനെ വർണവൈവിധ്യങ്ങളുടെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു.

ഫാജിസ് ബെഹ് റോസ് നബാവി എന്ന പ്രസിദ്ധനായ ഷെഹ്നായി വാദകനാണ് ഈ നോവലിലെ വില്ലൻ കഥാപാത്രം ഒരു ഡിറ്റക്ടീവിൻ്റെ സൂക്ഷ്മതയോടെ ഫാജീസ് എന്ന പാഴ്സിയുടെ കുടിലതന്ത്രങ്ങളെ അനാവരണം ചെയ്യുന്ന രീതി കഥയെ കൂടുതൽ ചലനാത്മകമാക്കുന്നു എന്ന് പറയാതെ വയ്യ അനാഹിത, ആദിൽ കമ്രാൻ, അരവിന്ദ് തുടങ്ങിയ കഥാപാത്രങ്ങൾ സാന്ദർഭികമായി വന്നു പോകുന്ന മറ്റ് കഥാപാത്രങ്ങൾ . എല്ലാവർക്കും തനതായ വ്യക്തിത്വങ്ങൾ പകർന്നു നൽകാൻ കഴിഞ്ഞിട്ടുണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്.

നോവലിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറച്ച് പ്രത്യേകം സൂചിപ്പിക്കാതെ ഈ അവലോകനം പൂർണമാകുന്നില്ല. കേന്ദ്ര കഥാപാത്രമായ അനാഹിത തൻ്റേതായ വ്യക്തിത്വം പ്രകടിപ്പിക്കുന്നുണ്ട്. എങ്കിലും കമ്രാൻ്റെ ഭാര്യയായ ജലേ ,ഉറച്ച നിലപാടുള്ള, സ്ത്രീത്വത്തിൻ്റെ പ്രതീകമാണെന്ന് കാണാം. ഭർത്താവിന് മറ്റൊരുവളിലുണ്ടായ കുഞ്ഞിനെ സ്വന്തം മകളായി കാണാനും സ്നേഹിക്കാനും അവർക്ക് കഴിയുന്നുണ്ട് ഭർതൃ സഹോദരൻ്റെ ഗൂഢതന്ത്രങ്ങൾ അറിഞ്ഞിട്ടും അവർ മക്കളുടെ സുരക്ഷയെ കരുതി മൗനം പാലിക്കുന്നതായി കാണാം. തോമസിന് അനാഹിതയോടുള്ള പ്രണയം അറിഞ്ഞിട്ടും തോമസിനെ വെറുക്കാൻ അവർ തയ്യാറാവുന്നില്ല.

വായനക്കാരൻ്റെ ആകാംക്ഷയെ ഉണർത്തി വളർത്തി ഉദ്ദീപനത്തിലേക്ക് നയിക്കാൻ വേണ്ട ചേരുവകളെല്ലാം തന്നെ നോവൽ രചനയിൽ ഒത്തിണങ്ങിയിട്ടുണ്ട് എന്ന് പറയാതെ വയ്യ

തികച്ചും ലളിതമായ ശൈലിയിലൂടെ കഥ പറഞ്ഞു പോകുന്ന രീതി പ്രേംരാജ് കെ കെ യുടെ ഈ നോവലിനെയും അനുവാചകമനസ്സിൽ ഇടം നേടിക്കൊടുക്കും എന്നു നിസ്തർക്കം പറയാം.

✍രാധാ പ്രമോദ് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments