പറ്റില്ലെന്നറിയാമെന്നാലും
വൃഥാ മോഹിച്ചു പോകുന്നു
ഈ ഞാനായിട്ടു തന്നെ!
മാതാപിതാക്കളും തഥൈവ
പഴക്കമേറെച്ചെന്ന ,
ചെങ്കല്ലരച്ചചായം പൂശിയ
മൺച്ചുമരുള്ള,
നാലു കെട്ടോലപ്പുര,
ഓണം കഴിഞ്ഞാലപ്പുര ,
വീടായിട്ടതു തന്നെ വേണം.
അകത്തളത്തിൽ കരിത്തേച്ചു
മെഴുകിയ
നിലത്ത്
വക്കു പിഞ്ഞിയ കൈതോലപ്പായ
വിരിച്ച്
നീണ്ടുനിവർന്നൊന്നു
കിടക്കണം.
മാതാവിൻ ചൂടേറ്റുറങ്ങും
രാവിൽ
ഇടക്കുണർന്ന് നടുമുറ്റത്ത്
മുള്ളണം
വെളിച്ചത്തിനായ്
റാന്തലിൻ തിരിനീട്ടണം
വെള്ളത്തിനായ്
വെള്ളോട്ടുകിണ്ടിയും
വേണം.
കാലത്തെഴുനേറ്റു
വടക്കേചായ്പ്പിലിറയത്തു
തൂങ്ങുന്നകുത്തുപാളയിൽ
ഏന്തിവലിഞ്ഞു കയ്യിട്ട്
ഉമിക്കരിവാരി കുളക്കര
യിലേക്കോടണം
തോട്ടത്തിലകലത്തിൽ
വാഴക്കൂട്ടം മറയാക്കി
മറക്കിരിക്കണം
വള്ളിടൗസറൂരി നഗ്നനായ്
കുളത്തിൽ ചാടണം
നീന്തിതുടിക്കണം
പൊന്തുവെച്ചു കളിക്കണം
മുങ്ങാംകുഴിയിട്ടു മത്സരിക്കണം
ഒരു കാലുപോയ നാലുകാൽ
പലകയിൽ
ബാലൻസു ചെയ്തിരിക്കണം
ഉമ്മ വിളമ്പും
വെള്ളത്തിലിട്ട പഴഞ്ചോറ്
തൈരും കാന്താരിയും
ഇത്തിരിയുപ്പും ചേർത്തു
വാരി തിന്നണം
ചട്ടപോയ് വക്കു പോയ
സ്ലേറ്റും
പുറഞ്ചട്ടപോയ മുഷിഞ്ഞ
കേരളപാഠാവലിയും
കക്ഷത്തിലൊതുക്കി
സ്കൂളിലേക്കോടണം
മഴയെങ്കിൽ
വാഴ ഇല കുടയാക്കണം
തണുപ്പേറും ധനു മകര
മാസങ്ങളിൽ
ചമ്മലടിച്ചു കൂട്ടി തീയിട്ട്
തീക്കായണം
തോട്ടിലെ പരൻമീൻ
ഉപ്പുചേത്തു
മത്തനിലയിൽ പൊതിഞ്ഞു
ചുട്ടുതിന്നണം
കല്ലെറിഞ്ഞു വീഴ്ത്തിയ
പച്ചമാങ്ങ
കല്ലിനിടിച്ചു പൊട്ടിച്ച്
ഉപ്പും മുളകും ചേർത്തു
തിന്നു രസിക്കണം
മുണ്ടകൻ കൊയ്തൊഴിഞ്ഞ
പാടവും
പാടത്തുമേയും കാലികളും
പോത്തിൻ പുറത്തു
സുഖ സവാരി നടത്തും
കാക്കകളും ,
കാലി മേക്കും കാക്കക്കറുമ്പൻ
ചെക്കന്മാരും
പാടവും പാടവരമ്പും
തോടും തോട്ടുവക്കിലെ
പുല്ലാണിപൊന്തകളും
ചേക്കേറിയ കിളിക്കുട്ടങ്ങളും,
പാടത്തു കൊത്തിപ്പെറുക്കിയും
ഇടക്കു പറന്നും തൂവെള്ള
കൊറ്റികൾ
ഹാ… ഹാ…എന്തൊരാനന്ദം
ബാല്യത്തിലേക്കൊന്ന്
തിരിച്ചെത്തണം
അതിനായിട്ടെനിക്കു
പുനർജനിക്കണം
വീരാൻ അമരിയിൽ.
(മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)