” ഹാങ്ങിങ് വില്ലേജ് ” എന്ന സ്വപ്നം ബാക്കി വച്ച് ഇന്ന് അബഹ എന്ന മഞ്ഞു നഗരത്തിനോട് വിട പറയുന്ന ദിവസമാണ്. പതിനൊന്നു മണിയോടെയാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. മുന്നോട്ട് എത്ര ദൂരം യാത്ര ചെയ്തിട്ടും നഗരം തീരാത്ത അനുഭവം.
അബഹ എന്ന വലിയ നഗരത്തിൽ നിന്ന് പുറത്തു കടക്കാൻ ഏകദേശം ഒന്നര മണിക്കൂർ സമയമെടുത്തു. വൈകിട്ടു നാലു മണിയോടെയാണ് വാദി അൽ ദവാസിറിൽ എത്തിയത്. രാത്രി ഇവിടെ വിശ്രമിച്ച ശേഷം നാളെ കാലത്തേ വീണ്ടും യാത്ര തുടരാനുള്ളതാണ്. റിയാദിലെത്താൻ വീണ്ടും ഏഴു മണിക്കൂർ യാത്രയുള്ളതു കൊണ്ടു തന്നെ വാദി അൽ ദവാസിറിനോട് നേരത്തേ തന്നെ യാത്ര പറഞ്ഞു. വിശാലമായ കൃഷിയിടങ്ങളും മറ്റും പിന്നിട്ടു ഞങ്ങൾ പോയിക്കൊണ്ടേയിരിക്കുന്നു.
റിയാദ്
വൈകിട്ട് ഏകദേശം നാലരയോടടുപ്പിച്ചു റിയാദിൻറെ പ്രാന്തപ്രദേശങ്ങൾ കാണാനായി. കൗതുകം തോന്നിയ ഒരു കാഴ്ച എന്താണെന്നു വച്ചാൽ, റോഡിൽ ഞങ്ങളുടെ വാഹനത്തിന്റെ തൊട്ടടുത്ത ട്രാക്കിൽ ഒരു ചെറിയ ടിപ്പർ
വാഹനത്തിന്റെ പിറകിലിരിക്കുന്നു മൂന്ന് ഒട്ടകങ്ങൾ !!
അവയുടെ മുഖഭാവം കണ്ടാൽ ചിരിച്ചു കൊണ്ടിരിക്കുകയാണെന്നേ തോന്നുകയുള്ളൂ. ഇവയെങ്ങനെ ഇത്ര ചെറിയ സ്ഥലത്തു ഒതുങ്ങിയിരുന്നു? അതിശയം തന്നെ. റിയാദിലേക്കുള്ള യാത്രക്കിടയിൽ ഇതുപോലെ ഒട്ടകങ്ങളെ വഹിച്ചു കൊണ്ടുപോകുന്ന വേറെയും ട്രക്കുകൾ കാണാനായി. ഇടക്കിടെയുണ്ടായിരുന്ന ഗതാഗതക്കുരുക്കുകളും മറ്റുമായി ഒരുവിധത്തിൽ ഞങ്ങൾ ഹോട്ടലിൽ എത്തിച്ചേർന്നു. അവിടെ നിന്നും അല്പസമയത്തെ വിശ്രമത്തിനു ശേഷം ബൊളിവാർഡ് വേൾഡ് കാണാൻ ഇറങ്ങി.
ബൊളിവാർഡ് വേൾഡ്
ബൊളിവാർഡ് സിറ്റിയുടെ അടുത്തു തന്നെയാണ് ബൊളിവാർഡ് വേൾഡ്. ടിക്കറ്റ് ഉണ്ടെങ്കിലേ ഇവിടെ പ്രവേശനമുള്ളൂ. മറ്റൊരു ലോകമാണ് ബൊളിവാർഡ് വേൾഡ്. അമേരിക്ക, ഇറ്റലി, ഫ്രാൻസ് തുടങ്ങി ലോകസഞ്ചാരഭൂപടത്തിലിടം നേടിയ പ്രിയപ്പെട്ട പല രാജ്യങ്ങളുടെയും തീമിലാണ് ഇവിടെയുള്ള ഓരോ ഭാഗങ്ങളും ഒരുക്കിയിരിക്കുന്നത്. ഇന്ത്യക്കും ഉണ്ട് ഇവിടെ ഒരു പവിലിയൻ. അവരവരുടെ രാജ്യത്തിൻറെ പ്രത്യേകതകളാണ് ഓരോരുത്തരും പ്രദർശിപ്പിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ഇന്ത്യൻ പവിലിയൻ നിറയെ ഡ്രസ്സുകളും ഭക്ഷണങ്ങളുമാണ് കാണാനുള്ളതെങ്കിൽ ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ പവിലിയനുകളിൽ അവിടത്തെ പ്രശസ്തമായ തെരുവുകളാണ് പുനഃസൃഷ്ടിച്ചു വച്ചിരിക്കുന്നത്. ഇടയ്ക്കിടെ റെസ്റ്ററന്റുകളും കോഫി ഷോപ്പുകളും ഉണ്ടാകും. സാമാന്യം നല്ല തിരക്ക് അനുഭവപ്പെട്ടു. അങ്ങനെ കാഴ്ചകളൊക്കെ കണ്ടു നടന്നു ഞങ്ങൾ എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ മടയിലാണ്. അതേ, തായ്‌ലൻഡിലെ ഫ്ലോട്ടിങ് മാർക്കറ്റാണ് ഇവിടെ അതേപടി ആവിഷ്കരിച്ചു വച്ചിരിക്കുന്നത്. വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കുന്ന തടി കൊണ്ട് നിർമ്മിച്ച ഒരു വലിയ പ്ലാറ്റുഫോമിൽ അനവധി ഭക്ഷണശാലകളും ഡൈനിങ്ങ് സ്പേസും കൊച്ചു കടകളുമെല്ലാം ചേർന്ന ഒരിടം.
ഫ്ലോട്ടിങ് മാർക്കറ്റിനപ്പുറം കറുത്തു തിളങ്ങുന്ന കടൽ. രാത്രിയുടെ പശ്ചാത്തലത്തിൽ ബൊളിവാർഡ് വേൾഡിലെ ദീപാലങ്കാരങ്ങളുടെ തിളക്കം കടൽ വെള്ളത്തിൽ പ്രതിഫലിക്കുന്നു. മനോഹരമായ കാഴ്ച.
തായ് മംഗോ സാഗോ പുഡ്‌ഡിങ്ങും, പേരോർമ്മയില്ലാത്ത ഒരു ചെമ്മീൻ വിഭവവും, ടെൻഡർ കോക്കോനട്ട് ഐസ്ക്രീമും ആയിരുന്നു ഞങ്ങൾ ഓർഡർ ചെയ്തിരുന്നത്. വിഭവങ്ങളുടെ രുചിയേക്കാളും ആ അന്തരീക്ഷത്തിലിരുന്നു ഭക്ഷണം കഴിച്ചതായിരുന്നു ഞങ്ങളെ കൂടുതൽ സന്തോഷിപ്പിച്ചത്. വീണ്ടും അടുത്ത കാഴ്ചകളിലേക്ക്. ഫ്രാൻസിന്റെയും ഇറ്റലിയുടെയും അമേരിക്കയുടെയും തെരുവുകളിലൂടെയൊക്കെ ഞങ്ങൾ നടന്നു. ഇത്രയും കുറ്റമറ്റ രീതിയിൽ ഇവിടമൊക്കെ ഒരുക്കാൻ എടുത്ത പ്രയത്നത്തിനു ഇമ്മിണി ബല്യ സല്യൂട്ട്. ഞങ്ങൾ ചെറുതായി ക്ഷീണിച്ചു തുടങ്ങിയിരുന്നു. ഈജിപ്തിന്റെ പവിലിയനിൽ അവസാനമായിരുന്നു എത്തിച്ചേർന്നത്. അതി ഗംഭീരം!! ഇവിടെ ആദ്യം കണ്ണിൽ പെട്ടതു ഒരു വലിയ ഗോൾഡൻ പിരമിഡാണ്.
നല്ല ഉയരത്തിലാണതിന്റെ നിർമ്മാണം. അതിന്റെ ചുറ്റിലും ഫറോവയുടെയും ഈജിപ്ഷിയൻ മമ്മിയുടെയും , മമ്മിഫൈ ചെയ്ത പശുവിന്റെ തലയുടെയും ഒക്കെ രൂപങ്ങളും , ഹൈറോഗ്ലൈഫിക്സ് അടങ്ങിയ വലിയ തൂണുകളും മറ്റും
ഗംഭീരമായ പ്രകാശസംവിധാനത്തോടെയാണ് ക്രമീകരിച്ചു വച്ചിരിക്കുന്നത്.
രാജകീയം എന്നല്ലാതെ എന്ത് പറയാൻ? തിരക്കില്ലായിരുന്നുവെങ്കിൽ കുറച്ചു കൂടി നന്നായി പഴയ കാലഘട്ടത്തിലേക്ക് മനസ്സു കൊണ്ട് ഒരു പ്രയാണം നടത്തി വരാമായിരുന്നു. ഈജിപ്ഷിയൻ കരകൗശലങ്ങൾ അടങ്ങിയ സ്റ്റാളുകളും തൊട്ടടുത്തു തന്നെയുണ്ട്. എന്തൊരു വർണ്ണാഭമായ അന്തരീക്ഷം!!
എന്തൊരു ഭംഗി!! അപ്പോഴേക്കും മകന് ഉറക്കം വന്നു തുടങ്ങിയതിനാൽ കാഴ്ചകൾ അവസാനിപ്പിച്ചു ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി.
യാത്രയുടെ അവസാനം
താമസിക്കുന്ന ഹോട്ടലിൽ നിന്നു വിഭവസമൃദ്ധമായ പ്രഭാതഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ റിയാദിലെ പ്രശസ്തമായ പനോരമ മാൾ സന്ദർശിച്ചു. ഏതൊരു മാളും പോലെ തന്നെ എല്ലാ പ്രമുഖ ബ്രാൻഡുകളുടെ ഷോപ്പുകളും അനുബന്ധമായ മറ്റെല്ലാ സൗകര്യങ്ങളും ഒത്തുചേർന്ന ഒരു കൂറ്റൻ കച്ചവട കേന്ദ്രമാണ് പനോരമ മാൾ. ഒരു മണി കഴിഞ്ഞപ്പോഴാണ് അവിടെ നിന്നും ഞങ്ങൾ തിരിച്ചത്. റിയാദിൽ നിന്ന് ബഹ്റൈനിലേക്കുള്ള 5 മണിക്കൂർ യാത്രയിൽ എല്ലാവരും ഒരുപോലെ ക്ഷീണിതരായിരുന്നു. വീട്ടിലെത്തി വിശ്രമിക്കാനുള്ള ഉത്കടമായ ആഗ്രഹവുമായി ഞങ്ങൾ സൗദി ബഹ്‌റൈൻ അതിർത്തി പരിശോധനാ നടപടികൾ ഓരോന്നായി പൂർത്തിയാക്കിക്കൊണ്ടിരുന്നു. അതിന്റെ ഏകദേശം അവസാന കടമ്പയായ ഒരു ഭാഗത്തു മാത്രം വാഹനങ്ങളുടെ വളരെ നീണ്ട വരി കാണാനായി. ചുറ്റുമുള്ള മറ്റെല്ലാ ഭാഗത്തെയും വാഹനങ്ങൾ സാധാരണ ഒഴുക്കിൽ നീങ്ങുന്നുണ്ടെങ്കിലും ഇവിടെ മാത്രമാണ് ഇത്രയധികം വാഹനങ്ങൾ. ഇതെന്താണെന്നറിയാൻ അങ്ങോട്ടേക്കായി ഞങ്ങളുടെ എല്ലാവരുടെയും ശ്രദ്ധ. പാസ്സ് കൊടുക്കാനായി അവിടെ നിന്നു പുറത്തേക്കു നീളുന്ന കൈ കണ്ടപ്പോൾ അകത്തുള്ളത് ഒരു ഉദ്യോഗസ്ഥയാണെന്ന് മനസ്സിലായി. “സുന്ദരിയായ ഒരു സ്ത്രീ ആയിരിക്കും അവിടെയുള്ളത് “ എന്ന എന്റെ ആത്മഗതം കേട്ടു ഏട്ടനും മോളും പുഞ്ചിരിച്ചു. അടുത്തെത്തും തോറും അവരെ കാണാനുള്ള ആകാംക്ഷ വർദ്ധിച്ചു വരുന്നുണ്ട്. ഒടുക്കം ഞങ്ങളുടെ ഊഴമെത്തി. കൗതുകത്തോടെ അകത്തേക്ക് നോക്കിയ ഞങ്ങൾക്കു കാണാൻ സാധിച്ചത് കൊമ്പൻ മീശ വച്ച ഗൗരവക്കാരനായ ഒരു ഉദ്യോഗസ്ഥനെയാണ്. പെട്ടെന്ന് പൊട്ടിവന്ന ചിരി അടക്കിപ്പിടിച്ചു കൊണ്ട് അവിടെയുള്ള നടപടികളും പൂർത്തിയാക്കി ഞങ്ങൾ ബഹ്റൈനിലേക്കു കടന്നു. അങ്ങനെ ഈ വര്‍ഷം നടത്തിയ ആദ്യ സൗദി അറേബ്യൻ പര്യടനം അവസാനിച്ചു.
നോട്ട്: അബഹയിൽ നിന്നു തിരിച്ചുള്ള യാത്രയിലെ ചില ഭാഗങ്ങൾ ആവർത്തന വിരസത ഒഴിവാക്കാനായി എഴുതിച്ചേർത്തിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടുമുള്ള കാഴ്ചകൾ മിക്കതും ഒരേപോലെയായിരുന്നു എന്നതാണ് കാരണം.
ഈ യാത്രാവിവരണം ഇവിടെ അവസാനിക്കുന്നു. നന്ദി🙏