എല്ലാവർക്കും നമസ്കാരം
ഒരു മധുരമായാലോ… സാധാരണയായി എല്ലാവരും കേസരി ഉണ്ടാക്കാറുണ്ടല്ലോ… പൈനാപ്പിൾ ഫ്ലേവറിലുള്ള കേസരി ഉണ്ടാക്കിയിട്ടുണ്ടോ… ഇല്ലെങ്കിൽ നോക്കാം എളുപ്പത്തിൽ രുചികരമായ പൈനാപ്പിൾ കേസരി ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന്.
പൈനാപ്പിൾ കേസരി
ആവശ്യമായ സാധനങ്ങൾ
നെയ്യ് – 2 ഡെസെർട്ട് സ്പൂൺ
അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
മുന്തിരി – ആവശ്യത്തിന്
റവ – 3/4 കപ്പ്
തിളച്ച വെള്ളം – 11/2 കപ്പ്
പഞ്ചസാര – 1കപ്പ്
പൈനാപ്പിൾ പ്യൂരി – 1/2 കപ്പ്
ഓറഞ്ച് – ഒരു നുള്ള്
പാൽ – 2 ടീസ്പൂൺ
നെയ്യ് – 2 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
ചീനച്ചട്ടിയിൽ നെയ്യൊഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി ഇവ വറുത്തു മാറ്റിവയ്ക്കുക. ബാക്കി നെയ്യിൽ റവ വറുക്കുക. നന്നായി മൂത്തു മണം വരുമ്പോൾ തിളച്ച വെള്ളമൊഴിച്ചു കട്ടകെട്ടാതെ ഇളക്കി അടച്ചുവച്ച് വേവിക്കുക. വെള്ളം മുഴുവൻ വലിഞ്ഞ് റവ കട്ടിയായി വരുമ്പോൾ പഞ്ചസാരയും പൈനാപ്പിൾ പ്യൂരിയും ചേർത്തിളക്കി യോജിപ്പിക്കുക. വെള്ളം വറ്റി കുഴഞ്ഞ പരുവത്തിൽ പാലിൽ കലക്കിയ ഫുഡ് കളർ ചേർത്ത് ഇളക്കി യോജിപ്പിക്കുക. വറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും, നെയ്യും ചേർത്തിളക്കി സ്റ്റൗ ഓഫ് ചെയ്ത് കുറച്ചു നേരം അടച്ചു വയ്ക്കുക.
ഇളംചൂടോടെ മുകളിൽ കുങ്കുമപ്പൂ തൂവി വിളമ്പാം.
നല്ല മധുരമുള്ള പൈനാപ്പിൾ വെള്ളം ചേർക്കാതെ മിക്സിയിൽ അടിച്ച് പ്യൂരി തയ്യാറാക്കണം. പുളിക്കുന്ന പൈനാപ്പിൾ എടുത്താൽ കേസരിയുടെ രുചി മാറും.