ഒന്നിന് പിറകെ ഒന്നായി ഒരു വര്‍ഷം നൂറിനടുത്ത് വരെ വിക്ഷേപണങ്ങള്‍ നടത്തിയിട്ടുള്ള റോക്കറ്റാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9. ഏഴ് വര്‍ഷക്കാലത്തിനിടെ ഒരു തവണ പോലും പരാജയം നേരിട്ടിട്ടില്ല. ഇക്കാലത്തിനിടെ 300 ല്‍ ഏറെ വിക്ഷേപണങ്ങള്‍. ആ വിശ്വാസ്യതയ്ക്കാണ് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന വിക്ഷേപണ പരാജയത്തിലൂടെ കോട്ടം തട്ടിയത്.
എന്താണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ്.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് വികസിപ്പിച്ച് പുനരുരയോഗം സാധ്യമായ ബഹിരാകാശ റോക്കറ്റാണ് ഫാല്‍ക്കണ്‍ 9. ഉപഗ്രഹങ്ങളെയും ബഹിരാകാശ സഞ്ചാരികളെയും ബഹിരാകാശത്തെത്തിക്കാനുള്ള ശേഷി ഫാല്‍ക്കണ്‍ 9 നുണ്ട്. 2000 കിലോമീറ്റര്‍ ഉയരത്തില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇതിനാവും.
രണ്ട് ഭാഗങ്ങളാണ് (സ്റ്റേജുകള്‍) ഫാല്‍ക്കണ്‍ 9 റോക്കറ്റിനുള്ളത്. ഇതില്‍ താഴെയുള്ള ആദ്യ സ്റ്റേജ് അഥവാ ബൂസ്റ്റര്‍ സ്റ്റേജിന് ഒമ്പത് മെര്‍ലിന്‍ എഞ്ചിനുകളാണുള്ളത്. സ്‌പേസ് എക്‌സ് തന്നെ വികസിപ്പിച്ച റോക്കറ്റ് എഞ്ചിനുകളാണ് മെര്‍ലിന്‍ എഞ്ചിനുകള്‍. ഒപ്പം ദ്രവ ഓക്‌സിജനും, റോക്കറ്റ് ഗ്രേഡ് കെറോസിന്‍ പ്രൊപ്പലന്റും അടങ്ങുന്ന അലൂമിനിയം-ലിഥിയം അലോയ് ടാങ്കുകളും ആദ്യ സ്‌റ്റേജിനുണ്ട്. ഭൂമിയുടെ ശക്തമായ ആകര്‍ഷണ ബലത്തെ മറികടന്ന് പേ ലോഡിനെ ബഹിരാകാശത്തെത്തിക്കുകയാണ് ഈ സ്റ്റേജിന്റെ ചുമതല. നിശ്ചിത ഉയരത്തില്‍ എത്തിയതിന് ശേഷം വേര്‍പെട്ട് ഈ ഭാഗം ഭൂമിയില്‍ തിരിച്ചിറങ്ങും. ഇത് വീണ്ടും മറ്റ് റോക്കറ്റുകള്‍ക്കായി ഉപയോഗിക്കാനാവും. രണ്ടാമത്തേതും റോക്കറ്റിന്റെ മുകളിലുള്ളതുമായ രണ്ടാം സ്‌റ്റേജില്‍ ഒരു മെര്‍ലിന്‍ എഞ്ചിനാണുള്ളത്.
“ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപണത്തില്‍ സംഭവിച്ചതെന്ത്?
ജൂലായ് 11 വ്യാഴാഴ്ചയാണ് കാലിഫോര്‍ണിയയിലെ വാന്‍ഡെര്‍ ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് 20 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ 354-മത് വിക്ഷേപണം ആയിരുന്നു ഇത്. ഇലോണ്‍ മസ്‌കിന്റെ തന്നെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന് വേണ്ടിയുള്ള ചെറു ഉപഗ്രഹങ്ങളായിരുന്നു ഇവ.
വിക്ഷേപണം കഴിഞ്ഞ് 30 മിനിറ്റോളം ആയപ്പോഴാണ് പ്രശ്‌നം നേരിട്ടത്. ആദ്യ സ്റ്റേജ് വിജയകരമായി പൂര്‍ത്തിയാക്കുകയും വേര്‍പെട്ട് ഭൂമിയില്‍ സുരക്ഷിതമായി ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കേണ്ട രണ്ടാം സ്റ്റേജ് ശരിയായ രീതിയില്‍ പൂര്‍ത്തികരിക്കാനായില്ല. ഇന്ധനമായ ദ്രവ ഓക്‌സിജന് ചോര്‍ച്ചയുണ്ടായതാണ് കാരണം. ഇതേ തുടര്‍ന്ന് ഉപഗ്രഹങ്ങള്‍ വിന്യസിക്കേണ്ട യഥാര്‍ത്ഥ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിന് എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാനായില്ല. തുടര്‍ന്ന് നിശ്ചയിച്ച ഉയരത്തിന് താഴെ വിന്യസിക്കേണ്ടിവന്നു. 135 കിമീ ഉയരത്തിലാണ് ഉപഗ്രഹങ്ങള്‍ വിന്യസിച്ചത്. യഥാര്‍ത്ഥത്തില്‍ നിശ്ചയിച്ച ഉയരത്തേക്കാള്‍ പകുതിയിലും കുറവാണിത്.
ഈ ഉപഗ്രഹങ്ങള്‍ മറ്റ് ഉപഗ്രങ്ങള്‍ക്ക് ഭീഷണിയാവില്ലെന്ന് സ്‌പേസ് എക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണേക്കാവുന്ന ഉപഗ്രഹങ്ങള്‍ പൂര്‍ണമായി കത്തിത്തീരുമെന്നും അതിനാള്‍ ജനങ്ങള്‍ക്കും ഭീഷണിയാവില്ലെന്നും സ്‌പേസ് എക്‌സ് വ്യക്തമാക്കി.
2015 ല്‍ ഫ്‌ളോഫിഡയിലെ വിക്ഷേപണ കേന്ദ്രത്തില്‍ വെച്ച് പൊട്ടിത്തെറിച്ചതിന് ശേഷം ഇതുവരെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് പരാജയം നേരിട്ടിട്ടില്ല. ഇക്കാരണത്താല്‍ തന്നെ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവുംവിജയ ഉറപ്പാക്കിയിരുന്നതും വിശ്വാസ്യത നേടിയെടുത്തതുമായ റോക്കറ്റായിരുന്നു ഫാല്‍ക്കണ്‍ 9.
ഇനിയുള്ള നടപടികളെന്ത്?
എന്തായാലും ഈ വിക്ഷേപണ പരാജയത്തെ തുടര്‍ന്ന് ഫാല്‍ക്കണ്‍ 9 വിക്ഷേപണങ്ങളുടെ എണ്ണം കുറഞ്ഞേക്കും. 2023 ല്‍ മാത്രം 96 തവണയാണ് ഫാല്‍ക്കണ്‍ 9 വിക്ഷേപിച്ചത്. ഇത് റെക്കോര്‍ഡാണ്. യുഎസിന്റെ പ്രധാന എതിരാളിയായ ചൈന 2023 ല്‍ വ്യത്യസ്ത റോക്കറ്റുകളിലായി 67 വിക്ഷേപണങ്ങളാണ് നടത്തിയത്.
ഫാല്‍ക്കണ്‍ 9 റോക്കറ്റുകളുടെ വിക്ഷേപണം താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പോളാരിസ് ഡോണ്‍ (Polaris Dawn) എന്ന ദൗത്യം വൈകും. സംരംഭകനായ ജാരെഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് യാത്രയ്‌ക്കൊരുങ്ങുന്നത്. ഒട്ടേറെ സവിശേഷതകളുള്ള ഈ ദൗത്യം മനുഷ്യരെ ഏറ്റവും ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെ എത്തിക്കുന്ന ഏക യുഎസ് വിക്ഷേപണ വാഹനവും ഫാല്‍ക്കണ്‍ 9 തന്നെയാണ്.