ലോസ് ഏഞ്ചൽസ്: 97-ാമത് ഓസ്‌കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനെ പ്രഖ്യാപിച്ച് കൊണ്ടാണ് ഈ വർഷത്തെ പുരസ്‌കാര വിതരണങ്ങൾക്ക് തുടക്കമായത്. ‘എ റിയൽ പെയ്ൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീറൻ കൾക്കിനെ മികച്ച സഹനടനായി തെരഞ്ഞെടുത്തു. ‘എമിലിയ പെരസി’ലൂടെ സോയി സൽദാന മികച്ച സഹനടിക്കുള്ള പുരസ്‌കാരത്തിന് അർഹയായി.
‘അനോറ’യുടെ തിരക്കഥാകൃത്തായ സീൻ ബേക്കറാണ് മികച്ച തിരക്കഥയ്‌ക്കുള്ള(ഒറിജിനൽ) ഓസ്‌കറിന് അർഹനായത്. ‘കോൺക്ലേവ്’നാണ് മികച്ച അവലംബിത തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം. പീറ്റർ സ്‌ട്രോഗനാണ് കോൺക്ലേവിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മികച്ച ആനിമേറ്റഡ് ചിത്രമായി ‘ഫ്ലോ’യെ തെരഞ്ഞെടുത്തു. ‘ഇൻ ദ ഷാഡോ ഓഫ് സൈപ്രസ്’ ആണ് മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം.
ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാര പ്രഖ്യാപനം. ഹാസ്യനടനും എമ്മി പുരസ്കാര ജേതാവുമായ കോനൻ ഒബ്രിയൻ ആണ് പുരസ്കാര ചടങ്ങിലെ അവതാരകൻ. ആദ്യമായാണ് ഒബ്രിയാൻ ഓസ്കാറിന്റെ അവതാരകനാകുന്നത്.
അനോറ, ദി ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അൺനോൺ കോൺക്ലേവ്, ഡ്യൂൺ: രണ്ടാം ഭാഗം, എമിലിയ പെരസ്, ഐ ആം സ്റ്റിൽ ഹിയർ, നിക്കൽ ബോയ്സ്, ദി സബ്‌സ്റ്റൻസ്, വിക്കഡ് എന്നിവയാണ് മികച്ച ചിത്രത്തിനായി മത്സരിക്കുന്നത്. ജാക്വസ് ഓഡിയാർഡ്(എമിലിയ പെരെസ്), സീൻ ബേക്കർ (അനോറ), ബ്രാഡി കോർബറ്റ്(ദി ബ്രൂട്ടലിസ്റ്റ്), കോറലി ഫാർഗേറ്റ്(ദി സബ്സ്റ്റൻസ്), ജെയിംസ് മാൻഗോൾഡ്(എ കംപ്ലീറ്റ് അൺനോൺ) എന്നിവരാണ് മികച്ച സംവിധാനത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നത്.”