തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ നിയമനടപടിക്ക് ഒരുങ്ങി കെഎസ്ആർടിസി ഡ്രൈവർ യദു. ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിക്കും. ഇന്നലെ ബസ് കണ്ടക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചോ എന്നറിയില്ലെന്നായിരുന്നു മൊഴി. അതേസമയം കാണാതായ മെമ്മറി കാർഡിനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. പൊലീസിന് പരാതി നൽകിയിട്ടും കേസെടുക്കാത്തതിന് പിന്നാലെയാണ് ഡ്രൈവർ യദു മേയർക്കെതിരെ നിയമനടപടിക്ക് നീങ്ങുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകുന്നത്.
പൊലീസ് കെഎസ്ആർടിസി കണ്ടക്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിൻ സീറ്റിൽ ആയത് കൊണ്ട് താൻ ഒന്നും കണ്ടില്ലെന്നായിരുന്നു മൊഴി, മേയറുടെ വാഹനത്തെ ഓവർടേക്ക് ചെയ്തോ, ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചോ എന്നൊന്നും അറിയില്ലെന്നും കണ്ടക്ടർ മൊഴിയിൽ പറയുന്നു. അതേസമയം മേയർക്കെതിരായ ഡ്രൈവർ യദുവിന്റെ പരാതിയിൽ കന്റോൺമെന്റ് എസിപി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യദുവിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. കെഎസ്ആർടിസി ബസിലെ സിസിടിവി ദൃശ്യങ്ങൾ കാണാതായ സംഭവത്തിൽ പൊലീസിന് ഇതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല. മെമ്മറി കാർഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. തിരുവനന്തപുരം ഡിപ്പോയിലെ ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്യും. കെഎസ്ആർടിസിയുടെ ആഭ്യന്തര അന്വേഷണവും ഇക്കാര്യത്തിൽ തുടരുകയാണ്.