പാലക്കാട് : പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിന്റെ പേരിൽ പി വി അൻവറിനെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകി കോടതി. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന അധിക്ഷേപ പരാമർശത്തിനെതിരെയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്. മണ്ണാർക്കാട് കോടതിയാണ് പി വി അൻവറിനെതിരെ കേസെടുക്കാനായി നാട്ടുകൽ പോലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്
പാലക്കാട് എടത്തനാട്ടുകരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ വച്ചാണ് പി വി അൻവർ വിവാദ പരാമർശം നടത്തിയിരുന്നത്. രാഹുൽ ഗാന്ധി നെഹ്റു കുടുംബത്തിലെ അംഗം തന്നെയാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണം എന്നായിരുന്നു അൻവർ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞിരുന്നത്. പിവി അൻവറിന്റെ പരാമർശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.
ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. നേരത്തെ കോൺഗ്രസ് പി വി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. രാഹുൽഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് പി വി അൻവർ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചിരുന്നത്.
പേരിനോടൊപ്പം ഉള്ള ഗാന്ധി എന്ന് കൂട്ടി വിളിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ ഗാന്ധി മാറി എന്നും തിരഞ്ഞെടുപ്പ് റാലിയിൽ പി വി അൻവർ പരാമർശിച്ചിരുന്നു. നെഹ്റു കുടുംബത്തിന്റെ ജനറ്റിക്സിൽ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാൻ കഴിയും എന്ന് കരുതുന്നില്ല. ആ കാര്യത്തിൽ എനിക്ക് നല്ല സംശയമുണ്ട്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം എന്നുമായിരുന്നു പി വി അൻവർ പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പരാമർശം നടത്തിയത്.