Thursday, December 26, 2024
Homeഅമേരിക്ക'വനിതാദിനാശംസകൾ..' ✍മിനി സജി കോഴിക്കോട്

‘വനിതാദിനാശംസകൾ..’ ✍മിനി സജി കോഴിക്കോട്

മിനി സജി കോഴിക്കോട്

ലോക വനിതാദിനത്തിൽ എല്ലാ സ്ത്രീകൾക്കും ആശംസകൾ നേരുന്നു. സ്വന്തം വ്യക്തിത്വത്തിനും സാമൂഹിക ക്ഷേമത്തിനും ഇടയിലുള്ള ഓരോ ഓർമ്മപ്പെടുത്തലാണ് ഓരോ വനിതാദിനങ്ങളും . വിചാരവികാരങ്ങളെ ചിറകുകൾക്കുള്ളിൽ പകർത്തി ഉയരങ്ങളിലെത്തുന്നതും പുരുഷനോടൊപ്പം തുല്യതയിൽ ജോലിചെയ്യുന്നതും നമുക്ക് കാണാം. ഇന്ന് സ്ത്രീകൾ പീഡനത്തിനിരയാകുന്നതും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും നിരന്തരമായി കാണുന്നു . ഒരുപക്ഷേ, സ്ത്രീദിനങ്ങൾ ഓർമ്മപ്പെടുത്തുന്നത് ഇതിനെതിരെയെല്ലാം ശബ്ദമുയർത്തി പ്രതിഷേധിക്കുക മാത്രമല്ല, സ്ത്രീകൾ സ്വയം ഉയർത്തെഴുന്നേൽക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നുകൂടി കാണിക്കുന്നുണ്ട്. പലപ്പോഴും ശാന്തമായ ജലാശയംപോലെയൊഴുകുന്ന സ്ത്രീകൾ ധാരാളമുണ്ട്. മറുപുറത്ത് കാറ്റായും കനവായും, കടലായും കാലത്തിൻ്റെ ചിറകിലുയർന്നു വീശിപ്പറക്കുന്നവരും നമ്മുടെ മുമ്പിലുണ്ട് . ജീവിത വഴികളിൽ പ്രകാശംപരത്തുന്ന വനിതകൾ നമ്മുടെ മുമ്പിൽ ഉയർത്തെഴുന്നേറ്റിട്ടുണ്ട്.

കപടമുഖമില്ലാതെ ചിലർ ജീവിതത്തിന്റെ നേർവഴികളിലൂടെ സൗന്ദര്യം വിതറുകയും സ്നേഹംകൊണ്ട് തോൽപ്പിക്കുകയും ചെയ്യുന്നത് നമുക്ക് കാണാം. കുടുംബത്തിൽ സ്നേഹത്തിന്റെ സംഗീതമാകുന്ന സ്ത്രീകളുടെ സ്പർശം ഇലകളുടെ ആർദ്രതപോലെ ഓരോ കുടുംബങ്ങളിലും നിറഞ്ഞുനിൽക്കുന്നു. സ്ത്രീജീവിതത്തിൽ സങ്കടത്തിന്റെ മുറിവുകളുണ്ടെങ്കിലും; അതെല്ലാം മറച്ചുവെച്ച് കുടുംബത്തിനുവേണ്ടി ഓടിനടക്കുന്ന ഒരുപറ്റം വനിതകളെയാണ് നമുക്ക് കാണാൻ കഴിയുക. അവരുടെ ചുണ്ടിലെ ചിരികളിലൂടെ ആഘോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും വർണ്ണപ്പൊലിമകൾ നമുക്ക് കാണാൻ കഴിയും .
ചെറിയ പെൺകുട്ടികളെപ്പോലും പീഡിപ്പിക്കുന്ന മനുഷ്യമൃഗങ്ങളുടെ ഇടയിലാണ് ഇന്ന് ജീവിക്കുന്നതെന്ന് ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്. കണ്ണുനീരിനെക്കാൾ ചൂടുള്ള ചില പെൺജീവിതങ്ങളെക്കാണുമ്പോൾ ഇനിയും കരഞ്ഞിരിക്കേണ്ടവരല്ല സ്ത്രീകൾ, എന്നും ഉണർന്നുപ്രവർത്തിക്കേണ്ടവരാണെന്ന് നമുക്ക് മനസ്സിലാവും.

മനസിൻ്റെ തുറക്കാത്ത മുറിയിൽ കുറ്റംപറഞ്ഞിരിക്കുന്നവരല്ല, പുതിയ തലമുറയിലെ വനിതകൾ ഉണർന്നുപ്രവർത്തിക്കുകയും സമൂഹത്തിനും കുടുംബത്തിനും തന്നാലാകുംവിധമുള്ള സംഭാവനകൾ നൽകി ജീവിതം ധന്യമാക്കാൻ ശ്രമിക്കുന്നവരാണ്. പഴയകാലത്തെ വനിതകളുടെ പ്രവർത്തന മേഖലകളിൽനിന്ന് പുതിയ കാലത്തിലേക്കുണർന്നു പ്രവർത്തിച്ചുനീങ്ങുമ്പോൾ കരുത്തും കടമയും തിരിച്ചറിഞ്ഞ് കരയിലൂടെയും കടലിലൂടെയും അവർ സഞ്ചരിക്കുന്നുണ്ട്. ഓരോ സ്ത്രീകളും സൃഷ്ടിക്കുന്നത് അവളുടെതായ ഒരു ലോകമാണ് .നാളേക്കുവേണ്ടി നന്മയുടെ ഒരു ലോകം .തിന്മയെ തിരിച്ചറിഞ്ഞ് വർത്തമാനകാലത്തിന്റെ ക്രൂരതകളോട് പൊരുതിജയിക്കാനുള്ള ആർജ്ജവമാണ് ഓരോ സ്ത്രീകളും കൈക്കൊള്ളുന്നത്. പ്രവർത്തന മണ്ഡലങ്ങളിൽ അവരുടെ ഭാവനകൾ, അലങ്കാരങ്ങൾ, തിരുത്തൽ? ശക്തിയാകുന്ന പ്രമേയങ്ങൾ എന്നിവ വർത്തമാനകാലത്തിന് സംഭാവന ചെയ്യുന്നുണ്ട്.

സംസാരിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും മറയില്ലാത്ത ആഖ്യാന രീതിയിലും ലാളിത്യത്തിലും അവരുടെ ചിന്താമണ്ഡലങ്ങൾ ഉണർന്നുപ്രവർത്തിക്കുന്നത് നമുക്ക് കാണാൻ കഴിയും. തിരിച്ചടിക്കാനുള്ള കരുത്താണ് ഓരോ വനിതാദിനങ്ങളും ഓരോ സ്ത്രീകൾക്കും സമ്മാനിക്കുന്നത്. നന്മപോലെയുള്ള അവരുടെ മോഹവും തിന്മയെ തൂത്തെറിയാനുള്ള അവരുടെ ആഗ്രഹവും പ്രവർത്തന മണ്ഡലങ്ങളിൽ നമുക്ക് കാണാം. കൊലപ്പെടുത്താൻ ശ്രമിച്ചാലും താങ്കൾ വിട്ടുകൊടുക്കില്ലെന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് ജീവിതത്തിൽ തനിച്ചായിപ്പോകുന്ന സ്ത്രീജന്മങ്ങൾ ഉറച്ചുനിൽക്കുന്നുണ്ട്. ജീവിതത്തിലെ നിസ്സഹായതയുടെ നേർക്കുനോക്കി പുഞ്ചിരിക്കുന്ന പഴയ സ്ത്രീകൾക്കപ്പുറം നന്മയുടെ വാതില് കടന്നുചെന്ന് ജീവിതയാത്രയിൽ ഒടുങ്ങാത്ത കഥകൾ സമ്മാനിക്കുകയാണ് ഓരോരുത്തരും. ഓരോ യാത്രകളും അവർക്ക് സമ്മാനിക്കുന്ന നേരറിവുകൾ അവിചാരിതമായി കടന്നുവരുന്ന ചില സന്ദർഭങ്ങൾ കാലത്തിൻ്റെ കുത്തൊഴുക്കിലും കാലംതന്നെ മറന്നുപോയോ എന്ന് ചിന്തിച്ചുപോകുന്ന നിമിഷങ്ങൾ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളും പ്രകടനങ്ങളും അവളുടെ ജീവിതത്തിൽ കാഴ്ചവയ്ക്കുവാൻ അവൾ ശ്രമിക്കുന്നുണ്ട്. അവരുടെ മനസ്സിന്റെ അഭ്രപാളികളിൽ ചിട്ടപ്പെടുത്തിയെടുത്ത അനുഭവങ്ങളും ചിന്തകളും സമൂഹത്തിൻ്റെ നന്മയ്ക്കു വേണ്ടി ആത്മാർത്ഥമായി കഥയിൽ അവർ എഴുതിവയ്ക്കുന്നു. വിദ്യാഭ്യാസത്തിൻ്റെ ഉയർന്ന തട്ടിലേക്കുയർന്നു പറക്കുന്ന ഓരോ സ്ത്രീകളും നാളെയുടെ നന്മമരങ്ങളാണ് .നാടുംവീടും വിട്ട് വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന ധാരാളം സ്ത്രീകളെ ഇന്ന് നമുക്ക് കാണാൻ കഴിയും. സാംസ്കാരികമായ വേറിട്ട ചിന്തകളും ജീവിത രീതികളും അവളുടെ വൈവിധ്യമാർന്ന മാനസിക വ്യാപാരങ്ങളുമൊക്കെ ഈ കാലഘട്ടത്തിൽ ഇടംപിടിച്ചിട്ടുണ്ട് . പ്രകൃതിയെയും മനുഷ്യരെയും ശ്രദ്ധയോടെ വീക്ഷിക്കാനും മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനും അവൾ അവസരം കണ്ടെത്തുന്നുണ്ട്. മനസ്സിൽ ഇഷ്ടമുള്ള എന്തും ചെയ്യാമെന്നും യുക്തിപൂർവ്വം നന്മയുള്ള ചിന്തകളെ തിരിച്ചറിയാനും അമ്മയെന്ന നിലയിലും മകളായും കാമുകിയായും ഭാര്യയായും ജീവിതത്തിൻ്റെ വിവിധ കഥാപാത്രങ്ങളെ അവൾ അഭിനയിച്ചു തീർക്കുന്നുണ്ട് .ഈ മനോഹരമായ ഭൂമിയിൽ ജീവിക്കാൻ ഓരോ സ്ത്രീകൾക്കും അനുവാദമുണ്ടെന്ന് ഉറക്കെപ്പറയുക മാത്രമല്ല, അവൾ ജീവിച്ചു കാണിക്കുകയാണ് ചെയ്യുന്നത് .

പ്രണയവും പ്രവാസവും സ്ത്രീകൾക്ക് ഇന്ന് അനുഭവമാണ്. ഏകാന്തതയുടെ ചിന്തകളെ മറികടക്കാൻ ശ്രമിക്കുന്ന ഓരോ സ്ത്രീകളുടെയും ഹൃദയത്തുടിപ്പുകൾ ശരീരത്തിന് മേലുള്ള കടന്നുകയറ്റങ്ങളെ ഓരോ സ്ത്രീയും നോക്കിക്കാണുന്നത്. വിശ്വാസവും അവഹേളനവും സ്വയംപരിഹാസവും നിറഞ്ഞ കുഞ്ഞു ജീവിതത്തിൽ അവൾ നിറഞ്ഞാടുമ്പോൾ അപമാനങ്ങളുടെ മനുഷ്യജീവിതങ്ങൾക്ക് നേരെ പ്രതികരിക്കുന്നുണ്ട്. നിർവചനങ്ങളില്ലാതെ ബലാത്സംഗംചെയ്യപ്പെട്ട ഓരോ സ്ത്രീയും അവൾക്കെതിരെയുള്ള കടന്നുകയറ്റത്തോടെ തന്റേതായ രീതിയിൽ നടത്തിയ പ്രതികരണങ്ങളും വരച്ചുകാണിക്കാൻ ശ്രമിക്കുന്നുണ്ട്. പുത്രവാത്സല്യംകൊണ്ട് സ്വയംമറന്നുപോയ പാർവതിയാണ് ശിഷ്യനും മകനിലും കാണുക . നിത്യജീവിതവുമായി ചേർന്നുനിന്നുകൊണ്ട് വ്യക്തിതലത്തിൽനിന്ന് സാമൂഹിക തലത്തിലേക്ക് വികസിതമാകുന്ന മാനവികതയുടെ മുഖമാണ് ഇന്ന് സ്ത്രീകളിൽ കാണാൻ കഴിയുന്നത് .സ്വന്തം ജീവിതത്തെ കുടുംബം എന്ന ബിന്ദുവിലേക്ക് സാന്ദ്രീകരിക്കപ്പെടുമ്പോഴും അതിന്റെ ആത്മശോഭകൊണ്ട് അവളുടെ മുഖത്ത് പ്രകാശം നിറയുന്നുണ്ട്. നിലാവിൻ്റ ആകാശങ്ങളാണ് ഓരോ സ്ത്രീകളും. കണ്ടുംകേട്ടും അനുഭവിച്ചും എന്തിനോടൊക്കെയോ കണക്കുതീർക്കുന്നതിനുവേണ്ടി ഓരോ സ്ത്രീകളും മുന്നോട്ടുകുതിക്കുകയാണ്.

മുന്നിൽക്കാണുന്ന വരൾച്ചയുടെ മുമ്പിൽ വിറച്ചുനിൽക്കാതെ വരാനിരിക്കുന്ന പുതുമഴയെ കിനാവുകണ്ടുകൊണ്ട് ജീവിതപ്രശ്നങ്ങളിൽ സംതൃപ്തിയോടെ മുന്നോട്ടുപോവുകയാണ് ഓരോ സ്ത്രീകളും.

മിനി സജി കോഴിക്കോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments