പത്തുവർഷം മനസ്സിൽ തറഞ്ഞ കുപ്പിച്ചില്ല് ഇന്നാണ് ഒന്നൂരിയെടുത്തത്. എന്തെന്നില്ലാത്ത ഒരാശ്വാസം! എത്ര വർഷം അതെന്നെ കുത്തിനോവിച്ചു? പുറത്താരും അറിയാതെ വേദനയൊളിപ്പിച്ചു പലപ്പോഴും എൻ്റെ ഏകാന്ത നിമിഷങ്ങളിൽ ആരുമറിയാതെ ഞാൻ വേവലാതിപ്പെട്ടിട്ടുണ്ട് .ഉറ്റ കൂട്ടുകാരി ആനോടും പിന്നെ സ്നേഹം മൂത്ത ഒരു ദിവസം ദിനേട്ടനോടും പറഞ്ഞപ്പോ…അവർ പറഞ്ഞു …”കളഞ്ഞിട്ടു പോ.. പെണ്ണേ …വേറെ ഒന്നുമില്ലേ നിനക്കു ചിന്തിക്കാൻ എന്ന്”?.അവർക്കങ്ങനെ പറയാം! പക്ഷേ…അവർ അനാമികയല്ലല്ലോ?
ഓർത്തു …അന്നൊരു ബുധനാഴ്ചയായിരുന്നു.രാവിലത്തെ തിരക്കുകൾ…ഹോ!.. കുട്ടികളെ രണ്ടുപേരെയും സ്കൂൾ ബസ്സിൽ കയറ്റി വിടുന്നതുവരെ ഒന്നു ശ്വാസം വിടാൻ പോലും പറ്റില്ല .അതു കഴിഞ്ഞു വന്നാലുടൻ എനിക്കും ദിനേട്ടനും ഉള്ള ടിഫിനും പാക്ക് ചെയ്തു ഞങ്ങൾക്ക് ഇറങ്ങാനുള്ള തിരക്കായി .ദിനേട്ടൻ ബാങ്കിലും ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടൻ്റായും വർക്ക് ചെയ്യുന്നു.അന്നു ഞാൻ ലീവായിരുന്നു .ദിനേട്ടൻ്റെ പെങ്ങൾക്കും കുടുംബത്തിനും അന്നുച്ചക്കിവിടെ വിരുന്നായിരുന്നു. ഗൾഫിൽ നിന്നും ലീവിനു നാട്ടിൽ വന്നാൽ പിന്നെ തിരികെ പോകുന്നതിനകം ഒരു വിരുന്നിവിടെ പതിവാണ്. എല്ലാവരവിനും മുടങ്ങാതെ യുള്ള പതിവ്. ഇറച്ചി ഐറ്റംസേ വേണ്ട, മീനും കപ്പയുമൊക്കെ മതിയെന്ന് ഏട്ടൻ്റെ പെങ്ങൾ നേരത്തെ വിളിച്ചു പറയുകയും ചെയ്തിരുന്നു. അതുകൊണ്ട് ചോറിനുള്ള അരി ഞാൻ രാവിലെ തന്നെ ഗ്യാസ് അടുപ്പിൽ ചെറിയ തീയിലിട്ടു . ഏട്ടന് എന്നും രാവിലെ ഇറങ്ങുന്നതിനു മുൻപൊരു ജ്യൂസ് പതിവുള്ളതാണ് .അന്ന് ഏട്ടന് തൊണ്ടവേദനയുണ്ടായിരുന്നതുകൊണ്ട് ഞാൻ പെട്ടെന്ന് എൻ്റെ ബുദ്ധിക്ക് വേഗം ജ്യൂസ് ഗ്ലാസ് പതുക്കെ അരിപ്പാത്രത്തിന്റെ അടപ്പു മാറ്റി അതിൽ ഇറക്കിവച്ചു. ഫ്രിഡ്ജിൽ നിന്നും എടുത്ത ജ്യൂസ് ആയതുകൊണ്ട് നല്ല തണുപ്പുണ്ടായിരുന്നു. കഷ്ടകാലത്തിന് എപ്പോഴെങ്കിലും ഒന്ന് ചുമച്ചു പോയാൽ പിന്നെ… എനിക്ക് ചെവി കേൾക്കണ്ട. തൊണ്ടവേദനയാണെന്ന റിഞ്ഞിട്ടും നീയെനിക്ക് മനപ്പൂർവ്വം തണുത്ത ജ്യൂസ് കൊണ്ടുത്തന്നതല്ലേ? എന്തോ ദേഷ്യം എന്നോടുണ്ടായിരുന്നത് തീർത്തതല്ലേ? ഇതൊക്കെ ഏട്ടൻ്റെ എന്നെ വേദനിപ്പിച്ചു രസിക്കാനുള്ള സ്ഥിരം നമ്പരുകളാണ്.അതു പേടിച്ചാണ് ചെറുതായി ഒന്നു ചൂടുവെള്ളത്തിലിറക്കിവച്ചു തണുപ്പുമാറ്റാമെന്നുകരുതിയത്. ഏട്ടൻ്റെ വിളി വരുന്നുണ്ട്. ഞാൻ ഇറങ്ങുവാ… ഇനിയിപ്പോ ജൂസെടുക്കാനൊന്നും നിൽക്കണ്ട. ഉച്ചയ്ക്ക് മുൻപ് കുറച്ച് പണികൾ ചെയ്തു തീർക്കാൻ ഉണ്ട്. ഇന്നു കുറച്ചു നേരത്തെ ഇറങ്ങാനുള്ളതല്ലേ?… ഏട്ടൻ ഇതു പറഞ്ഞതും “ടക് “എന്നൊരു ശബ്ദം കേട്ടതും ഗ്ലാസ് പൊട്ടിയതും ഒരുമിച്ചായിരുന്നു .ഞാൻ ആകെ വിഷമിച്ചു. എന്നാലും കയ്യിലിരുന്ന ഗ്ലാസ് തുണ്ടം സ്ലാബിന്റെ പുറത്തു വച്ചിട്ട് ഒന്നും പുറത്തു കാണിക്കാതെ ചെന്നു ഏട്ടനെ യാത്രയാക്കി. മുൻവശത്തെ കതകു മടച്ചു നേരെ കിച്ചണിലേക്ക് കുതിച്ചു. കിച്ചണിൽ എത്തിയില്ല അതിനു മുമ്പേ ഗേറ്റിൽ ആരോ വന്നപോലെ തോന്നി. ആരാപ്പോ ! ഇത്ര രാവിലെ എന്നാലോചിച്ച് കൊണ്ട് ചെന്ന് മുൻവശത്തെ ഡോർ തുറന്നതും പ്രായമായ ഒരു വൃദ്ധയും എൻ്റെ എട്ടു വയസ്സുകാരി മാലു മോളുടെ പ്രായമുള്ള ഒരു പാവാടക്കാരിയും. “മോളെ..
ഇവടെയമ്മയ്ക്കുവയറ്റില്…. ബാക്കി കേൾക്കാനും അവർ വച്ചു നീട്ടിയ പേപ്പർ നോക്കാനുമൊന്നും ഞാൻ മിനക്കെട്ടില്ല .ഞാൻ മനസ്സിൽ ഓർത്തു… ദിവസവും എത്രയെണ്ണമാ ഇതേ പോലെ പേപ്പറുകളും വച്ചു നീട്ടി കയറിയിറങ്ങുന്നെ?. നേരാണോന്ന് ആർക്കറിയാം !?..
ഞാൻ അകത്തുനിന്നും പത്തു രൂപയുമായി വന്നു .അതവരുടെ നേരെ നീട്ടി.” മോളെ …കാശു വേണ്ട .. വല്ലോം കഴിച്ചിട്ടു മൂന്നു ദിവസമായി .ഒരു പിടി വറ്റു കിട്ടിയിരുന്നെങ്കിൽ”! ഞാനൊരു നിമിഷം ഒന്നു കുഴങ്ങി. ഞാൻ വീണ്ടും അകത്തേക്ക് പോയി രണ്ടു പഴം ഇരുന്നതെടുത്തു കൊണ്ടുവന്നവർക്കു നേരെ നീട്ടി.വേണ്ട മോളെ… പഴയ ചോറുണ്ടെങ്കിൽ … ഒരു പിടിയെങ്കിലും കിട്ടിയാലേ എനിക്കീ കുഞ്ഞിനെയും കൊണ്ട് നടക്കാൻ പറ്റൂ”. ഞാൻ പറഞ്ഞു..” ചോറു വെന്തിട്ടുണ്ട് പക്ഷേ അതിൽ ഒരു ഗ്ലാസ്സ് ഉടഞ്ഞു വീണു.കുപ്പിച്ചില്ലുകളുള്ള ചോറുഞാനെങ്ങനെ നിങ്ങൾക്കു തരും”?. അവരുടെയും കുട്ടിയുടെയും കണ്ണുകൾ വിടർന്നു. “അതങ്ങു പെറുക്കി കളയാം മോളെ… മോൾ അതിലിത്തിരി വെള്ളവും ഒഴിച്ച് ഇങ്ങു താ.. ചില്ലൊക്കെ അടിയിൽ പൊയ്ക്കൊള്ളും” .പ്രതീക്ഷാ നിർഭരമായ അവരുടെ കണ്ണുകൾ നോക്കി എനിക്കെന്തോ? മറുത്തൊന്നും പറയാൻ അപ്പോൾ തോന്നിയില്ല. എങ്കിലും അകത്തേക്ക് നടക്കുമ്പോൾ പകൽ വീട് മാർക്ക് ചെയ്തു വച്ചു രാത്രി കയറുന്ന കള്ളന്മാരെ കുറിച്ചും ആർക്കും ഭിക്ഷ കൊടുക്കരുത് എന്ന വാർത്തകളെ കുറിച്ചും ഒക്കെ ഓർത്തു. ഈ കുപ്പിച്ചില്ലുവീണ ചോറു കഴിച്ച് അവർക്കെന്തെങ്കിലും പറ്റിയാൽ !..എൻ്റെ മനസ്സൊരു സംഘർഷാവസ്ഥയിൽ എത്തിച്ചേർന്നു.ഞാനൊരു ശ്രദ്ധ പുറത്തേക്കെറിഞ്ഞു കൊണ്ട് എന്നാലാവും വിധം ചോറരിച്ചുപെറുക്കി വെള്ളമൊഴിച്ച് മൂന്നാലു പ്രാവശ്യം ഊറ്റി വാരി കുറച്ചെടുത്ത് അവർക്കു കൊടുത്തു.ഇത്തിരി അച്ചാറും രണ്ടു പപ്പടം പൊള്ളിച്ചു കവറിൽ കെട്ടിവെച്ചിരുന്നതും നൽകി. എന്റെ മുഖത്തെ സംഘർഷം കണ്ടിട്ടാവണം അവരെന്നോട് പറഞ്ഞു.. “ഈ ചോറ് കഴിച്ചു ഞങ്ങളങ്ങു ചത്താലും സന്തോഷാ മോളെ… വയറൊന്നു നിറയ്ക്കാൻ വേണ്ടിയല്ലേ ?മോളെ …ഈ തോക്കും കത്തിയുമൊക്കെ എല്ലാരും എടുക്കണത് .പണം തട്ടണത്” .അവർ വാരിവലിച്ചു കുടിക്കുന്ന ആ ചോറും വെള്ളവും നോക്കി ഞാൻ നിന്നു. ഇരുനിറവും, വിടർന്ന കണ്ണുകളും നല്ല മുഖ തേജസ്സുമുള്ള ആ പാവാടക്കാരിയെ ഞാൻ നോക്കി .എൻ്റെ മാലുവിനേക്കാൾ എത്രയോ! സുന്ദരിയാണാ കുട്ടി. പക്ഷേ …ആ സൗന്ദര്യം അറിയണമെങ്കിൽ കാശുള്ള വീട്ടിൽ ജനിക്കണം. എൻെറ ചിന്തകൾക്ക് വിരാമമിട്ടത് അവരുടെ വിളിയാണ്.. “നിറഞ്ഞു മോളെ… നൂറു പുണ്യം കിട്ടും …അവർ രണ്ടും എൻ്റെ നേരെ കൈ കൈ കൂപ്പി. ഞാൻ ഗേറ്റും പൂട്ടി കതകുമടച്ചു കിച്ചണിലേക്ക് ഓടി .അരി വീണ്ടും ഒന്നേ എന്ന് അടുപ്പിൽ ഇടണം .ഞാൻ അവർക്ക് കൊടുത്ത ചോറിന്റെ ബാക്കിയിലേക്കൊന്നു നോക്കി …വയറു വേദന കൊണ്ട് ഞെളിപിരി കൊള്ളുന്ന എൻ്റെ മക്കളെയും, ദിനേട്ടനെയും ചേട്ടൻ്റെ പെങ്ങളെയും കുടുംബത്തെയുമൊക്കെ മനസ്സിൽ കണ്ടു. ഒരായിരം കുപ്പിച്ചില്ലുകൾ മനസ്സിൽ തറഞ്ഞപോലെ. പെട്ടെന്ന് ആ ചോറ് മുഴുവൻ ഞാൻ വെളിയിൽ കൊണ്ടുചെന്ന് തട്ടി. അതു മുഴുവൻ തട്ടിയതും മുകളിൽ അതാ!… ഒരു ചെറിയ കഷണം മിനുങ്ങും കുപ്പിച്ചില്ല്. എന്റെ ഉള്ളൊന്നു പിടഞ്ഞു. ആ കുപ്പിച്ചില്ലെൻ്റെ മനസ്സിൽ തറഞ്ഞു. ആ വൃദ്ധയുടെയും പാവാടക്കാരിയുടേയും പേടിപ്പെടുത്തുന്ന രൂപം എന്നിൽ പലപ്പോഴും മുറികളുണ്ടാക്കി.എൻ്റെ മനസ്സവരെയോർത്തു കണ്ണീർ വാർത്തു കൊണ്ടേയിരുന്നു.ഇതിനിടെ സ്ലാബിൽ വച്ചിരുന്ന ആ പൊട്ടിയ ഗ്ലാസ്സിന്റെ പകുതി ഞാൻ ഷോക്കേസിൽ ഒരു പ്രത്യേക രീതിയിൽ ആർക്കും മനസ്സിലാകാത്ത വിധം അലങ്കരിച്ചു സൂക്ഷിച്ചു വയ്ക്കാൻ മറന്നിരുന്നില്ല!… ഇതൊക്കെയാണെങ്കിലും എൻ്റെ തലച്ചോർ മിക്കപ്പോഴും എന്നോട് യുദ്ധം ചെയ്തുകൊണ്ടേയിരുന്നു. വിശപ്പുകൊണ്ട് ആ പാവങ്ങൾ മരവിച്ചിരുന്നിരിക്കാം… പക്ഷേ …നീയോ!.. പഠിപ്പിക്കും വിവരവുമുള്ള നീയെന്തിനാ ?… ചില്ലുകൾ വീണ ചോറ് അവർക്കു വിളമ്പി!… അങ്ങനെയങ്ങനെ… ചിന്തകളും പശ്ചാത്താപവുമായി ദിവസങ്ങളും, മാസങ്ങളും വർഷങ്ങളും കടന്നുപോയി. ഒപ്പം ജീവിതവും… ഇതിനിടെ ആരും കാണാതെ ഞാൻ പലപ്പോഴും കുപ്പിച്ചില്ല് വിഴുങ്ങിപ്പോയാലോ… അന്നനാളം മുതൽ താഴോട്ട് മനുഷ്യശരീരത്തിൽ എവിടെയെങ്കിലും കൊണ്ടിരുന്നാലോ മറ്റോ ഉള്ള ഭവിഷ്യത്തുകളെ കുറിച്ച് ഗൂഗിൾ മുഴുവൻ സർച്ച് ചെയ്തു എന്തിനെന്നറിയാതെ പഠിച്ചുകൊണ്ടേയിരുന്നു. പിന്നെ ഞാൻ ഒരു ടിന്നെടുത്ത് ഒരു നാണയം കടക്കത്തക്ക രീതിയിൽ ഒരു ദ്വാരമിട്ട് സ്റ്റോർ റൂമിൽ ആരും കാണാതെ മാറ്റിവച്ചു .എന്നെ സംബന്ധിച്ചിടത്തോളം അതിത്തിരി ശ്രമകരമായ ജോലിയായിരുന്നു .അതിൽ മിച്ചം പിടിക്കുന്ന ചില്ലറകൾ പലപ്പോഴും ഞാൻ ഇട്ടു തുടങ്ങി. അപ്പോൾ എന്തെന്നില്ലാത്ത ഒരു സെക്യൂരിറ്റി എനിക്കനുഭവപ്പെട്ടു. പലയിടങ്ങളിലും യാത്ര പോകുമ്പോഴൊക്കെ ഞാനാ മുഖങ്ങളെ വെറുതെയെങ്കിലും തിരഞ്ഞു . എൻ്റെ മനസ്സിൽ അവരിടം നേടിയതു എത്ര തിരക്കിനിടയിലും ഞാൻ തിരിച്ചറിഞ്ഞിരുന്നു.അങ്ങനെ ആരോടും പങ്കിടാതിരുന്ന എൻ്റേതുമാത്രമായ വേവലാതികളും,വേപ്രാളങ്ങളുമായി പത്തുവർഷം കടന്നുപോയതറിഞ്ഞില്ല. ഇപ്പോൾ എൻ്റെ മാലു മോൾ എൻജിനീയറിങ് ഫൈനലിയറിനും മനേഷ് മോൻ പ്ലസ് ടുവിനും പഠിക്കുന്നു.ഓർമ്മകളിൽ നിന്ന് ജീവിതത്തിലേക്ക് വീണ്ടും ആ കുപ്പിച്ചില്ല് ദിനം കടന്നുവന്നു. ഇന്നു എല്ലാ വർഷത്തെയും പോലെ പെങ്ങൾക്കും കുടുംബത്തിനുമുള്ള വിരുന്ന് ദിവസമാണ്.ആ പഴയ ടൈം ടേബിളിൽ തന്നെ… എപ്പോഴത്തെയും പോലെ ഏട്ടനെ വിട്ടു ഞാൻ കതകടച്ചു കിച്ചണിലേക്ക് നടക്കുമ്പോഴേക്കും അതാ.. ഗേറ്റ് തുറക്കുന്ന ശബ്ദം. എന്തിനെന്നറിയാതെ ആരെന്നറിയാതെ എൻ്റെ ഉള്ളൊന്നു പിടഞ്ഞു .ഞാൻ കതകു തുറന്നു നോക്കുമ്പോൾ ഒരു വൃദ്ധയും അതേ പ്രായത്തിലുള്ള ( വർഷങ്ങൾക്കു മുമ്പ് എൻ്റെ മാലുമോളുടെ അതേ പ്രായത്തിൽ വന്ന ആ കുഞ്ഞുപാവാടക്കാരി)ഒരു പാവാടക്കാരിയും .അവർ ഒരു പേപ്പർ എൻ്റെ നേരെ നീട്ടി. ഇത്തവണ ഞാനത് വായിച്ചു നോക്കി .ഈ കുട്ടിയുടെ അമ്മയ്ക്ക് വയറ്റിൽ ഒരു ഓപ്പറേഷൻ… ഞാൻ മുഴുവൻ വായിക്കാൻ മെനക്കെട്ടില്ല.എൻ്റെ ഹൃദയമപ്പോൾ പടപടാന്ന് മിടിച്ചു കൊണ്ടിരുന്നു… വേഗം ഞാൻ സ്റ്റോർ റൂമിൽ പോയി ആ ടിന്‍ എടുത്തുകൊണ്ടുവന്ന് അവർക്ക് സമ്മാനിച്ചു. അവർ അതിശയത്തോടെ എന്നെ നോക്കി .ഞാൻ ഒട്ടും കൂസലില്ലാതെ പറഞ്ഞു …”ഇതു നിങ്ങൾക്കായി ഒരക്കൂട്ടി വച്ചു ഞാൻ കാത്തിരിക്കയായിരുന്നു” അവർ വിസ്മയത്തോടെ എന്നെ നോക്കി.ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു .ഇറങ്ങുമ്പോൾ ആ ഗേറ്റ് അടയ്ക്കാൻ മറക്കല്ലേ ..അതും പറഞ്ഞു അവർ കണ്ണിൽ നിന്നും മറയുന്നതു വരെ ഞാൻ നോക്കി നിന്നു. അവർ എൻ്റെ ദൃഷ്ടിയിൽ നിന്നും പൂർണ്ണമായും മറഞ്ഞപ്പോൾ ഞാൻ വേഗം തിരികെ നടന്നു… എങ്കിലും! ഇടയ്ക്കൊന്ന് നിന്ന് ഷോക്കേസിൽ നിന്നും ആ ഉടഞ്ഞ ഗ്ലാസ്സിന്റെ പകുതി കൂടി കയ്യിലെടുക്കാൻ മറന്നിരുന്നില്ല.