ജനകീയ കലകളെ ഇല്ലാതാക്കാൻ സമൂഹത്തിൽ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന കാലഘട്ടത്തിൽ ഇവയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ എട്ടു ദിവസങ്ങളിലായി നടന്ന വൈദ്യർ മഹോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
‘മാപ്പിളകലകളെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും അവയെ പുതുതലമുറയിൽ എത്തിക്കുന്നതിനും സ്ഥാപനം നടത്തുന്ന പ്രവവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. അക്കാദമിയുടെ മികച്ച പ്രവർത്തനങ്ങൾക്കായി മെയിൻറനൻസ് ഗ്രാന്റ് ഉൾപ്പെടെയുള്ള ഫണ്ടുകൾ ലഭ്യമാക്കാൻ ശ്രമിക്കും’- മന്ത്രി പറഞ്ഞു.
ടി വി ഇബ്രാഹിം എം എൽ എ അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീർ എം പി ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. ജിംസിത്ത് അമ്പലപ്പാട്ട് സംവിധാനം ചെയ്ത ‘പാട്ടും ചുവടും’ ഡോക്യുമെൻററി പ്രകാശനം മുൻ മന്ത്രിയും അക്കാദമി അംഗവുമായ ടി കെ ഹംസ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സുഭദ്രാ ശിവദാസൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എൻ പ്രമോദ് ദാസ്, അക്കാദമി ചെയർമാൻ ഡോക്ടർ ഹുസൈൻ രണ്ടത്താണി, വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരലി , സെക്രട്ടറി ബഷീർ ചുങ്കത്തറ,ജോയിൻ സെക്രട്ടറി ഫൈസൽ എളേറ്റിൽ, കമ്മറ്റി അംഗങ്ങളായ പി അബ്ദുറഹ്മാൻ , ഒ പിമുസ്തഫ, രാഘവൻ മാടമ്പത്ത്, വി നിഷാദ്, റഹീന കൊളത്തറ തുടങ്ങിയവർ പങ്കെടുത്തു.