Tuesday, November 19, 2024
Homeഅമേരിക്കഗാസ ഈജിപ്ത്‌ അതിർത്തി പിടിച്ചെടുത്ത് ഇസ്രയേൽ.

ഗാസ ഈജിപ്ത്‌ അതിർത്തി പിടിച്ചെടുത്ത് ഇസ്രയേൽ.

ഗാസ സിറ്റി/ ടെൽ അവീവ്‌
ഗാസ–- ഈജിപ്ത്‌ അതിർത്തിയിൽ ബഫർ സോണായി പ്രവർത്തിക്കുന്ന ഫിലാഡെൽഫി ഇടനാഴി പൂർണമായും പിടിച്ചെടുത്തതായി ഇസ്രയേൽ സൈന്യം. ഇതോടെ ഗാസയുടെ കര അതിർത്തി പൂർണമായും ഇസ്രയേൽ നിയന്ത്രണത്തിലായി. ഇവിടെ ഹമാസ്‌ ഉപയോഗിച്ചിരുന്ന 20- തുരങ്കങ്ങൾ പിടിച്ചെടുത്തെന്ന ഇസ്രയേലിന്റെ അവകാശവാദം ഈജിപ്ത്‌ തള്ളി.

റാഫയിലെ ലക്ഷക്കണക്കിന്‌ ജനങ്ങളെ ബലംപ്രയോഗിച്ച്‌ ഈജിപ്തിലേക്ക്‌ കടത്താനാണ്‌ ഇസ്രയേൽ പദ്ധതിയിടുന്നതെന്ന്‌ മാസങ്ങളായി ഈജിപ്ത്‌ ആരോപിക്കുന്നു. ഗാസ ഇസ്രയേൽ നിയന്ത്രണത്തിലായിരുന്ന കാലത്താണ്‌ ഈജിപ്ത്‌ അതിർത്തിയിലുടനീളം 14 കിലോമീറ്റർ നീളത്തിൽ സൈന്യരഹിത ബഫർസോൺ രൂപീകരിക്കാൻ ധാരണയായത്‌. 2005ൽ ഇസ്രയേൽ അധിനിവേശം അവസാനിപ്പിച്ചശേഷവും ​​​ഇടനാഴി നിലനിന്നു.

റാഫ അതിർത്തി ഇസ്രയേൽ പിടിച്ചെടുത്തപ്പോള്‍ ഈജിപ്ത്‌ ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ്‌ നൽകിയിരുന്നു. ഈജിപ്തിന്റെ മണ്ണിലേക്ക്‌ ആക്രമണം നടത്തിയാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും വ്യക്തമാക്കി. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ബീജിങ്ങിലെത്തിയ ഈജിപ്ത്‌ പ്രസിഡന്റ്‌ അബ്‌ദേൽ ഫത്താ എൽ സിസി ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി.”

ഇസ്രയേൽ റാഫയിൽ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ യു എൻ രക്ഷാസമിതിയിൽ അൾജീരിയ മുന്നോട്ടുവച്ച പ്രമേയത്തിനെതിരെ അമേരിക്ക. സമിതിയിലെ അറബ്‌ പ്രതിനിധി എന്ന നിലയിലാണ്‌ അൾജീരിയ കരട്‌ പ്രമേയം അംഗങ്ങൾക്ക്‌ വിതരണം ചെയ്തത്‌. എന്നാൽ, തുടർച്ചയായി പ്രമേയങ്ങൾ അവതരിപ്പിക്കുന്നത്‌ സ്ഥിതിഗതികളിൽ മാറ്റമുണ്ടാക്കില്ലെന്ന്‌ യു എന്നിലെ അമേരിക്കൻ ഉപസ്ഥാനപതി റോബർട്ട്‌ വുഡ്‌ പറഞ്ഞു.

പലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കുന്ന പ്രമേയം പാസ്സാക്കി സ്ലോവേനിയ. പ്രമേയം പാർലമെന്റിന്റെ അംഗീകാരത്തിന്‌ അയച്ചതായി പ്രധാനമന്ത്രി റോബർട്ട്‌ ഗൊലോബ്‌ പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ച പ്രമേയം പാർലമെന്റ്‌ അംഗീകരിച്ചാലേ നിയമമാകൂ. 90 അംഗ പാർലമെന്റിൽ ഗൊലോബിന്റെ മുന്നണിക്ക്‌ വ്യക്തമായ ഭൂരിപക്ഷമുണ്ട്‌.  27 അംഗ യൂറോപ്യൻ യൂണിയനിൽ പലസ്തീന്‌ അംഗീകാരം നൽകിയ രാഷ്ട്രങ്ങളുടെ എണ്ണം പത്താകും.

ഗാസയുടെ തെക്കേ അറ്റമായ റാഫയിൽ ആക്രമണം തീവ്രമാക്കിയിരിക്കുകയാണ്‌ ഇസ്രയേൽ. 24 മണിക്കൂറിൽ 50 ഇടങ്ങളിൽ വ്യോമാക്രമണം നടത്തി. 53 പേർ കൊല്ലപ്പെട്ടു. 357 പേർക്ക്‌ പരിക്കേറ്റു. മരിച്ചവരിൽ ടെന്റുകളിൽ താമസിച്ചിരുന്ന 37 പേരും ഉൾപ്പെടുന്നു. പലസ്തീൻ റെഡ്‌ ക്രെസന്റിന്റെ രണ്ട്‌ പ്രവർത്തകരും കൊല്ലപ്പെട്ടു. ഇതോടെ, ഇസ്രയേൽ കടന്നാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 36,224 ആയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments