പുതിയ അറിവുകളും സാങ്കേതിക വിദ്യകളും പ്രായോഗിക രീതികളും തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന മേഖലയാണ് ആരോഗ്യ സംരക്ഷണ രംഗം. പ്രാക്ടീസ് ചെയ്യുന്ന നഴ്സുമാർക്ക് പുതുമകളെ പരിചയപ്പെടുത്തി അവരെ അറിവിന്റെ മുന്നിൽ നിർത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) സംഘടിപ്പിച്ച ഈ വർഷത്തെ ആദ്യത്തെ തുടർ വിദ്യാഭ്യാസ ദിനം അനേകം നഴ്സുമാർക്ക് ഔദ്യോഗികമായി സമ്പുഷ്ടവും പ്രായോഗികമായി കൂടുതൽ വിജ്ഞാനപ്രദവുമായി. വിവിധ വിഷയങ്ങളിൽ വൈദഗ്ധ്യവും നിപുണതയും തെളിയിച്ചിട്ടുള്ള വ്യക്തികളും സ്ഥാപനവും ആഴമുള്ള തുട ര്വിദ്യാഭ്യാസം നൽകുക വഴി നഴ്സുമാർക്ക് അവരുടെ ജോലിയിൽ കൂടുതൽ ആത്‌മവിശ്വാസം പകരുകയും പുതിയ അവസരങ്ങൾക്കുള്ള വഴി തുറക്കാൻ സഹായിക്കുകയും ചെയ്തു.
നോർത്ത്-വെൽ ഹെൽത് സിസ്റ്റത്തിൽ കാർഡിയോളജി നഴ്സ് പ്രാക്ടീഷണർ ആയി സേവനം ചെയ്യുന്ന ഗ്രേസ് ഗീവർഗീസ് സ്ത്രീകൾ നേരിടുന്ന ഹൃദ്രോഗ ബാധയെ കുറിച്ചും അതിനുള്ള ഉയർന്ന സാധ്യതകളെ കുറിച്ചും പ്രഭാഷണം നടത്തി. കാന്സറിനേക്കാൾ കൂടുതൽ സ്ത്രീകൾ ഹൃദ്രോഗ ബാധ മൂലം മരിക്കുന്നുണ്ട്. മൂന്നിൽ രണ്ടു സ്ത്രീകൾ ഒന്നോ അതിലധികമോ ഹൃദ്രോഗ ബാധയ്ക്കുള്ള ഘടകങ്ങളുള്ളവരാണ്. ഇതാകട്ടെ ഓരോ വയസ്സ് കൂടുമ്പോഴും വര്ധിച്ചുകൊണ്ടിരിക്കുന്നു. പുരുഷന്മാരുടേതിനേക്കാൾ വലുപ്പത്തിൽ ചെറിയ ഹൃദയവും രക്തധമനികളുമുള്ളവരാണ് സ്ത്രീകൾ. അതുപോലെ തന്നെ ഹൃദയത്തിന്റെയും ധമനികളുടെയും ഭിത്തികളാകട്ടെ പുരുഷന്മാരുടേതിനേക്കാൾ കനം കുറഞ്ഞതുമാണ്. എസ്ട്രോജന് എന്ന ഹോർമോൺ സ്ത്രീകൾക്ക് ഹൃദ്രോഗത്തെ തടയാൻ കുറെ സഹായിക്കുന്നുണ്ട്. പക്ഷെ മെനോപോസ് ആകുന്നതോടെ ഹോർമോണിന്റെ അളവ് കുറയുകയും ഇല്ലാതാകുകയും ചെയ്യുന്നതോടെ ഹൃദ്രോഗ സാധ്യതയ്ക്കുള്ള റിസ്ക് കൂടും. സ്ത്രീകളുടെ ഹൃദയ ഭിത്തികൾക്ക് ഓക്സിജൻ എത്തിച്ചുകൊടുക്കുന്ന രക്തധമനികൾ കൂടുതൽ ചെറുതായതിനാൽ അവർക്കുണ്ടാകുന്ന കൊറോണറി മൈക്രോവാസ്‌ക്കുലർ ഡിസീസ് കണ്ടുപിടിക്കാൻ തന്നെ പ്രയാസമുണ്ടാക്കും. ഈ അവസ്ഥയുടെ ഗൗരവത്തെ പലപ്പോഴും തിരിച്ചറിയാതിരിക്കുകയോ ഡയഗ്‌നോസ് ചെയ്യാതിരിക്കുകയോ ചെയ്യുന്ന പ്രവണതയാണ് ഇന്നുള്ളത്. ഹൃദയസംബന്ധമായ രോഗാവസ്ഥയുടെ ആദ്യലക്ഷണങ്ങളും അടയാളങ്ങളും രോഗാവസ്ഥയെയും നേരത്തെ തന്നെ കണ്ടുപിടിക്കുന്നതിന് ഇന്ന് ഏറ്റവും പുതുതായി ഉപയോഗിക്കുന്ന മാർഗ്ഗങ്ങളും ചികിത്സാക്രമങ്ങളും പുതുതായി ഉപയോഗിക്കുന്ന മാർഗ്ഗങ്ങളും ചികിത്സാക്രമങ്ങളും ഗ്രേസ് വിശദമായി നഴ്സുമാരും നേഴ്സ് പ്രാക്ടീഷണര്മാരും നിറഞ്ഞ സദസ്സിന് വിവരിച്ചു.
അടുത്ത വിഷയം ഇന്ത്യയും അമേരിക്കയും തുടങ്ങി ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്ന ആധുനിക കാലത്തെ അടിമത്തമായി അറിയപ്പെടുന്ന മനുഷ്യക്കടത്തായിരുന്നു. ന്യൂ യോർക്ക് സ്റ്റേറ്റിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ സംഘടനയായ നോർത്ത്-വെൽ ഹെൽത്തിനുവേണ്ടി അതിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിറ്റി വെൽനെസ്സ് ആൻഡ് ഹെൽത്തിന്റെ സീനിയർ പ്രോഗ്രാം മാനേജർ വിലോണ്ട ഗ്രീൻ ക്ലാസ്സെടുത്തു. “നമ്മുടെ കാലത്തെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട പൊതുജനാരോഗ്യ, സാമൂഹിക നീതി പ്രശ്നങ്ങളിൽ ഒന്നാണ് മനുഷ്യക്കടത്ത്.” ലൈംഗിക ചൂഷണത്തിനും ലൈംഗിക കച്ചവടത്തിനും നിർബ്ബന്ധിത തൊഴിൽ ചൂഷണത്തിനും വേണ്ടി മനുഷ്യരെ വസ്തുക്കളാക്കി ഉപയോഗിക്കുന്ന ഈ അക്രമ കുറ്റകൃത്യം തിരിച്ചറിയാൻ കഴിയാത്തവിധം നമുക്കു ചുറ്റും നടക്കുന്നുണ്ട്. ഭാര്യാഭർത്താക്കന്മാരടക്കം പ്രണയ പങ്കാളികളും മാതാപിതാക്കന്മാരും വരെ മനുഷ്യക്കടത്തിൽ കുറ്റവാളികളാണെന്ന് വസ്തുതകൾ കാണിക്കുന്നു. ഒരു ആഗോള പൊതുജനാരോഗ്യ പ്രതിസന്ധി ആയി മാറിയ മനുഷ്യക്കടത്തെന്ന അക്രമ കുറ്റകൃത്യങ്ങളെ കുറക്കുന്നതിന് സമൂഹത്തിലെ ഓരോ വ്യക്തിക്കും സഹായിക്കാനാകുമെന്ന് വിലോണ്ട പറഞ്ഞു. മനുഷ്യക്കടത്തിനിരയായവരിൽ 88 ശതമാനം പേര് ആരോഗ്യ പ്രശ്നങ്ങളുമായി ഹോസ്പിറ്റലുകളിലും മറ്റു ചികിത്സാ സ്ഥലങ്ങളിലും എത്തുന്നുണ്ടെങ്കിലും അവരെ ചികില്സിക്കുന്നവർക്ക് അത് തിരിച്ചറിയാനുള്ള പരിശീലനമോ അറിവോ ഇല്ലാത്തതിനാൽ മിക്കവാറും കേസുകൾ കൈ വിട്ടു പോകുകയാണ് ചെയ്യുന്നത്. സംഭവങ്ങളെ തിരിച്ചറിയുന്നതിനുള്ള സൂചനകളും കൂടുതൽ വിവരങ്ങളെടുക്കുന്നതിനുള്ള വഴികളും അവ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സങ്കേതങ്ങളും വിലോണ്ട വിശദീകരിച്ചു.
അമേരിക്കയിൽ ഏകദേശം മുപ്പത് ദശലക്ഷം ആളുകൾക്ക് സ്ലീപ് അപ്നിയ എന്നറിയപ്പെടുന്ന ഉറക്കത്തിനിടയ്ക്കുള്ള ശ്വാസ തടസ്സം ഉണ്ടെന്നാണ് കണക്ക്. ഉറക്കത്തിനിടയ്ക്ക് ശ്വാസം നിൽക്കുകയും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ശ്വാസോഛ്വാസം വീണ്ടും തുടങ്ങുകയും ചെയ്യുന്ന ഈ അസുഖം പലരും അറിയാറില്ല. പക്ഷെ, ചികിൽസിച്ചില്ലെങ്കിൽ പല മറ്റു തരത്തിലുള്ള അസുഖങ്ങളിലേക്ക് നയിക്കാൻ വലിയ സാധ്യതയുണ്ട്. ഹൃദ്രോഗം, ഡയബെറ്റിസ്, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ എന്നിവ അവയിൽ പെടുന്നു. പ്രമുഖ സ്ലീപ് സ്റ്റഡി വിദഗ്‌ധനയായ ഡോ. നരേന്ദ്ര സിങ് സ്ലീപ് അപ്നിയയുടെ ശരീരഘടനാപരമായ കാരണങ്ങളും ശരീര പ്രകൃതിയിൽ നിന്ന് തുടങ്ങുന്ന സൂചനകളും അടയാളങ്ങളും ഭവിഷ്യത്തുകളും ഈ അസുഖം കണ്ടുപിടിച്ചു സ്ഥിരീകരിക്കാനുള്ള രീതികളും ചികിത്സാ മാർഗ്ഗങ്ങളും വിശദീകരിച്ചുകൊണ്ട് ക്ലാസ്സെടുത്തു.
ഇന്ത്യക്കാരുടെ ഒരു നഴ്സിംഗ് സംഘടന എന്ന നിലയിൽ ചെയ്ത സേവനങ്ങളെ അംഗീകരിച്ചുകൊണ്ട് തുടർ പ്രവർത്തനങ്ങൾക്ക് ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലാൻഡർ ഫണ്ടിൽ നിന്ന് ഐനാനിക്ക് പതിനാറായിരത്തി എണ്ണൂറു ഡോളർ ഗ്രാന്റ് ആയി ലഭിച്ചിരുന്നു. കൊയാലിഷൻ ഓഫ് ഏഷ്യൻ ഫാമിലീസ് ആൻഡ് ചിൽഡ്രൻ എന്ന സംഘടനയുമായി ഏഷ്യൻ കമ്മ്യൂണിറ്റി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏഷ്യൻ-വിരുദ്ധ സംഭവങ്ങളെ നേരിടുന്നതിനുള്ള ശ്രമമായിരുന്നു ഡോ. അന്നാ ജോർജ്, ഡോ. സോളിമോൾ കുരുവിള, ഡോ. ഷൈലാ റോഷിൻ എന്നിവർ ചേർന്ന് നടത്തിയ ബൈസ്റ്റാൻഡർ (5-D ) ഇന്റർവെൻഷൻ എന്ന വിദ്യാഭ്യാസ-പരിശീലന പ്രോഗ്രാം. ദൈനം ദിന ജീവിതത്തിൽ പല തുറകളിലും പല രൂപങ്ങളിൽ നിറത്തിന്റെ പേരിലും വർഗ്ഗത്തിന്റെ പേരിലും നമ്മൾ അനുഭവിക്കുകയോ ദൃക്സാക്ഷിയാകുകയോ ചെയ്യുന്ന ഭീഷണികൾ, പക്ഷാഭേദം, വിവേചനം, വാക്കുകൾ കൊണ്ടുള്ള പീഢനം, നശീകരണങ്ങൾ, തുടങ്ങിയ സംഭവങ്ങളെ ഒഴിവാക്കുന്നതിനോ സംഭവങ്ങളുടെ ഇരയെ സഹായിക്കുന്നതിനോ എങ്ങനെ സാധിക്കും എന്നതായിരുന്നു ലക്‌ഷ്യം. ഒരു കാഴ്ചക്കാരൻ അല്ലെങ്കിൽ കാഴ്ചക്കാരി എന്ന നിലയിൽ സ്വന്തം സുരക്ഷിതത്വത്തിനു ഭംഗം വരാതെ എങ്ങനെ ഇടപെടാം എന്ന് ഈ പരിശീലന പ്രോഗ്രാമിലൂടെ അവതാരികകൾ വിവരിച്ചു.
പ്രൊഫെഷണൽ ഡെവലപ്പ്മെന്റ് കമ്മിറ്റി ചെയർ ആദ്യാന്തം മോഡറേറ്റ് ചെയ്തു. അമേരിക്കൻ നഴ്സിംഗ് ക്രെഡൻഷ്യലിങ് സെന്റർ അംഗീകരിച്ച വിലപ്പെട്ട നാലു കണ്ടിന്യൂയിങ് എജുക്കേഷൻ മണിക്കൂറുകളും പ്രഭാത ഭക്ഷണവും ലഞ്ചും ഉച്ചയ്‌ക്കുശേഷമുള്ള കോഫിയും സ്നാക്കുകളുമടങ്ങിയ ദിനം പങ്കെടുത്തവർക്ക് പൂർണ്ണമായും സൗജന്യമായാണ് ഐനാനി ഈ സെമിനാർ സംഘടിപ്പിച്ചത്. പ്രോഗ്രാമിന് സ്‌പോൺസർഷിപ് നൽകി സഹായിച്ച അഗാപ്പെ ട്രിനിറ്റി ഇൻഷുറൻസിന്റെ റോഷൻ തോമസിന് ആനി സാബു നന്ദി പറഞ്ഞു. ആന്റോ പോൾ ഐനിങ്കൽ, ഡോ. അന്നാ ജോർജ്, ഡോ. ഷൈല റോഷിൻ, ഉഷാ ജോർജ്, ഗ്രേസ് അലക്‌സാണ്ടർ, ഐനിങ്കൽ, റോഷൻ മാമ്മൻ, ഡോ. ജയാ തോമസ് തുടങ്ങി ഐനാനിയുടെ നേതൃ സമിതി സെമിനാറിന്റെ വിജയത്തിനായി ആനി സാബുവിനോടൊപ്പം സജീവമായി പ്രവർത്തിച്ചു.