യേശുക്രിസ്തുവിൻ്റെ ജനനം: ദൈവത്തിനു മഹത്വം മനുഷ്യർക്ക് സമാധാനം
(ലൂക്കോ. 2:1-14)
”അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” ( വാ. 14).
മനുഷ്യ ജാതിയുടെ വീണ്ടെടുപ്പിനായി അവതാരം ചെയ്ത ദൈവമായ യേശുക്രിസ്തുവിലും, താൻ മുഖാന്തരം വെളിപ്പെടുത്തപ്പെട്ട ത്രിയേക ദൈവത്തിലുമുള്ള അടിസ്ഥാന വിശ്വാസത്തെ ക്രിസ്തു സഭ പ്രഖ്യാപിക്കുന്ന സന്ദർഭമാണ് ക്രിസ്തുമസ്സ്. സർവ്വജനത്തിനുമുള്ള മഹാസന്തോഷമായി ഭൂമിയിൽ പിറന്ന രക്ഷകൻ, ദൈവത്തിനു മഹത്വവും മനുഷ്യർക്ക് സമാധാനവും സമ്മാനിച്ചവനാണ്. തന്നിൽ വിളങ്ങിയ ദൈവീക ഭാവത്തിലൂടെ ലോകത്തിന് മാതൃക
കാട്ടിയവനായിരുന്നു അവൻ. നാം ഇന്ന് ധ്യാനിക്കുന്ന ജഡാവതാര വൃത്താന്തം, തൻ്റെ ജനനം സംബന്ധിച്ച കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്.
പൗരസ്ത്യ സഭകൾ ഈ ദിനത്തെ’യൽദോ’ (ഉദയത്തിത്തിൻ്റെ പെരുനാൾ) ആയാണ് ആചരിക്കുന്നത്. യേശുവിൻ്റെ ജനനം, മനുഷ്യ നിർമ്മിത ഘടനകളുടെ വികലകയിൽ അസമാധാനത്താൽ കലുഷിതമായ ലോകത്തിലേക്ക് സമാധാന ദൂതുമായി വന്ന ദൈവത്തിൻ്റെ പ്രവേശനമാണ് വിളംബരം ചെയ്യുന്നത്. കർത്താവിൻ്റെ ദൂതൻ ഇടയരോട് പ്രഖ്യാപിക്കുന്നത്: “ഭയപ്പെടേണ്ടാ; സർവ്വജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കാർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിൻ്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു” ( വാ. 10, 11) എന്നാണ്. അനീതിയുടെയും അസമത്വത്തിൻ്റെയും അസഹിഷ്ണതയുടെയും
ക്രൂരതയുടെയും പിടിയിൽ അമർന്നിരിക്കുന്ന ഇന്നത്തെ ലോകത്തിൽ വസിക്കുന്ന നമുക്കും ക്രിസ്തു മസ്സ് നൽകുന്ന സന്ദേശം സമാധാത്തിൻ്റേതു തന്നെ. സമാധാനം അനുഭവിക്കുന്നവരും സമാധാനം സൃഷ്ടിക്കുന്നവരും ആയ ദൈവ മക്കളായി തീരുക എന്ന നിയോഗമാണത്. (മത്താ.5:9).
യേശുവിൻ്റെ ജനനത്തേപ്പറ്റി കർത്താവിൻ്റെ ദൂതൻ യോസേഫിനെ അറിയിച്ചത്: “അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിപ്പാനിരിക്കകൊണ്ട് നീ അവന് യേശു എന്ന് പേർ ഇടേണം” (മത്താ. 1:21) എന്നാണ്. പാപത്തിൽ നിന്ന് രക്ഷിക്കപ്പെട്ട മാനവർക്കു മാത്രമേ ദൈവത്തിന് മഹത്വം കരേറ്റി ഈ ലോകത്തിൽ, ദൈവപ്രസാദമുള്ള മനുഷ്യരായി ജീവിക്കാൻ ആകൂ. നമുക്ക്അതിനാകട്ടെ. ദൈവം സഹായിക്കട്ടെ. എല്ലാവർ ക്കും നന്മനിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു.
ചിന്തയ്ക്ക്: ദൈവ പ്രസാദം ലഭിച്ചവർക്ക് മാത്രമേ, സാമാധാനത്തിൻ്റെ മക്കളും സമാധാനം സൃഷ്ടിക്കുന്നവരും ആയി ലോകത്തിൽ ആയിരിപ്പാൻ ആകൂ!