തൃശൂർ: പൂരം നാൾ നാളെയാണെങ്കിലും ഉത്രം അധിക രാവുള്ള ദിവസത്തിനു തലേന്ന് പൂരം എന്നാണ് തൃശൂർ പൂരത്തിന്റെ കണക്കു വരുന്നത്. അതനുസരിച്ച്, ഇക്കുറി മകം നാളിൽ പൂരമെത്തി. കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടക പൂരങ്ങൾക്ക് തുടക്കം കുറിക്കും. ഇത്തവണ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും.
പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി – ശാസ്താമാരും ഇന്ന് വടക്കും നാഥനെ വണങ്ങുന്നതിനായെത്തും
ഉച്ചയ്ക്ക് പതിനൊന്നരയ്ക്കാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇലഞ്ഞിത്തറമേളവും ആരംഭിക്കും. വൈകുന്നേരം 5:30-ന് പാറമേക്കാവ് തിരുമ്പാടി ദേവസ്വങ്ങളുടെ കുടമാറ്റം നടക്കും. നാളെ പുലർച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട് നടക്കുക.
പൂരനഗരിയിലെത്തുന്നവരുടെ സുരക്ഷയ്ക്കായി തേക്കിൻകാട് മൈതാനത്ത് ഇന്നു രാവിലെ 6 മുതൽ പൊലീസിന്റെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, നൂറോളം സിസിടിവികളും സ്ഥാപിച്ചിട്ടുണ്ട്.