ആത്മീയതയ്ക്കും വേദപഠനത്തിനും നിർണായക പ്രാധാന്യം കൊടുക്കുന്ന ഫാമിലി /യൂത്ത് കോൺഫറൻസിൽ വിശ്രമത്തിനും വിനോദത്തിനും മതിയായ അവസരങ്ങൾ ഉണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് സംഘാടകർ അറിയിച്ചു.
ജൂലൈ 10 ബുധനാഴ്ച മുതൽ ജൂലൈ 13 ശനിയാഴ്ച വരെ ലാങ്കസ്റ്റർ പെൻസിൽവേനിയ വിൻധം റിസോർട്ടിൽ നടക്കുന്ന കോൺഫറൻസിൽ രണ്ടാം ദിവസം കായിക കലാ പരിപാടികൾക്കും വിനോദത്തിനും ഊന്നൽ കൊടുത്തിട്ടുണ്ട്. ജൂലൈ 11 വ്യാഴാഴ്ച ഉച്ച കഴിഞ്ഞു സ്പോർട്സ് & ഗെയിംസ് ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി കായിക പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സ്പോർട്സ് കോർഡിനേറ്റർ ജീമോൻ വർഗീസ് പ്രസ്‍താവിച്ചു.
സന്ധ്യ പ്രാർത്ഥനക്കു ശേഷം കലാ സന്ധ്യയും ഒരുക്കിയിട്ടുണ്ട്. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽനിന്നു വ്യക്തികളും ഗ്രൂപ്പുകളുമായി സംഗീത, നൃത്ത കലാപരിപാടികൾ ചേർന്ന കലാവിരുന്ന് കാതിനും കണ്ണിനും കുളിർമ പകരുമെന്ന് കലാസന്ധ്യയുടെ കോർഡിനേറ്റർ ഐറിൻ ജോർജ് അറിയിച്ചു.
ബൈബിൾ, പാരമ്പര്യം, വിശ്വാസം എന്നിവയെ അടിസ്ഥാനമാക്കി ആത്മീയ പോഷണത്തിന് യോഗ്യമായ കലാപരിപാടികളാണ് അനുവദനീയമായിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.