ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റ് സെന്റ് സ്റ്റീഫന്‍സ് ദേവാലയ പെരുന്നാളും കൂദാശയും ഏപ്രില്‍ 25, 26 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കളാവോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തിലും, തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നിവര്‍ സഹ കാര്‍മികരായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള വൈദീകരും കൂദാശയില്‍ പങ്കെടുത്തു.
വെള്ളിയാഴ്ച വൈകുന്നേരം അഭിവന്ദ്യ തിരുമേനിമാരെ ദേവാലയത്തിലേക്ക് സ്വീകരിച്ചതിനുശേഷം കത്തിച്ച മെഴുകുതിരി, കുട, നടപ്പന്തല്‍ എന്നിവയുടെ അകമ്പടിയോടെ ഒരു ബ്ലോക്ക് ചുറ്റി ഭക്തിനിര്‍ഭരമായ റാസ നടത്തി. റാസ പുതുതായി സ്ഥാപിച്ച കുരിശടിയിലെത്തി തിരുമേനിമാരുടെ കാര്‍മികത്വത്തില്‍ കുരിശടിയുടെ കൂദാശ നിര്‍വഹിച്ചു. അതിനുശേഷം ദേവാലയത്തില്‍ പ്രവേശിച്ച് ദേവാലയ കൂദാശയുടെ ഒന്നാം ഭാഗം നടത്തി. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ പ്രഭാഷണാനന്തരം ആശീര്‍വാദം, കൈമുത്ത് എന്നിവയോടുകൂടി ഒന്നാം ദിവസം സമാപിച്ചു.
രണ്ടാം ദിവസമായ ഏപ്രില്‍ 26-ന് രാവിലെ 7 മണിക്ക് പള്ളി കൂദാശയുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഇടവക മെത്രാപ്പോലീത്തിയുടെ പ്രധാന കാര്‍മികത്വത്തിലും മാര്‍ നിക്കോദിമോസ് തിരുമേനിയുടെ സഹ കാര്‍മികത്വത്തിലും നിര്‍വഹിച്ചു. അനന്തരം മാര്‍ നിക്കളാവോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നിര്‍വഹിക്കപ്പെട്ടു. പിന്നീട് നടന്ന പബ്ലിക് മീറ്റിംഗില്‍ ഇടവക മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്നു. ഇടവകയുടെ പൂര്‍വ്വകാല സെക്രട്ടറിമാര്‍ക്കും ട്രസ്റ്റിമാര്‍ക്കും അഭിവന്ദ്യ നിക്കളാവോസ് തിരുമേനി സ്മരണിക നല്‍കി ആദരിച്ചു. ഇപ്പോഴത്തെ ട്രസ്റ്റി ജോണ്‍ സാമുവേലിനും സെക്രട്ടറി അച്ചാമ്മ മാത്യുവിനും മൊമെന്റോ നല്‍കി. മണ്‍മറഞ്ഞ എല്ലാ ഇടവകാംഗങ്ങളേയും സ്മരിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ടാണ് ഇടവക വികാരി ഡോ. സി.കെ. രാജന്‍ തന്റെ പ്രസംഗം തുടങ്ങിയത്. കഴിഞ്ഞ 40 വര്‍ഷത്തെ ഇടവകയുടെ കുതിപ്പും കിതപ്പും അദ്ദേഹം തന്റെ പ്രസംഗത്തില്‍ സ്മരിച്ചു. മദ്ബഹാ രൂപകല്‍പ്പന ചെയ്ത മണ്‍മറഞ്ഞ തിരുവല്ല ബേബിയുടെ മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇടവകിയുടെ മുന്‍കാല സെക്രട്ടറിമാര്‍, ട്രസ്റ്റിമാര്‍ എന്നിവരെയും പ്രത്യേകമായി സ്മരിച്ചു. ഇടവകാംഗങ്ങള്‍ നല്‍കിയ സ്‌നേഹോപഹാരം അച്ചന്‍ തിരികെ ഇടവകയുടെ ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നല്‍കി. ഫോട്ടോ സെഷനുശേഷം ആശീര്‍വാദം, കൈമുത്ത് എന്നിവയോടെ സമ്മേളനം പര്യവസാനിച്ചു രണ്ട് ദിവസവും വിഭവസമൃദ്ധമായ സദ്യയും നടത്തപ്പെട്ടു.