തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം. എന്നാൽ സംസ്ഥാനത്തെ ഉഷ്ണ തരംഗ ഭീഷണി ഒഴിയുകയാണെന്നാണ് കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നത്.
ഇന്ന് ഒരു ജില്ലയിലും നിലവിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
12 ജില്ലകളിലും സാധാരണയേക്കാൾ മൂന്നു മുതൽ അഞ്ചു വരെ താപനില ഉയരും. തൃശ്ശൂർ, പാലക്കാട്, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളിൽ ഒരു തരത്തിലുമുള്ള താപനില മുന്നറിയിപ്പില്ല എന്നത് ആശ്വാസമാണ്.
തൃശൂർ, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ആലപ്പുഴയിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. കൊല്ലം കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.