Tuesday, December 24, 2024
Homeകേരളം" കോന്നി സോമന്‍ " ആനകളുടെ ആശാന്‍ : ഗിന്നസ് റെക്കോർഡിലേക്ക്

” കോന്നി സോമന്‍ ” ആനകളുടെ ആശാന്‍ : ഗിന്നസ് റെക്കോർഡിലേക്ക്

ആനപ്രേമികളുടെ ഇടയില്‍ പേരെടുത്ത പേരാണ് കോന്നി സോമൻ എന്ന ഗജരാജൻ .കോന്നി ആനത്താവളത്തില്‍ നിന്നും സോമനെ കോട്ടൂര്‍ക്ക് കൊണ്ട് പോയി എങ്കിലും ” ആനകളുടെ ആശാനുള്ള’ ലോക ഗജരാജപ്പട്ടത്തിനായി ഗിന്നസ് റെക്കോഡിലേക്ക് സോമന്‍ ചിഹ്നം വിളിച്ചു കയറുകയാണ് .

കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലെ ആനമുത്തച്ഛനാണ് ഇപ്പോൾ കോന്നി സോമൻ. ആരെയും ആകർഷിക്കുന്ന തലയെടുപ്പും ഒത്ത ഉയരവും നീളമുള്ള കൊമ്പുമുള്ള സോമന് 80 വയസ്സ്‌ കഴിഞ്ഞതോടെയാണ് വനം വകുപ്പ് ഗിന്നസ്‌ പട്ടം നേടാനുള്ള അപേക്ഷ തയാറാക്കുന്നത് .

അല്പം കാഴ്ചക്കുറവുണ്ടെങ്കിലും ഇപ്പോഴും പൂർണ ആരോഗ്യവാനാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ താപ്പാനയെന്ന ഗിന്നസ് റെക്കോഡിനായാണ് സോമനും വനം വകുപ്പും ആനപ്രേമികളും കാത്തിരിക്കുന്നത്. ഇത്രയും പ്രായം കൂടിയ താപ്പാന ഇന്ന് ലോകത്ത് ജീവിച്ചിരിപ്പില്ലെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ 82 വയസ്സുള്ള ദാക്ഷായണിയായിരുന്നു ഏറ്റവും പ്രായം കൂടിയ ആനയെങ്കിലും അടുത്തിടെ ചരിഞ്ഞു. ഇതോടെയാണ് സോമന്റെ ഊഴമെത്തിയത്. നടപടികളുമായി മുന്നോട്ടുപോകാൻ വനം വകുപ്പ് കഴിഞ്ഞ ദിവസം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി തേടി. അനുമതി ലഭിച്ചാൽ തുടർ നടപടികൾ വേഗത്തിലാക്കും.

കൊലകൊമ്പനെ പോലും നിഷ്‌പ്രയാസം ചട്ടം പഠിപ്പിച്ച ആനയാണ്‌ കോന്നി സോമൻ. പരിശോധനകൾ അനുകൂലമായാൽ സോമനാകും ആനകളെ പരിശീലിപ്പിക്കുന്ന ആശാനുള്ള ലോക ഗജരാജപ്പട്ടത്തിനുടമ. ഇടഞ്ഞ ആനയെ നിമിഷങ്ങൾക്കുള്ളിൽ അനുസരിപ്പിക്കാൻ അസാമാന്യ വഴക്കവും കരുത്തുമാണ് ഇന്നും കോന്നി സോമന്. 1942ൽ റാന്നി വനം ഡിവിഷനിലെ കൊപ്രമല ഭാഗത്തുനിന്നാണ് ആനയെ വനം വകുപ്പിന് ലഭിച്ചത്. കോന്നി ആനത്താവളത്തിലെത്തിച്ച് പരിശീലിപ്പിച്ച് മികച്ച താപ്പാനയാക്കി.

കോന്നി ആനത്താവളമായിരുന്നു സോമന്റെ പ്രധാന തട്ടകം. 1977ൽ ആനപിടിത്തം നിർത്തുന്നതുവരെ കാട്ടാനകളെ കോന്നിയിലെത്തിച്ച് ചട്ടം പഠിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു സോമൻ. പിന്നീട് വനം വകുപ്പിന്റെ കോന്നി, ആര്യങ്കാവ് കൂപ്പുകളിൽ ജോലി ചെയ്തു വരികയായിരുന്നു.

65- വയസിൽ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് അടിത്തൂണ്‍ എന്ന “പെൻഷൻ’ പറ്റി. തുടർന്ന് വിശ്രമ ജീവിതത്തിനായി സോമനെ വനം വകുപ്പ് കോട്ടൂർ ആനത്താവളത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. അസാധാരണ വളർച്ച എത്തിയപ്പോൾ സോമന്റെ കൊമ്പുകൾ രണ്ട് വട്ടം മുറിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും മൂന്നര മീറ്റർ നീളം കൊമ്പിനുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments